തമിഴ്നാട്ടിലെ ശിവകാശിയിൽ രണ്ട് പടക്ക നിർമാണശാലകളിലുണ്ടായ സ്‌ഫോടനത്തിൽ 11 പേർ മരിച്ചു. വിരുദുനഗർ ജില്ലയിലാണ് ആദ്യ സ്‌ഫോടനം നടന്നത്. ഇതേ ജില്ലയിലെ കമ്മപ്പട്ടി ഗ്രാമത്തിലുള്ള മറ്റൊരു യൂണിറ്റിലാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായതെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യ സ്‌ഫോടനത്തിൽ ഒരാളും രണ്ടാമത്തെ സ്‌ഫോടനത്തിൽ പത്ത് പേരുമാണ് മരിച്ചത്. പൊലീസും ഫയർ ആൻഡ് റെസ്‌ക്യൂ സേനാംഗങ്ങളും പൊതുജനങ്ങളും സംയുക്തമായി തീ അണയ്ക്കാനും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനും ശ്രമിക്കുന്നതിന്റെ ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 11 പേരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.