ഏകദേശം 40 വര്‍ഷം മുമ്പാണ് നാസയുടെ സ്‌കൈലാബ് എന്ന സാറ്റലൈറ്റ് ഭൂമിയില്‍ പതിച്ചത്. അതുപോലെ ജനുവരി 8, 2023ന്, അമേരിക്കന്‍ സമയം വൈകീട്ട് 6:40 ന് ‘ഏര്‍ത് റേഡിയേഷന്‍ ബജറ്റ് സാറ്റലൈറ്റ്’ (ഇആര്‍ബിഎസ്) ഭൂമിയില്‍ പതിച്ചേക്കാമെന്നും, അപകടം സംഭവിച്ചേക്കാമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. (സമയത്തില്‍ 17 മണിക്കൂര്‍ അങ്ങോട്ടോ, ഇങ്ങോട്ടോ മാറ്റംവന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.) അപകട സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും, അത് താരതമ്യേന കുറവായിരിക്കും എന്നാണ് നാസയുടെ വിലയിരുത്തല്‍-ഏകദേശം 9400ല്‍ ഒന്ന് സാധ്യതയെ ഇതിനുള്ളു.
നാസ 1984 ഒക്ടോബര്‍ 5നാണ് ഇആര്‍ബിഎസ് സാറ്റലൈറ്റ് അയച്ചത്. ഇതിന് 5400 പൗണ്ടാണ് ഭാരം. താഴേക്കു പോരുംതോറും ഇതിന്റെ ഭാഗങ്ങള്‍ കത്തി നശിച്ചുകൊളളും എന്നും നാസ പറയുന്നു. പക്ഷെ, ഇതിലെ ചെറുതും വലുതുമായ കരുത്തുറ്റ ഭാഗങ്ങള്‍ കത്തി നശിക്കില്ല. അവ ജനവാസമേഖലകളില്‍ പതിക്കുകയും അപകടം സംഭവിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ട് വര്‍ഷം അധികം സേവനം നല്‍കിയ ശേഷമാണ്, ഈ സാറ്റലൈറ്റ് 2005ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
നാസ ധാരാളം നിരീക്ഷണ ഉപകരണങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. റോക്കറ്റുകള്‍, സാറ്റലൈറ്റുകള്‍, ടെലസ്‌കോപ്പുകള്‍, സ്‌പെയ്‌സ്‌ക്രാഫ്റ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ഇവ പെടുക. ഛിന്നഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, ഗ്രഹങ്ങള്‍, സൂര്യന്‍, ക്ഷീരപഥം, തമോഗര്‍ത്തങ്ങള്‍ അങ്ങനെ പലതിനേയും നിരീക്ഷിക്കാനാണിവയൊക്കെ അയച്ചത്. പക്ഷെ, ഇത്തരം ഉപകരണങ്ങളില്‍ ചിലത് തിരിച്ച് ഭൂമിയില്‍ പതിക്കാറുണ്ട്. ഇആര്‍ബിഎസ് 21 വര്‍ഷത്തേ സേവനത്തിനു ശേഷമാണ് ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചു പ്രവേശിക്കുക. പ്രവര്‍ത്തന സജ്ജമായിരുന്ന സമയത്ത് അത് സൂര്യന്‍ പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം എങ്ങനെയാണ് ഭൂമി ആഗിരണം ചെയ്തിരുന്നത് എന്നതടക്കമുള്ള വിവരങ്ങളാണ് നല്‍കിവന്നത്.