ന്യൂയോർക്ക്: വസ്ത്രശാലയുടെ ഡ്രെസിങ് മുറിയിൽവച്ച് എഴുത്തുകാരിയെ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബലാത്സംഗം ചെയ്തുവെന്ന് ആരോപണത്തിൽ വിചാരണ രണ്ടാം ദിനവും തുടരുന്നു. 1996ൽ ആയിരുന്നു സംഭവം. എഴുത്തുകാരിയായ ഇ. ജീനൻ കാരൽ ആണ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിചാരണവേളയിൽ ട്രംപ് തന്നെ ബലാത്സംഗം ചെയ്തതിന്റെ വിശദാംശങ്ങൾ അവർ എണ്ണിയെണ്ണി പറഞ്ഞു. അതേസമയം, ആരോപണങ്ങൾ തള്ളിക്കളയുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.
‘‘ഡോണൾഡ് ട്രംപ് എന്നെ ബലാത്സംഗം ചെയ്തതാണ് ഞാനിന്നിവിടെ നിൽക്കാൻ കാരണം. ഞാനതിനെക്കുറിച്ച് എഴുതിയപ്പോൾ അയാൾ പറയുന്നു അങ്ങനെ നടന്നിട്ടില്ലെന്ന്. അയാൾ കള്ളം പറഞ്ഞു. എന്റെ യശസ്സിനെ തകർത്തുകളഞ്ഞു. എന്റെ ജീവിതം തിരികെപ്പിടിക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്’’ – മൻഹാറ്റൻ ഫെഡറൽ കോടതിയിൽ എഴുപത്തിയൊൻപതുകാരിയായ കാരൽ പറഞ്ഞു.
ബുക്ക് വിൽക്കാനായി ബലാത്സംഗ കഥ മെനഞ്ഞുണ്ടാക്കിയെന്നതാണ് എഴുപത്തിയാറുകാരനായ ട്രംപ് കഴിഞ്ഞവർഷം ആരോപണം പുറത്തുവന്നതിനുപിന്നാലെ പ്രതികരിച്ചത്. രാഷ്ട്രീയ വേട്ടയാടലാണിതെന്നും ട്രംപ് ആരോപിച്ചു.
ആഡംബര ഡിപ്പാർട്മെന്റ് സ്റ്റോറായ ബെർഗ്ഡോഫ് ഗൂഡ്മാനിൽ ട്രംപുമൊത്ത് ഷോപ്പിങ്ങിന് പോയതായിരുന്നു കാരൽ. ‘‘സുഹൃത്തുക്കളോടു പറയാൻ വലിയൊരു കാര്യമെന്ന നിലയിലാണ് ഷോപ്പിങ്ങിന് പോയത്. സമ്മാനങ്ങൾ വാങ്ങാൻ ട്രംപിന് ഉപദേശങ്ങൾ നൽകി വളരെ സന്തോഷിച്ചുല്ലസിച്ചാണ് പോയത്. ട്രംപ് വളരെ സൗഹാർദ്ദത്തോടെയാണ് ഇടപെട്ടത്. അതുകൊണ്ടുതന്നെ പേടി തോന്നിയിരുന്നില്ല. ട്രംപുമായി ഫ്ലർട്ട് ചെയ്യുകയായിരുന്നുവെന്നും പറയാം. എന്നാൽ അതു ഗൗരവമേറിയ ഒന്നായിരുന്നില്ല.
ഷോപ്പിങ്ങിനിടയിൽ ആറാംനിലയിലെ ഉൾവസ്ത്രത്തിന്റെ വിഭാഗത്തിലെത്തി. ശരീരത്തോടു പറ്റിപ്പിടിച്ചുകിടക്കുന്ന ബോഡിസ്യൂട്ട് കണ്ടപ്പോൾ അതു ധരിച്ചുനോക്കാൻ ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ അതു ട്രംപ് തന്നെ ധരിക്കൂ എന്ന് തമാശയായി ഞാൻ പറഞ്ഞു. അതു ധരിക്കാൻ എനിക്ക് തീരെ താൽപര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഡ്രസിങ് മുറിയിലേക്കു പോയ എനിക്ക് എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നതെന്ന് ചിന്തിക്കാൻകൂടി കഴിഞ്ഞില്ല. ആ തുറന്ന വാതിൽ വർഷങ്ങളോളം എന്നെ ഓർമപ്പെടുത്തും, കാരണം ഞാനതിലേക്കു നടന്നുകയറുകയായിരുന്നു. ഡ്രസിങ് മുറിയിലേക്ക് ട്രംപിനൊപ്പം ഞാൻ കടന്നുചെന്നു.
പെട്ടെന്ന് വാതിൽ അടച്ച് ഭിത്തിയോടു ചേർത്തുനിർത്തി ട്രംപ് എന്നെ ബലാത്സംഗം ചെയ്തു. എതിർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുറച്ചു നിമിഷങ്ങൾ സ്തംഭിച്ചുനിന്നു. പിന്നീട് ധൈര്യം വീണ്ടെടുത്ത് മുട്ടുകൊണ്ട് അയാളെ തള്ളി മാറ്റി. കുറച്ചു മിനിറ്റുകൾ മാത്രമേ ആക്രമണം ഉണ്ടായുള്ളൂ. പക്ഷേ, പേടിച്ചുപോയി, എത്രയും പെട്ടെന്ന് മുറിയിൽനിന്ന് പുറത്തിറങ്ങുന്നതു മാത്രമേ ആലോചിച്ചിരുന്നുള്ളൂ. ആശുപത്രിയിൽ പോയി പരിശോധിക്കാൻ പോലും കഴിയാത്ത തരത്തിൽ ഞെട്ടിത്തരിച്ചുപോയി. സംഭവം പുറത്തുപറഞ്ഞാൽ ട്രംപ് പ്രതികാരനടപടിയെടുക്കുമെന്ന് പേടിച്ചു. എനിക്ക് എന്നോടുതന്നെ നാണക്കേടുതോന്നി. എന്റെ കുഴപ്പമാണെന്നു കരുതി’’ – കാരൽ കൂട്ടിച്ചേർത്തു.