തിരുവനന്തപുരം: തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺ മേള നാളെയും കൂടി. പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ.ഡി.പി. ആർ.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി അപേക്ഷിക്കാൻ അർഹതയുണ്ട്.
രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ മടങ്ങി വന്ന പ്രവാസികൾക്ക് മേളയിൽ പങ്കെടുക്കാം. പദ്ധതിവിശദാംശങ്ങളും മറ്റ് അനുബന്ധരേഖകളും ഹാജരാക്കണം.
കൊല്ലം ജില്ലയിൽ റയിൽവേ സ്റ്റേഷനു സമീപത്തുളള സ്റ്റേറ്റ് ബാങ്ക് ഭവനിലും, പത്തനംതിട്ടയിൽ കുമ്പഴ റാന്നി റോഡിലെ എസ്.എം.ഇ ബ്രാഞ്ച് റീജിയണൽ ബിസ്സിനസ്സ് ഓഫീസിലും, ആലപ്പുഴയിൽ ബീച്ച് റോഡിലെ റീജിയണൽ ബിസ്സിനസ്സ് ഓഫീസ് ബ്രാഞ്ചിലും കോട്ടയത്ത് തിരുനക്കര മൈതാനത്തിനു സമീപമുളള ടൗൺ ശാഖയിലും, എറണാകുളത്ത് പാലാരിവട്ടം ബൈപ്പാസ് ജംങ്ഷനിലെ വങ്കാരത്ത് ടവേഴ്‌സിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന എസ്.എം.ഇ സെന്ററിലുമായാണ് വായ്പാമേള നടക്കുന്നത്.
കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.