പരീക്ഷ എഴുതാതെ മാര്‍ക്ക് ലിസ്റ്റില്‍ ജയിച്ചെന്ന പ്രസിദ്ധീകരിച്ച എറണാകുളം മഹരാജാസ് കോളേജിന്‍റെ വിവാദ നടപടിയില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പരീക്ഷ എഴുതിയാൽ പാസ്സാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയതെന്നും പരീക്ഷ എഴുതി പാസ്സാകാനാണേൽ SFl യിൽ ചേരണ്ട കാര്യമില്ലല്ലോ എന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
SFI സംസ്ഥാന സെക്രട്ടറി ആർഷോയെ പരീക്ഷ എഴുതാതെ തന്നെ മഹാരാജാസ് കോളജിൽ പാസ്സാക്കിയെന്ന് വാർത്ത… ശ്ശെടാ ഇതൊക്കെ ഒരു വാർത്തയാണോ? പരീക്ഷ എഴുതിയാൽ പാസ്സാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്? അതിൽ അപ്പോൾ എന്താ ക്രമക്കേട്? മാത്രമല്ല പരീക്ഷ എഴുതി പാസ്സാകാനാണേൽ SFl യിൽ ചേരണ്ട കാര്യമില്ലല്ലോ… എന്തായാലും K – പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ
എറണാകുളം മഹാരാജാസ് കോളേജ് പ്രസിദ്ധീകരിച്ച ആർക്കിയോളജി കോഴ്സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയിൽ പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൂടിയായ പി.എം ആര്‍ഷോ വിജയിച്ചു എന്നാണ് ആദ്യം പ്രസിദ്ധീകരിച്ച മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ പരീക്ഷ എഴുതാത്ത പി.എം ആര്‍ഷോ തോറ്റു എന്ന രേഖപ്പെടുത്തി കോളേജ് മാര്‍ക്ക് ലിസ്റ്റ് പുനപ്രസിദ്ധീകരിച്ചു.
സാങ്കേതിക തകരാറാണ് കാരണമെന്നായിരുന്നു കോളജ് പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ, സംഭവം വിവാദമായതോടെ മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ നിന്ന് നീക്കി, ആർഷോ തോറ്റു എന്ന് തിരുത്തിയ മാർക്ക് ലിസ്റ്റ് മഹാരാജാസ് കോളേജ് അപ് ലോഡ് ചെയ്യുകയായിരുന്നു.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തള്ളി പി.എം ആര്‍ഷോ തന്നെ രംഗത്തെത്തി.താന്‍ പാസായെന്ന തരത്തിലുള്ള മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നത് സാങ്കേതിക പിഴവോ, അല്ലെങ്കില്‍ വിവാദം ഉണ്ടാക്കാന്‍ വേണ്ടി ആരെങ്കിലും കരുതിക്കൂട്ടി ചെയ്ത പ്രവൃത്തിയോ ആകാമെന്ന് ആര്‍ഷോ പറഞ്ഞു.
‘എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷ പോലും താന്‍ എഴുതിയിട്ടില്ല. പരീക്ഷ നടക്കുന്ന സമയത്ത് എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ പോലും പറ്റില്ലായിരുന്നു. കേസുമായി ബന്ധപ്പെട്ട് നാലുമാസം ജില്ലയില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥയുണ്ടായിരുന്നു എഴുതാത്ത പരീക്ഷ പാസാക്കിത്തരണമെന്ന് പറഞ്ഞ് ആരേയും വിളിക്കാൻമാത്രം ബോധവും ബുദ്ധിയും ഇല്ലാത്ത ആളല്ല താനെന്നും’ ആര്‍ഷോ പറഞ്ഞു.
പരീക്ഷ എങ്ങനെ ജയിച്ചുവെന്ന് അറിയില്ല. എഴുതാത്ത പരീക്ഷ പാസാകാന്‍ സാധ്യതയില്ലാത്തതിനാല്‍ മാര്‍ക്ക് ലിസ്റ്റ് നോക്കിയിട്ടില്ല. ഇത്രയും സ്‌നേഹത്തോടെ തന്നെ പാസാക്കിയത് എക്‌സാം കണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ള ആളുകളായിരിക്കും. അവര്‍ക്ക് ഇത്ര സ്‌നേഹം തന്നോടുണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു. അവരാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.