അടൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 17 മണിക്കൂര്‍ പിന്നിട്ടു. തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെട്ട വിലാപയാത്ര ജനത്തിരക്ക് കാരണം ഏറെ വൈകിയാണ് മുന്നോട്ട് പോകുന്നത്.
നിലവില്‍ വിലാപയാത്ര അടൂര്‍ പിന്നിട്ടു. ഇനി പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല വഴി വിലാപയാത്ര കോട്ടയം തിരുനക്കരയിലെത്തും. പതിനാറ് മണിക്കൂറില്‍ വിലാപയാത്ര പിന്നിട്ടത് 89 കിലോമീറ്റര്‍ മാത്രമാണ്. അടൂരില്‍ വിലാപയാത്രക്ക് കടന്നു പോകാന്‍ കഴിയാത്ത വിധം ജനക്കൂട്ടമുണ്ടായിരുന്നു.
രാത്രി ഒമ്പത് മണിയോടെയാണ് വിലാപയാത്ര പത്തനംതിട്ട ജില്ലയില്‍ പ്രവേശിച്ചത്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് എം സി റോഡിലേക്ക് എത്തിയത്. എല്ലായിടത്തും വിലാപയാത്രയെ കാത്തുനിന്നത് വന്‍ ജനാവലിയാണ്. വികാരനിര്‍ഭര രംഗങ്ങള്‍ക്കാണ് വിലാപയാത്രയിലുടനീളം കേരളം സാക്ഷ്യം വഹിക്കുന്നത്.
കോട്ടയം ഡിസിസി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷം തിരുനക്കര മൈതാനത്തും പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിലും പുതുതായി പണികഴിപ്പിക്കുന്ന വീട്ടിലും പൊതുദര്‍ശനം ഉണ്ടാകുമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ തിരുനക്കര എത്താന്‍ തന്നെ പുലർച്ചെയാകുമെന്നാണ് കരുതുന്നത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച വൈകുന്നേരം 3.30നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹം അതായിരുന്നു എന്നും കുടുംബം പറഞ്ഞിരുന്നു.