ന്യൂഡൽഹി : ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെ വസതിയിലും വിമാന കമ്പനിയുടെ പഴയ ഓഫിസിലും സിബിഐ റെയ്ഡ്. 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഗോയലിനും ഭാര്യ അനിതാ ഗോയലിനും വിമാന കമ്പനിയിലെ ചില മുൻ ഉദ്യോഗസ്ഥർക്കെതിരെയും സിബിഐ കേസെടുത്തു.
ഒരേ സമയം ഡൽഹിയിലെയും മുംബൈയിലെയും ഏഴ് സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയാണെന്നു സിബിഐ അറിയിച്ചു. ജെറ്റ് എയർവേയ്‌സ്, ഗോയൽ, കമ്പനിയിലെ ചില മുൻ ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധമുള്ള ഇടങ്ങളിലാണ് പരിശോധന. കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും കാരണം 2019 ഏപ്രിലിൽ ജെറ്റ് എയർവേയ്‌സ് പ്രവർത്തനം നിർത്തിയിരുന്നു.
2021 ജൂണിൽ ജലാൻ-കൽറോക്കിന്റെ കൺസോർഷ്യമാണ് എയർലൈൻ ഏറ്റെടുത്തത്. റെയ്ഡിന് പുതിയ ഉടമകളുമായോ എയർവേയ്‌സിന്‍റെ നിലവിലുള്ള പുനരുജ്ജീവന പ്രക്രിയയുമായോ ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ.