Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLiterature'ജലസമാധി' ബിജുകുമാർ പന്തളത്തിൻ്റെ കഥ

‘ജലസമാധി’ ബിജുകുമാർ പന്തളത്തിൻ്റെ കഥ


എം.ജി.ബിജുകുമാർ പന്തളം

“അറിഞ്ഞോ വൈഗയുടെ മരണം സ്വാഭാവിക മരണമല്ലെന്ന്, കൊലപാതകമാണെന്ന് സ്ഥിരീകരിച്ചെന്ന് ടി.വി യിൽ ന്യൂസ് കണ്ടു”
റേഷൻ ഷോപ്പിലേക്ക് വന്ന റീത്താമ്മ അവിടെ നിന്ന എല്ലാവരോടുമായി പറഞ്ഞു.
അത് കേട്ടപ്പോൾ അവിടെനിന്ന മറ്റുള്ളവർക്കെല്ലാം അത്ഭുതം. എല്ലാവരിലും ചർച്ചയായ പത്രവാർത്തയായിരുന്നു വൈഗയുടെ മരണം. “എന്നിട്ട് ആരാ ഘാതകൻ..?” ഒരാൾ ആകാംക്ഷയോടെ തിരക്കി.
“വേറെ ആരും, അല്ല അവളുടെ സ്വന്തം അച്ഛൻ തന്നെ ” റീത്താമ്മ വളരെ ഗൗരവത്തിൽ ആണത് പറഞ്ഞത്.
“അയ്യോ ! അച്ഛനോ? ” കടയുടമ അത്ഭുതത്തോടെ അവിശ്വസനീയതയോടെ ചോദിച്ചു പോയി.
“ആരെയും വിശ്വസിക്കാൻ പറ്റില്ലെന്നേ, അയാൾക്ക് മറ്റാരുമായെങ്കിലും വേറെ ഇടപാട് കാണും.അത് മകൾ കണ്ടുകാണും, അതാവും കൊലപാതകത്തിന് കാരണവും” കുറ്റം കണ്ടെത്തിയ പോലീസുകാരിയുടെ ഗമയിൽ റീത്താമ്മ പറഞ്ഞു.

പത്രവാർത്തയിലൂടെ മാത്രമറിയാവുന്ന യാതൊരു പരിചയവുമില്ലാത്തവരെക്കുറിച്ച് അകലെയൊരു ഗ്രാമത്തിൽ ഇങ്ങനെ വിശകലനങ്ങൾ നടക്കവേ വൈഗയുടെ നാട്ടിലെ ചില സംസാരങ്ങൾ മറ്റൊരു രീതിയിൽ ആയിരുന്നു.
” അയാൾ പൊതുവേ സൗമ്യനും ശാന്തനും ഒക്കെ ആയിരുന്നല്ലോ, അയാൾക്കിതെന്തുപറ്റി, മകളെ കൊല്ലുവാൻ മാത്രം” മീനാക്ഷിയമ്മ പാൽക്കാരനോട് സംശയം പ്രകടിപ്പിച്ചു.
“എന്തായാലും വലിയ പാതകമായിപ്പോയി പഠിക്കാൻ മിടുക്കിയായിരുന്നു. എന്റെ മകളോടൊപ്പം ആയിരുന്നു പ്ലസ്ടു വരെ പഠിച്ചിരുന്നത്.” പാൽക്കാരൻ്റെ സാക്ഷ്യപ്പെടുത്തൽ.

