പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് ആണ് ആത്മഹത്യ ചെയ്തത്. 19 വയസായിരുന്നു. ഫീസ് അടച്ചിട്ടും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. ചെന്നൈ എസ്ആര്‍എം കോളജിലെ ഒന്നാം വര്‍ഷ റെസ്പിറേറ്ററി തെറാപ്പി വിദ്യാര്‍ത്ഥിയായിരുന്നു ആനിഖ്. നാളെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ.
ഹാജര്‍ ഇല്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് കോളജ് അധികൃതര്‍ ആനിഖിനോട് പറഞ്ഞതായി ചില വിദ്യാര്‍ത്ഥികള്‍ അറിയിക്കുന്നുണ്ട്. പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ സെമസ്റ്റര്‍ നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് വിദ്യാര്‍ത്ഥി വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നും സൂചനയുണ്ട്. ഡിസംബര്‍ പകുതിയോടെയാണ് ആനിഖ് കോളജില്‍ നിന്ന് കോഴിക്കോട്ടെ വീട്ടില്‍ അവധിക്കെത്തിയത്. ആസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് ആനിഖിന് പലപ്പോഴും ക്ലാസില്‍ കയറാന്‍ കഴിയാതിരുന്നതെന്നും നാട്ടുകാരും മറ്റ് വിദ്യാര്‍ത്ഥികളും പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വൈകീട്ട് മൂന്ന് മണിയോടെയാണ് നടക്കാവ് വീടിനുള്ളില്‍ ആനിഖിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാളെ പരീക്ഷ തുടങ്ങാനിരിക്കുന്നതിനാല്‍ ആനിഖ് ഇന്ന് ചെന്നൈയിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യം വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ കൂട്ടുകാരെല്ലാവരും ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെ താന്‍ പോകുന്നില്ലെന്ന് ആനിഖ് എല്ലാവരേയും അറിയിക്കുകയായിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056