തിരുവനന്തപുരം: ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റെ വീഴ്ചയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വന്ദന കൊല്ലപ്പെട്ടത് പൊലീസിന്റെ കുറ്റകരമായ അനാസ്ഥകൊണ്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു. വാതിലടച്ച് രക്ഷപെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിലായിരുന്നു പൊലീസെന്നും വി.ഡി സതീശൻ പരിഹസിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിപക്ഷ നോതാവിന്റെ പരാമർശം.
മുഖ്യമന്ത്രി വിഷയത്തിൽ മൗനം തുടരുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ജീവനിക്കാർക്ക് ഒരു സംരക്ഷണവും കിട്ടിയില്ല. കേരളത്തിലെ പോലീസ് സേനയ്ക്ക് തന്നെ ഇത് നാണക്കേടാണ്. മാധ്യമങ്ങളും ദൃകസാക്ഷികളും ഉള്ളത് കൊണ്ട് സത്യംപുറത്ത് വന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട കെ.ബി ഗണേഷ് കുമാർ എം.എൽ.എ നിയമസഭയിൽ പറഞ്ഞ അഭിപ്രായതോട് യോജിപ്പുണ്ടായിരുന്നില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി. രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഡോക്ടർമാരെ തല്ലുന്നത് നല്ല കാര്യമല്ലെങ്കിലും ചിലർക്ക് കൊള്ളേണ്ടതാണെന്നായിരുന്നു കെ ബി ഗണേഷ് കുമാർ ഒരിക്കൽ നിയമസഭയിൽ പറഞ്ഞത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദനദാസ് (22) ആണ് പൊലീസ് മെഡിക്കൽ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതി കുത്തി കൊലപ്പെടുത്തിയത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയായിരുന്നു. അടിപിടിക്കേസിൽ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്കാണ് ആശുപത്രിയിൽ എത്തിച്ചത്. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പ്രതി നെടുമ്പനയിലെ യു.പി സ്‌കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) അറസ്റ്റ് ചെയ്തു. പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേർക്കും കുത്തേറ്റു.