രണ്ടാഴ്ച മുമ്പാണ് വൈഗ ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയിൽ മുങ്ങി മരിച്ചെന്ന വാർത്ത വന്നത്.പതിവായി എല്ലാ ശനിയാഴ്ചകളിലും ലൈബ്രറിയിൽ പോയിട്ട് ചെറിയ വഴിയിലൂടെ ആണ് വൈഗ വീട്ടിലേക്ക് വരുന്നത്. ഒരു ശനിയാഴ്ച ദിവസം വൈകിട്ട് ലൈബ്രറിയിലേക്ക് പോയ വൈഗ മടങ്ങി വന്നില്ല. ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയതാവാമെന്നും, അതല്ല കാൽവഴുതി നദിയിൽ വീണതാകാമെന്നും ഒക്കെയായിരുന്നു ഭൂരിഭാഗം ആൾക്കാരുടെയും നിഗമനം. ഫയർഫോഴ്സ് നദിയിൽ ആകെ തിരഞ്ഞെങ്കിലും വൈഗയെ കണ്ടെത്താനായില്ല. അടുത്തദിവസം വൈകിട്ട് നദിയിൽ കുറെ താഴെ അവളുടെ മൃതദേഹം പൊന്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കുമ്പോൾ അമ്മ സരയുദേവി അലറിക്കരഞ്ഞു. അത് അഭിനയമാണെന്ന് അറിയാവുന്ന അച്ഛൻ കുഞ്ഞുമോൻ അക്ഷോഭ്യനായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വൈഗയുടെ ഉള്ളിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നു എന്നത് പോലീസിന് സംശയം ജനിപ്പിച്ചു. സ്വാഭാവിക മുങ്ങിമരണം അല്ലെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരണം നടന്ന് നാലഞ്ചു ദിവസങ്ങൾക്ക് ശേഷം കുഞ്ഞുമോനെ കാണാതായി. ഒന്നു രണ്ടു ദിവസങ്ങൾക്കു ശേഷം അകലെ ഒരു റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൻ്റെ മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോൾ ഗാർഡുകൾ കാണുകയും അയാളെ രക്ഷപ്പെടുത്തുകയും ചെയ്തു. അപ്പോൾ കുഞ്ഞുമോൻ മദ്യലഹരിയിലായിരുന്നു.
കണ്ണുനീർത്തുള്ളികളും മഴത്തുള്ളികളും ഒത്തുചേർന്നലിഞ്ഞ് ചിതറുമ്പോഴും
” മകളെ അയച്ചിടത്തേക്ക് എനിക്കും പോകണം, എന്നെ തടയരുത് ” എന്ന് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ട് അവർ പോലീസിനെ വിളിക്കുകയും അയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

അടുത്ത ദിവസം കുഞ്ഞുമോനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് മകളെ താനാണ് കൊന്നത് എന്നയാൾ സമ്മതിച്ചത്. എത്ര ചോദിച്ചിട്ടും അൽപ്പമൊന്ന് പെരുമാറിയിട്ടും കൊലപാതകത്തിന് കാരണം മാത്രം അയാൾ പറഞ്ഞിരുന്നില്ല. മദ്യ ലഹരിയിൽ ചെയ്തു പോയതാണെന്ന് പറഞ്ഞ
പ്രതിയെ റിമാൻഡ് ചെയ്തു

കറുപ്പും ചുവപ്പും രേഖപ്പെടുത്തിയ കലണ്ടറിലെ അക്കങ്ങൾ മാത്രമാണിനിയെന്നു
സെല്ലിലെ ഏകാന്തതയിൽ കുഞ്ഞുമോൻ ചിന്തിക്കുമ്പോഴും മനസ്സിലൂടെ ചില മുൻകാല സംഭവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു. കുഞ്ഞുമോനും സരയൂദേവിയും വിവാഹിതരായിട്ട് ഇരുപതോളം വർഷമായിരുന്നു. പന്ത്രണ്ടിലേറെ വയസ് പ്രായക്കൂടുതലുള്ള കുഞ്ഞുമോനെ വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങിയായിരുന്നു സരയു വിവാഹം കഴിച്ചത്. കാര്യമായ പഠിപ്പൊന്നുമില്ലെങ്കിലും ജോലിയും നല്ല സ്വഭാവവുമാണെന്നതായിരുന്നു വീട്ടുകാരുടെ സമ്മർദ്ദത്തിന് കാരണമായത്. തന്നെയുമല്ല നല്ല രീതിയിൽ വിവാഹം ചെയ്തയയ്ക്കാനുള്ള പാങ്ങ് വീട്ടുകാർക്കില്ലായിരുന്നു എന്നതായിരുന്നു വസ്തുത. കുഞ്ഞുമോനോടുള്ള ഇഷ്ടക്കേട് അവളുടെ ഉള്ളിൽ പുകയുന്നുണ്ടായിരുന്നു. മകൾക്ക് കുഞ്ഞുമോൻ്റെ മുഖഛായ ഉണ്ടെന്നത് അവളോടും സരയുവിന് മാനസിക അകൽച്ചയുണ്ടാവാൻ കാരണമായി. അതൊരിക്കൽ സരയൂ കുഞ്ഞുമോനോട് നേരിട്ട് പറയുകയും ചെയ്തിരുന്നു.

