റിയാദ്: അസാധാരണ അറബ്-ഇസ്ലാമിക ഉച്ചകോടിയിൽ സംസാരിച്ച വിവിധ രാഷ്ട്ര നേതാക്കളെല്ലാം ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ക്രൂരതകൾക്കെതിരെ രൂക്ഷമായാണ് സംസാരിച്ചത്. ഇസ്രായേൽ നടത്തുന്നത് യുദ്ധക്കുറ്റങ്ങളാണെന്നതിൽ നേതാക്കളെല്ലാം ഏകാഭിപ്രായക്കാരായി. മനുഷ്യർക്ക് സഹിക്കാനാവാത്ത കാഴ്ചകളാണ് ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന നരനായാട്ടെന്ന് ഖത്തർ അമീർ തുറന്നടിച്ചു.
ഗസ്സയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെല്ലാം ഇസ്രായേലിനെ അന്താരാഷ്ട്ര കോടതിയിൽ പ്രോസിക്യൂട്ട് ചെയ്യാവുന്ന യുദ്ധക്കുറ്റങ്ങളാണെന്ന് ഇറാനിയൻ പ്രസിഡൻറും രൂക്ഷമായി പ്രതികരിച്ചു. ഇസ്രായേലിന്‍റെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ ഗൗരവമായ നിലപാട് കൈക്കൊള്ളണമെന്ന് ഈജിപ്ഷ്യൻ പ്രസിഡൻറ് നിലപാടെടുത്തു. വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ക്രൂരതകളെന്ന് തുർക്കിയ പ്രസിഡൻറ് രോഷത്തോടെ അഭിപ്രായപ്പെട്ടു.