സ്പേസ് എക്സിന്റെ ശക്തമായ റോക്കറ്റായ സ്റ്റാർ ഷിപ്പിന്റെ പരീക്ഷണം അവസാന നിമിഷം മാറ്റിവെച്ചു. വാൽവിലെ മർദ്ദത്തിലുണ്ടായ പ്രശ്നമാണ് വിക്ഷേപണം മാറ്റിവെക്കാൻ നിർബന്ധിച്ചത്. ടെക്‌സാസിലെ ബൊക്ക ചിക്കയിലുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസ് ഫെസിലിറ്റിയിൽ നിന്ന് റോക്കറ്റിനെ ബഹിരാകാശത്തക്ക് എത്തിക്കാനിരുന്നു പദ്ധതി. എന്നാൽ കൌണ്ട്ഡൌൺ പൂജ്യത്തിലേക്ക് ഏതാണ് 40 സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇന്നത്തെ വിക്ഷേപണം മാറ്റിവെച്ചത്.
പ്രെഷറൻറ് വാൽവിൽ ഉണ്ടായ പ്രശ്നമാണ് വിക്ഷേപണം മാറ്റിവെക്കാൻ കാരണമെന്ന് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് വ്യക്തമാക്കി. വാൽവ് പിന്നീട് പ്രവർത്തിക്കാൻ തുടങ്ങാതിരുന്നതിനാൽ ഇന്നത്തെ വിക്ഷേപണം മാറ്റിവെച്ചു. അടുത്ത 48 മണിക്കൂറിനു ശേഷം വിക്ഷേപണത്തിനുള്ള നടപടികൾ പുനരാംഭിക്കും. യാത്രികരില്ലാതെ റോക്കറ്റ് പരീക്ഷണം നടത്താനായിരുന്നു സ്പേസ് എക്സ് തീരുമാനിച്ചിരുന്നത്.
പുനരുപയോഗ ശേഷിയുള്ള സ്പേസ് എക്സിന്റെ തന്നെ ഫാൽക്കൺ 9 എന്ന വിമാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ തന്നെയാണ് സ്റ്റാർ ഷിപ്പ് സൂപ്പർ ഹെവി റോക്കറ്റിന്റെയും. ചന്ദ്രനിലേക്കും ഭാവിയിൽ ചൊവ്വയിലേക്കും മനുഷ്യരെ എത്തിച്ച് ഗ്രഹാന്തര യാത്രകൾ നടത്തുന്ന വംശമാക്കി മാറ്റുക എന്നതാണ് സ്റ്റാർ ഷിപ്പിന്റെ ലക്ഷ്യം.