കുടുംബവീട്ടിൽ കഴിഞ്ഞിരുന്ന കുഞ്ഞുമോൻ ലെയ്‌ത്തിലെ ജോലിക്കിടയിൽ ഇടതുകയ്യിലെ നാലു വിരൽ നഷ്ടപ്പെട്ടതോടെ തൊഴിൽ ചെയ്യാനാവാതെ വിഷമിക്കുമ്പോഴാണ് സരയുവിന് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൽ ജോലി ലഭിക്കുന്നത്. അവളുടെ നാട്ടിൽ തന്നെ നിയമനം ലഭിച്ചതിനാൽ കുടുംബ വീട്ടിൽ നിന്നും ഏഴു വയസായ മകളുമൊത്ത് സരയൂവിൻ്റെ വീട്ടിൽ മൂവരും താമസമാക്കി. ഇളയ മകളും കുടുംബവും ബാംഗ്ളൂരിലായാതതിനാൽ ഒറ്റയ്ക്കായിരുന്ന അമ്മയ്ക്ക് അതൊരു ആശ്വാസവുമായിരുന്നു. വീട്ടിൽ താമസമാക്കി മറ്റു മറ്റു ജോലികൾ ചെയ്യുക ബുദ്ധിമുട്ടായതിനാൽ ഒരു ഡ്രൈ ക്ലീൻ സെന്റർ നടത്തിപ്പോന്ന കുഞ്ഞുമോനോട് ഗവൺമെന്റ് ജോലി ലഭിച്ച സരയു ക്രമേണ പലകാര്യങ്ങളിലും അവഗണന കാണിക്കാൻ തുടങ്ങി. മകൾ നല്ല നിലയിലെത്തണമെന്ന് ലക്ഷ്യമുണ്ടായിരുന്ന കുഞ്ഞുമോൻ അതൊന്നും ഗൗനിച്ചില്ല. അങ്ങനെ അങ്ങനെ എട്ടുവർഷം കടന്നുപോയി. അപ്പോഴാണ് ഏറെ നാളത്തെ നിർബന്ധത്തിനു വഴങ്ങി സരയൂവിൻ്റെ അമ്മ ബാംഗ്ളൂരിലെ ഇളയ മകളുടെ അടുത്തേക്ക് താമസമാക്കിയത്. അതിനുശേഷമാണ് സരയൂവിന് നാട്ടിൽ നിന്നു അല്പം അകലേക്ക് സ്ഥലം മാറ്റമായത്.
അതവളെ പഴയ ഒരു ബന്ധം വീണ്ടും പൂവിടുന്നതിലേക്ക് കൊണ്ടെത്തിച്ചു. ഓഫീസിലേക്കുള്ള യാത്ര അവളുടെ പഴയ ചങ്ങാതിയായ അരുൺ ജോസഫിൻ്റെ വാഹനത്തിലായി.വാഹനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന അരുണിന് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ നിന്നും നല്ല വരുമാനവും ലഭിച്ചിരുന്നു. മിക്കപ്പോഴും സരയു ജോലിക്കു പോകുന്നതും വരുന്നതും അരുൺ ജോസഫിൻ്റെ വാഹനത്തിലായി എന്നതിനു പുറമേ
അയാൾ അവളുടെ വീട്ടിലെ നിത്യസന്ദർശകനായിത്തീർന്നു.

