ന്യൂഡൽഹി: ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് ജയിപ്പിക്കാൻ അട്ടിമറിനീക്കം നടത്തിയ ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടി വരുമെന്ന് സുപ്രീംകോടതി. വരണാധികാരി കൃത്രിമം കാണിച്ചുവെന്ന് ആരോപിക്കപ്പെട്ട ബാലറ്റ് പേപ്പറുകളും അതിന്റെ വിഡിയോ ദൃശ്യങ്ങളും ഹാജരാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ക്രമക്കേട് നടന്ന മേയർ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.എ.പി സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. രാഷ്ട്രീയ ബന്ധമില്ലാത്ത പുതിയ റിട്ടേണിംഗ് ഓഫിസറെ നിയമിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണർക്ക് കോടതി നിർദേശം നൽകി.
ജനുവരി 30ന് നടന്ന ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിലാണ് വിവാദരംഗങ്ങൾ അരങ്ങേറിയത്. റിട്ടേണിങ് ഓഫിസർ അനിൽ മസീഹ് ബാലറ്റ് പേപ്പറുകളിൽ കുത്തിവരക്കുന്നത് കാമറയിൽ പതിയുകയായിരുന്നു. തുടർന്ന് എ.എ.പി സുപ്രീംകോടതിയെ സമീപിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച കോടതി, ‘വരണാധികാരി ജനാധിപത്യത്തെ കൊലപ്പെടുത്തുകയും പരിഹസിക്കുകയും’ ചെയ്തതായി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് കേസ് ഇന്നത്തേക്ക് വാദം കേൾക്കാൻ മാറ്റിവെച്ചതായിരുന്നു.
അസാധുവായ ബാലറ്റ് പേപ്പറുകൾ ഇടകലരുന്നത് തടയാനാണ് താൻ അവയിൽ അടയാളമിട്ടതെന്ന് അനിൽ മസീഹ് കോടതിയിൽ ന്യായീകരിച്ചു. എന്നാൽ, ഇതിനെ ശക്തമായി അപലപിച്ച ബെഞ്ച് ജനാധിപത്യത്തിൽ ഇത്തരം നടപടികൾ അനുവദനീയമല്ലെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും വ്യക്തമാക്കി. ഇങ്ങനെ അടയാളപ്പെടുത്താൻ ആരാണ് താങ്കൾക്ക് അനുവാദം തന്നതെന്നും കോടതി ചോദിച്ചു.
ബാലറ്റിൽ കൃത്രിമം കാണിക്കുന്നതിനിടെ സി.സി.ടി.വി കാമറയിുലക്ക് തുറിച്ചുനോക്കിയതിനെക്കുറിച്ചും കോടതി അനിലിനോട് ചോദിച്ചു. നിരവധി കാമറകൾ അവിടെയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.