Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLiteratureകവിത എഴുതുന്ന ബിഷപ്പ്: മാര്‍ അപ്രേം എന്ന ഋഷി കവി

കവിത എഴുതുന്ന ബിഷപ്പ്: മാര്‍ അപ്രേം എന്ന ഋഷി കവി

മനോജ് ചന്ദനപ്പള്ളി

പൗരോഹിത്യത്തിന്റെ തികഞ്ഞ വിശുദ്ധിയില്‍ നിന്നാണ് മാര്‍ അപ്രേം എന്ന സന്യസ്ഥന്റെ കവിതകള്‍ പിറക്കുന്നത്. ഒന്നും പ്രതീക്ഷിക്കാത്ത ഒരാള്‍ക്ക് മികച്ച രചനകള്‍ നടത്താനാവും എന്നതിന്റെ തെളിവാണ് ‘ഉറവുകളും പ്രവാഹങ്ങളും’ എന്ന അദ്ദേഹത്തിന്റെ പ്രഥമ കവിതാ സമാഹാരം. ഋഷി അല്ലാത്തവന്‍ കവിയല്ല. ഈ ഋഷി കവിയായിരിക്കാനുള്ള യോഗ്യത തപസ്സാണ്.

സര്‍ഗാത്മകമായ സിദ്ധിയുണ്ട് മാര്‍ അപ്രേംമിന് എന്ന തിരിച്ചറിവ് നല്‍കുന്നതാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും. പ്രതിഭയെ ജീവനോടെ നിലനിര്‍ത്തുക എന്നത് വെല്ലുവിളിയായി ഏറ്റെടുത്താണ് മാര്‍ അപ്രേം തിരുമേനി നമുക്കു മുന്നില്‍ നില്‍ക്കുന്നത്. ഒരു പക്ഷെ സാധാരണ വിശ്വാസിക്ക് ഇതൊന്നും ദഹിക്കാന്‍ കഴിയണമെന്നില്ല. വ്യക്തിജീവിതത്തിന്റെ വ്യത്യസ്ത തലങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഭാരതീയ ദര്‍ശനത്തിന്റെ അന്തരാത്മാവ് കണ്ടെത്തിയ വ്യക്തിയാണ് അദ്ദേഹം. അദ്വൈത വേദാന്തത്തില്‍ ഗവേഷണ ബിരുദം നേടിയ മാര്‍ അപ്രേമില്‍ നിന്ന് കവിതയിലേക്കുള്ള ദൂരം അതുകൊണ്ടുതന്നെ ഹൃസ്വമായി നമുക്ക് തോന്നുന്നതും. അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കുമ്പോള്‍, അത് അനുഭവിക്കുമ്പോള്‍ കാവ്യലോകത്തേക്കുള്ള ആ അരങ്ങേറ്റം തന്നെ തിരിച്ചറിഞ്ഞ് കൊണ്ടാണ്, താമരയില്‍ യോഗാ പൂര്‍ണ്ണനായി നില്‍ക്കുന്ന ക്രിസ്തു സങ്കല്പത്തെ തന്റെ ആശ്രമത്തില്‍ സൃഷ്ടിച്ചു എടുക്കുമ്പോള്‍ മാര്‍ അപ്രേം വിശ്വാസികളുടെ വിമര്‍ശനത്തെ തത്വചിന്താപരമായ ഒരു ലഹളക്ക് സ്വയം സന്നദ്ധനായി നില്‍ക്കുന്നുവെന്ന് തോന്നിപ്പോകും. അതേ അനുഭവം തന്നെയാണ് ആ കവിതകളില്‍. സമൂഹത്തിലെ ചില സങ്കല്പങ്ങളെ ധിക്കരിക്കുന്നതാണ് ഒരു എഴുത്തുകാരന്റെ കൈമുതല്‍. അഥവാ ആസ്തി എന്നോക്കെ തോന്നിപ്പോകും ഉറവുകളും പ്രവാഹങ്ങളുംഎന്ന പുസ്തകത്തിലെ വരികള്‍ നാം വായിച്ച് എടുക്കുമ്പോള്‍.