ആദ്യവിവാഹം ഡിവോഴ്സ് ആയ അരുൺ മറ്റൊരു പെൺകുട്ടിയുമായി ജീവിക്കുകയും കുറച്ചു വർഷങ്ങൾക്കു ശേഷം അവളെയും ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

പി.എസ്.സി. കോച്ചിങ്ങിന് പോയ കാലത്ത് അരുൺ ജോസഫുമായി സരയൂവിനുണ്ടായ പഴയ ബന്ധം പുതുക്കിയത് അരുതാത്ത ബന്ധത്തിലേക്ക് കടക്കുന്നത് ഉൾക്കൊള്ളാൻ കുഞ്ഞുമോന് കഴിഞ്ഞില്ല. ജോലിസ്ഥലത്തേക്കും അവിടെ നിന്നും മറ്റു പലയിടങ്ങളിലേക്കുമുള്ള അവർ തമ്മിലുള്ള യാത്രകളും എല്ലായിടത്തുമുള്ള അടുത്തിടപഴകലിലും കുഞ്ഞുമോൻ തന്റെ എതിർപ്പ് പ്രകടിപ്പിച്ചു. അതവൾ ഗൗനിച്ചില്ല.
കുഞ്ഞുമോൻ്റെ ഒച്ചയുയർന്നപ്പോൾ
“എനിക്കെന്റെ ജീവിതമാണ് പ്രധാനം, മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ച് വ്യാകുലപ്പെടാൻ ഞാൻ ഒരുക്കമല്ല, പിന്നീടതോർത്ത് വ്യസനിക്കുകയുമില്ല. ഒഴിഞ്ഞു പോകണമെങ്കിൽ പോകാം” എന്ന് ഒരു കൂസലുമില്ലാതെ പറയുകയും ചെയ്തപ്പോൾ അയാൾ ആകെ തകർന്നു.

മകളെ ഉപേക്ഷിച്ച്‌ പോകാൻ മടിച്ച അയാൾ എല്ലാം മറക്കാൻ ലഹരിയെ കൂട്ടുപിടിച്ചു. അവിടെ നിന്നും ഒഴിവാകണം എന്ന ചിന്ത മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് കഷ്ടിച്ച് 18 വയസ്സ് തികയാത്ത തന്റെ മകളോട് അരുൺ അടുത്തിടപഴകി തുടങ്ങിയത് കുഞ്ഞുമോൻ്റെ ശ്രദ്ധയിൽ പെട്ടത്. അതിരുവിട്ട രീതിയിലൊക്കെ പെരുമാറി തുടങ്ങിയപ്പോൾ കുഞ്ഞുമോൻ പൊട്ടിത്തെറിച്ചു. പക്ഷേ സരയൂവിന് യാതൊരു കൂസലുമില്ലായിരുന്നു. ” അടുത്ത വർഷമാകട്ട്,പതിനെട്ട് തികയുമ്പോഴേക്കും അരുൺ അവളെ വിവാഹം കഴിച്ചോളും, ” എന്ന് നിസ്സാരമായി പറഞ്ഞപ്പോൾ കുഞ്ഞുമോൻ ആകെ തളർന്നു.

അമ്മയോടൊപ്പം ശാരീരികബന്ധത്തിൽ വരെ ഏർപ്പെടുന്നവനെ വിവാഹം കഴിക്കേണ്ടി വരുന്ന മകളെക്കുറിച്ച് ഓർത്തപ്പോൾ കുഞ്ഞുമോൻ്റെ ഹൃദയം നുറുങ്ങി. പല സ്ത്രീകളുമായി ബന്ധമുള്ളവനും, മകളേക്കാൾ ഇരട്ടിയിലധികം പ്രായവുമുള്ളവനുമായ അരുണിന് മകളെ കൊടുക്കുന്നത് കാണാൻ നിൽക്കുന്നതിനേക്കാൾ ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്ന് അയാൾ ചിന്തിച്ചു.

