ചെന്നൈ : ചെസ് ലോകപ്പിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പ്രജ്ഞാനന്ദയ്‌ക്ക് ചെന്നൈ എയർപോർട്ടിൽ ഗംഭീര സ്വീകരണം. രാജ്യത്തെ ജനങ്ങളുടെ ഹൃദയം കീഴടക്കി, പൊരുതി നേടിയ സിൽവർ മെഡലുമായി ഇന്ത്യയിലേക്ക് തിച്ചെത്തിയ താരത്തെ കാത്ത് വൻ ജനാവലിയായിരുന്നു ഉണ്ടായിരുന്നത്. 2023-ലെ ചെസ് വേൾഡ് കപ്പിൽ റണ്ണറപ്പായി വിജയം നേടിയ പ്രജ്ഞാനന്ദ അടുത്ത കാൻഡിഡേറ്റ് ടൂർണമെന്റിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ചെസിലെ ഗ്രാന്റ്മാസ്റ്ററിനെ സ്വാഗതം ചെയ്ത് ചെന്നൈ എയർപോർട്ടിൽ തടിച്ചു കൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തശേഷം പ്രജ്ഞാനന്ദ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘ ഇവിടെ എത്തിരിക്കുന്ന ജനങ്ങളെ കാണുമ്പോൾ വളരെ സന്തോഷമുണ്ടെന്നും, ഇത് ചെസിന് ഗുണം ചെയ്യുമെന്നും’ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം പ്രജ്ഞാനന്ദയക്ക് പിന്നിൽ നട്ടെല്ലായി പ്രവർത്തിച്ച് മാതാപിതാക്കൾക്ക് ഇലക്ട്രിക് എക്‌സ്യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരുന്നു. ‘വീഡിയോ ഗെയിമുകളുടെ ജനപ്രീതി വർദ്ധിച്ച ഇക്കാലത്ത് ചെസ് പോലെയുള്ള ബൗദ്ധിക ഗെയിമുകൾ ശീലമാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഒരു ഇലക്ട്രിക് വാഹനം എങ്ങനെ ഭാവിയിലേക്കുള്ള നിക്ഷേപമാകുന്നുവോ അതുപോലെയാണിത്. അതിനാൽ പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് എക്സ്യുവി400 EV സമ്മാനമായി നൽകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നുമായിരുന്നു അദ്ദേഹം എക്‌സിൽ കുറിച്ചത്.
ആനന്ദ് മഹീന്ദ്രയുടെ സ്‌നേഹ സമ്മാനത്തിന് പ്രജ്ഞാനന്ദ നന്ദി അറിയിച്ചിരുന്നു. തന്റെ മാതാപിതാക്കളുടെ ദീർഘ നാളത്തെ ആഗ്രഹമാണ് സഫലമായതെന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. നിരവധി ആളുകളാണ് പ്രജ്ഞാനന്ദയ്‌ക്ക് ആശംസകളുമായി രംഗത്തെത്തിയത്.