തൃശൂർ: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്‍റെ പരാജയമാണെന്ന് ബി.ജെ.പി ദേശീയ വക്താവും കേരള പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കര്‍ എം.പി. വലിയ അഴിമതിയാണ് കരാറിന് പിന്നിലുള്ളത്.
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു. മോദി സര്‍ക്കാർ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 25 നഗരങ്ങളില്‍ ഒന്നാണ് കൊച്ചി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങള്‍ കൊച്ചി നിവാസികള്‍ക്ക് ഉറപ്പാക്കാന്‍ എല്ലാ സഹായവും കഴിഞ്ഞ ആറുവര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ കോർപറേഷന് നൽകിവരുന്നുണ്ട്. 2016 മുതല്‍ പദ്ധതിക്കായി അനുവദിച്ച കോടികൾ എന്തു ചെയ്തുവെന്ന് കോർപറേഷന്‍ വ്യക്തമാക്കണം. സംഭവത്തില്‍ കേന്ദ്ര മലീനികരണ നിയന്ത്രണ ബോര്‍ഡ് ഇടപെടും. ബ്രഹ്മപുരത്തെ പത്തുകിലോ മീറ്റര്‍ ചുറ്റളവിലെ ഭൂഗര്‍ഭ ജലം അതിമലിനമാണ്.
166 കോടിയുടെ പശ്ചിമ കൊച്ചി മലിനജല സംസ്‌കരണ പ്ലാന്റടക്കമുള്ള കേന്ദ്ര പദ്ധതികള്‍ ഉപയോഗപ്പെടുത്തി മാലിന്യനിയന്ത്രണത്തിന് എന്തെല്ലാം ചെയ്തെന്നറിയാന്‍ താല്‍പര്യമുണ്ട്. കരാര്‍ നല്‍കിയ വിവിധ പദ്ധതികളുടെ പുരോഗതി ജനങ്ങളോട് വിശദീകരിക്കാന്‍ മേയര്‍ തയാറാവണം. ‘ക്യാപ്റ്റനെന്ന്’ വിശേഷിപ്പിച്ച പിണറായി വിജയന്റെ കെടുകാര്യസ്ഥത കേരള വികസനത്തെ പിന്നോട്ടടിക്കുന്നതിന്‍റെ നേര്‍സാക്ഷ്യമാണ് കൊച്ചിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വക്താവ് നാരായണന്‍ നമ്പൂതിരി, ജില്ല പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാര്‍, ജനറൽ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.