കണ്ടമാനം കാര്യങ്ങൾ ചിന്തിച്ച് അയാളുടെ മനസ്സ് നീർച്ചുഴിയിലകപ്പെട്ടതു പോലെയായിത്തീർന്നിരുന്നു .
ഓർക്കാപ്പുറത്തെത്തിയ കർമേഘക്കൂട്ടങ്ങൾക്കിടയിൽപ്പെട്ട പക്ഷിയെപ്പോലെ ലക്ഷ്യമില്ലാതെ അലഞ്ഞ അയാളുടെ മനസ്സ് അബ്നോർമലായി തുടങ്ങിയിരുന്നു.

മകളെ അവരുടെ ഇടയിലേക്ക് വിട്ടുകൊടുത്ത് മരിക്കുന്നതിലും നല്ലത് അരുണിനെയും സരയുവിനെയും കൊന്ന് ജയിലിൽ പോകുന്നതാണ് നല്ലതെന്ന് അയാളുടെ ചിന്തകൾക്ക് വ്യതിയാനം വന്നു. പക്ഷേ അപ്പാേൾ മകൾ അനാഥമാകുമെന്ന ചിന്തയിൽനിന്നാണ് മകളെ കൊന്നതിനു ശേഷം അരുണിനെയും സരയൂവിനെയും കൊന്ന് ആത്മഹത്യ ചെയ്യാമെന്ന നിഗമനത്തിലെത്തിയത്.
എല്ലാം അറിഞ്ഞ് മകൾ ഭ്രാന്തിയാകുന്നതിന് മുമ്പ് കുഞ്ഞച്ചൻ സ്വയം ഭ്രാന്തനായി മാറുന്നതിലേക്കെത്തി അയാളുടെ ചിന്തകൾ.

ലൈബ്രറിയിൽ നിന്ന് മടങ്ങവേ, ഇരുവശവും തളിർ മരങ്ങളുടെ ചാഞ്ചാട്ടത്തിനു താഴെ ചരൽക്കല്ലുകൾ നിരന്ന കൊച്ചു പാതയിലൂടെ
മെല്ലെ നടന്നു വരുന്ന മകളെ കഴുത്തുഞെരിച്ചു കൊല്ലാനാണ് കുഞ്ഞുമോൻ ശ്രമിച്ചത്.എന്നാൽ ശ്വാസം മുട്ടി കുതറി മാറിയ വൈഗ വെള്ളത്തിനായി കേണു. അപ്പോളയാൾ തന്റെ കയ്യിലുണ്ടായിരുന്ന മദ്യം അവളുടെ വായിലേക്ക് ഒഴിച്ചു. അല്പം കുടിച്ച അവൾ ബാക്കി തുപ്പിക്കളഞ്ഞു. തൻ്റെ മനസ്സ് മാറുന്നതറിഞ്ഞ കുഞ്ഞുമോൻ വീണ്ടും അവളെ കടന്നുപിടിച്ച് ശ്വാസം മുട്ടിച്ച് നദിയിലെ ആഴങ്ങളിലേക്ക് തള്ളിയിടുകയായിരുന്നു.
അപ്പോൾ വഴിയരികിലെ മരങ്ങളിൽ നിന്ന് പക്ഷികൾ ഭയന്ന് പറന്നു പോയിക്കഴിഞ്ഞിരുന്നു.
അരുണിനെയും സരയുവിനെയും നേരിട്ട് ഏറ്റുമുട്ടി കൊല്ലാനുഉള്ള കരുത്ത് തന്റെ ശരീരത്തിന് ഇല്ലെന്ന് തിരിച്ചറിവിൽ, ആഹാരത്തിൽ വിഷം ചേർത്ത് നൽകാൻ പദ്ധതിയിട്ടെങ്കിലും വൈഗയുടെ മരണശേഷം അരുൺ ആ വീട്ടിൽ വരാതെയായി.

