ടെൽഅവീവ്: ഹമാസ് ഭീകരാക്രമണത്തെ ന്യായീകരിച്ച് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് രംഗത്ത് വന്നതിന് പിന്നാലെ കടുത്ത നടപടിയുമായി ഇസ്രായേൽ. യുഎൻ ഉദ്യോഗസ്ഥർക്ക് വിസ നൽകുന്നത് ഇസ്രായേൽ നിർത്തിവെച്ചു. യുഎന്നിലെ ഇസ്രായേൽ പ്രതിനിധി ഗിലാദ് എർദാനാണ് വിവരം അറിയിച്ചത്.
ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായതല്ലെന്നും ജൂത കയ്യറ്റത്തിന്റെ പശ്ചാത്തലം അതിനുണ്ടെന്നുമായിരുന്നു ഗുട്ടറസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. 59 വർഷമായി അവർ പലതും സഹിക്കുന്നുണ്ടെന്നും ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ പറഞ്ഞു. ഇതാണ് ഇസ്രായേലിനെ പ്രകോപിപ്പിച്ചത്.
ഗുട്ടറസിന്റെ പരാമർശത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ രംഗത്തുവന്നിരുന്നു. താങ്ങൾ എത് ലോകത്താണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്‌ട്ര സഭ രക്ഷാ സമിതിയിൽ കോഹൻ ഗുട്ടറസിനോട് ചോദിച്ചു. പിന്നാലെ ഗുട്ടറസുമായുള്ള കൂടിക്കാഴ്ചയും എലി കോഹൻ റദ്ദാക്കിയിരുന്നു.
ഗുട്ടറസ് രാജിവെക്കണമെന്ന് ഐക്യരാഷ്‌ട്ര സഭയിലെ ഇസ്രായേൽ പ്രതിനിധി ഗിലാദ് എർദാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഐക്യരാഷ്‌ട്രസഭ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്നും ഗുട്ടറസിന്റെ കാഴ്‌ച്ചപ്പാടുകൾ ഭയാനകരമാണെന്നും ഗിലാദ് എർദാൻ പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു പുനർ വിചിന്തനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.