ഒരു നവ മാനവിക ദര്‍ശനം പങ്കുവയ്ക്കുന്ന പുസ്തകത്തിലെ കവിതകളില്‍ കോവിഡും കൊറോണയും പൗരത്വവും വിഷയങ്ങളാകുന്നുണ്ട്. പ്രളയവും കോവിഡും ഒക്കെ വരുമ്പോള്‍ മാത്രം നല്ലവരാവുകയും ഒന്നാവുകയും ചെയ്യുന്ന മനുഷ്യരേക്കുറിച്ച് പ്രതിബാധിക്കുന്ന പുസ്തകം സമകാലിക അനുഭവങ്ങളുമായി ഏറെ ബന്ധപ്പെട്ട് കാണുന്നു. പ്രണയത്തിന്റെ ഏക മതത്തെ കുറിച്ച് പലപ്പോഴും കവി സംസാരിക്കുന്നുണ്ട്. ഒരു പുരോഹിതന്റെ വലിയ ദൗത്യം മനുഷ്യരുടെ മുറിവുകള്‍ ഉണക്കുക എന്നതാണ്. മതത്തിന്റെ ചിട്ടവട്ടങ്ങളില്‍ നിന്ന് മാറി ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്ന കവി മനുഷ്യരെക്കുറിച്ച് പ്രതിപാദിക്കുന്ന കവിതകളിലൂടെ എല്ലാ മതങ്ങള്‍ക്കും മീതെ പ്രണയത്തെ പ്രതിഷ്ഠിക്കുന്നതായി നമുക്ക് കാണാം. പ്രണയത്തിന്റെ ഒരു ഏക മതത്തെക്കുറിച്ച് സംസാരിക്കുന്ന കവി തന്നിലേക്ക് തന്നെ തിരിഞ്ഞ് മറ്റുള്ളവരിലേക്ക് കൈ ചൂണ്ടുന്നതിനപ്പുറം സ്വയം തിരിച്ചറിവിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. സൂഫി പാടിയത്, വിഷപ്പാമ്പ്, ഭാരം, പുനര്‍ജനി, കോവിഡും കൊറോണയും പിന്നെ പൗരത്വവും, മുദ്രാവാക്യം, ഒരു പുത്തന്‍ വേദം, ഉറവുകളും പ്രവാഹങ്ങളും അവരോഹണം, ഗുരുധര്‍മ്മം, ഓം പൂര്‍ണ്ണമദം പൂര്‍ണ്ണമിദം, അടിമ, ഇരുട്ട്, നടപ്പാത, വിടരുവാന്‍ മടിച്ച പുഷ്പം, സ്വാതന്ത്ര്യം, പ്രണയം, ഭിക്ഷു, താളം, അരങ്ങൊഴിഞ്ഞ ബോധം എന്നിങ്ങനെ 20 കവിതകള്‍ എഴുതി ചേര്‍ത്ത 80 പേജുള്ള പുസ്തകത്തില്‍ ആത്മ സന്നിവേശങ്ങളുടെ ലോകം മാര്‍ അപ്രേം തുറന്നിടുകയാണ്.