കോലാഹലങ്ങൾ ഒക്കെ ഒതുങ്ങും വരെ അകലം പാലിക്കാൻ അവൾ നിർദ്ദേശിച്ചതാകാമെന്ന് കുഞ്ഞുമോൻ കണക്കുകൂട്ടി. ദിവസങ്ങൾ പോകുന്തോറും അയാൾ കുടിക്കുന്ന മദ്യത്തിൻ്റെ അളവ് കൂടുന്നതല്ലാതെ മനസ്സ് പിടിവിട്ടു പൊക്കോണ്ടേയിരുന്നു.
അരുണിനെയും സരയുവിനെയും ഒരുമിച്ച് കിട്ടാതെ ദിവസങ്ങൾ പോ യുപ്പാൾ മകളെ ഭൂമിയിൽനിന്ന് യാത്രയാക്കിയിട്ട് തനിക്ക് ജീവിക്കേണ്ട എന്ന ചിന്തയിലെത്തിച്ചേർന്നപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പക്ഷേ ആ പോലീസുകാർ എല്ലാം തകർത്തു.

ഓർമ്മകൾക്ക് കാവലിരിക്കാൻ പോലുമാെന്നുമില്ലാതെ ഇരുമ്പഴികക്കുള്ളിലെങ്ങനെ ജീവിച്ചു തീർക്കുമെന്നോർത്തപ്പോൾ അയാൾ ഇരുമ്പഴിയിൽ നിന്ന് കയ്യയഞ്ഞ് താഴേക്ക് ഊർന്നിരുന്നു. താൻ പിടിയിലായ സ്ഥിതിയ്ക്ക് കൊലപാതകത്തിന്റെ കാരണമെന്തെന്ന് സരയൂവിനും അരുണിനും മനസ്സിലായിട്ടുണ്ടാകും എന്ന് കുഞ്ഞുമോന് വ്യക്തമായിരുന്നു. അവരിതാരോടും പറയില്ലെന്ന് കുഞ്ഞുമോന് വ്യക്തമായിരുന്നു. പോലീസ് എത്ര ചോദിച്ചിട്ടും മദ്യലഹരിയിൽ സംഭവിച്ചതാണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ.
നഷ്ടബോധത്തിൻ്റെ കാർമേഘം നിറയുന്നുണ്ടായിരുന്നുവെങ്കിലും ലക്ഷ്യങ്ങളുടെ മഴ പെയ്യാത്ത തീരങ്ങളിൽ എല്ലാം നഷ്ടപ്പെട്ടവനായി ഏകനായി നിൽക്കുമ്പോൾ കുഞ്ഞുമോന് തൻ്റെ മനസ്സ് മരുഭൂമിയാകുന്നതും പാേലെ തോന്നി.

കാർമേഘങ്ങൾ ആകാശത്തിലെന്ന പോലെ ചിന്തകൾ വേഗത്തിൽ സഞ്ചരിക്കുമ്പാേഴും മകൾ ഇല്ലാത്തതിനാൽ തനിക്കിനിയൊരു മഴക്കാലമില്ലെന്നയാൾ തിരിച്ചറിയുമ്പോഴും, ആത്മനൊമ്പരങ്ങളിൽ അടർന്നു വീഴുന്ന മിഴിനീരിൽ ദു:ഖത്തിൻ്റെ പെരുമഴക്കാലം ചെയ്തു തുടങ്ങുന്നുണ്ടായിരുന്നു.

ആശാഭംഗങ്ങൾ കർമേഘങ്ങളായി മനസ്സിൽ നിറയവേ കലത്തിന് നോക്കിച്ചിരിക്കാനുളള ദുരന്തകഥാപാത്രമായി താൻ മാറുകയാണോ എന്ന് അയാൾ സംശയിച്ചു.

കാലത്തിന് നോക്കിച്ചിരിക്കാനുള്ള ദുരന്തകഥാപാത്രമായി താൻ മാറുകയാണോയെന്ന് അയാൾ സംശയിച്ചു
പ്രഭാതത്തെ വരവേൽക്കാൻ കോഴി കൂവിത്തുടങ്ങുമ്പോഴും നിദ്രയെത്താത്ത കുഞ്ഞുമോൻ, തനിക്ക്
ജാമ്യമെടുത്തു ഇറങ്ങാൻ കഴിഞ്ഞാൽ എന്താണ് ചെയ്യാൻ കഴിയുക എന്നതിനെപ്പറ്റി ചിന്തിച്ച് ഉറക്കമില്ലാതെ ഇരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com