കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജി ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാർത്ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ്. ലിജിന്‍ ലാലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ജില്ലയിൽ ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു.
ഇടത് വലതുമുന്നണികൾക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് ലിജിൻ ലാൽ പ്രതികരിച്ചു. രാഷ്ട്രീയപരമായിരിക്കും പ്രചാരണം. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ബിജെപി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
മിത്ത് വിവാദം പുതുപ്പള്ളിയിലെ ജനങ്ങൾ ചർച്ച ചെയ്യും. ജെയ്ക്ക് കഴിഞ്ഞദിവസം പുതുപ്പള്ളിയിലെ പുണ്യാളന്റെ കാര്യം സംസാരിച്ചിരുന്നു. പുണ്യാളൻ മിത്തോണോ എന്ന് പറയാൻ എം വി ഗോവിന്ദനും ഷംസീറും തയ്യാറാകണമെന്നും ലിജിൻ ലാൽ പറഞ്ഞു.
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് യുഡിഎഫായിരുന്നു. ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് എൽഡിഎഫ് ജെയ്ക് സി തോമസിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പിനുള്ള മത്സരാർത്ഥികളുടെ പൂര്‍ണചിത്രം തെളിഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്റ്റംബർ 5നാണ് ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബർ 8നാണ് വോട്ടെണ്ണൽ.