സമൂഹമാധ്യമങ്ങളില്‍ ബിബിസി ഡോക്യുമെന്ററി വിലക്കിയതിന് എതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി സുപ്രിംകോടതി. ബിബിസി ഡോക്യുമെന്ററി വിലക്കിയതിന്റെ യഥാര്‍ത്ഥ രേഖകള്‍ സുപ്രിംകോടതി വിളിച്ചുവരുത്തി.
ജസ്റ്റിസ് സഞ്ജീവ് ഖന്നയും എം എം സുന്ദരേശും അടങ്ങിയ ബെഞ്ച് പ്രതികരണം അറിയിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന് മൂന്ന് ആഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍ റാം, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ എം പി മൊഹുവ മൊയ്ത്ര എന്നിവര്‍ നല്‍കിയ ആദ്യ ഹര്‍ജിയിലും പിന്നീട് അഭിഭാഷകനായ എം എല്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലുമാണ് സുപ്രിംകോടതി ഇടപെടല്‍. കേന്ദ്രത്തിന്റെ സത്യവാങ്മൂലം കൂടി ലഭിച്ച ശേഷം ഏപ്രില്‍ മാസത്തിലാകും രണ്ട് ഹര്‍ജികളും പരിഗണിക്കുക.
ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ച ഇന്ത്യ: ദി മോഡി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളില്‍ നിന്ന് വിലക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഡോക്യുമെന്ററി കേന്ദ്രം നേരിട്ടോ പരോക്ഷമായോ വിലക്കിയ എല്ലാ ഉത്തരവുകളും റദ്ദാക്കാന്‍ സുപ്രിംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഡോക്യുമെന്ററി കാണാനും വിമര്‍ശിക്കാനും പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.