ആത്മാവിന്റെ നഗ്‌നതയെ കവിത കൊണ്ടോ ആത്മീയത കൊണ്ടോ ഒക്കെ പൊതിയുന്ന അനുഭവം പലപ്പോഴും നമ്മുടെ ജീവിത ഇടങ്ങളില്‍ കാണുന്നു. സമവാക്യങ്ങളോടു മത്സരിക്കാനും നിയതമായ ഉത്തരങ്ങളെ അട്ടിമറിക്കാനും പലപ്പോഴും കവിത ശ്രമിക്കാറുണ്ട്. മാര്‍ അപ്രേംമിന്റെ കവിതകളിലൂടെ കടന്നുപോകുമ്പോള്‍ ഈ അനുഭവം വായനോടൊപ്പം സഞ്ചരിക്കുന്നതായി മ്യൂസ് മേരി ജോര്‍ജ് തന്റെ മുഖകുറിപ്പില്‍ പറയുന്നു. കരുണയും നീതി ബോധവും നിശബ്ദതയുടെ സംഗീതവും ഒക്കെ തിരതല്ലി നില്‍ക്കുന്നതില്‍ താന്‍ വിസ്മയചിത്തയാകുന്നതായും സ്ഥാന ചിഹ്നങ്ങളും ആചാര്യ പദവിയുമൊക്കെ മറ്റൊരര്‍ത്ഥത്തിലേക്ക് മുങ്ങാംകുഴി ഇടുകയും ഉയര്‍ന്നു വരികയും ചെയ്യുന്ന അനുഭവം ഈ കവിതകള്‍ മുന്നോട്ടുവയ്ക്കുന്നതായും അവര്‍ കുറിക്കുന്നു.

വെളിച്ചം അന്വേഷിക്കുന്ന ഒരാളുടെ ചമയങ്ങള്‍ ഇല്ലാത്ത മുഖം മാര്‍ അപ്രേമിന്റെ കവിതകളിലുണ്ടെന്നും നേരിന്റെ തെളിമയും അതില്‍നിന്നുള്ള സംഘര്‍ഷവും ധ്യാനവും, ദര്‍ശനശുദ്ധിയും ഈ കവിതകളെ വെളിച്ചപ്പെടുവാന്‍ പ്രേരിപ്പിക്കുന്നതായും കെ ബി പ്രസന്നകുമാറും തന്റെ മുഖ കുറിപ്പില്‍ പറയുന്നുണ്ട്. മൂന്ന് പേരാണ് സഖറിയാസ് മാര്‍ അപ്രേമിന്റെ കവിതാ പുസ്തത്തിന്റെ മുഖകുറിപ്പു എഴുതിയത്. എരിയുന്ന മുള്‍പടര്‍പ്പ് -മ്യൂസ് മേരി ജോര്‍ജ്, നേരിന്റെ ഉറവകള്‍ -കെ ബി പ്രസന്നകുമാര്‍, ക്രിസ്തു എന്ന കാവ്യാനുഭവം-കണിമോള്‍.

ആരണ്യകം – മഷിക്കൂട്ട് ഇംപ്രിന്റ് ചേര്‍ന്ന് ഇക്കഴിഞ്ഞ ദിവസം മാര്‍ അപ്രേമിന്റെ കവിതാ പുസ്തക പ്രകാശനവും ചര്‍ച്ചയും അടൂര്‍ മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ചു.
കേരള സാഹിത്യ അക്കാദമി കനകശ്രീ അവാര്‍ഡ് നേടിയ കണിമോള്‍ കവിതാസ്വാദനം നടത്തി. കവിതയെക്കുറിച്ച് പറഞ്ഞു വെച്ചിട്ടുള്ള എല്ലാ തിരുവചനങ്ങളിലും എല്ലാ നിര്‍വചനങ്ങളിലും കവിത പ്രശാന്തമായ അല്ലെങ്കില്‍ ഒരുപാട് ശ്രദ്ധയോടെ മനനം ചെയ്ത്, ഒരുപാട് പറയാനുണ്ടായിട്ടും വളരെ കുറച്ചു മാത്രം പറഞ്ഞു. പറഞ്ഞത് രഹസ്യമാക്കി വെച്ച്,പിന്നീട് അത് സ്വാഭാവികമായ ഒരു കവിതയായി ഇന്നിപ്പോള്‍ വന്നിരിക്കുകയാണ്. അതിപ്പോ എന്റെ കൈയില്‍ പുസ്തകമായി എത്തിയിരിക്കുന്നു. കവിത കൈമോശം വന്ന ഒരു സമൂഹമാണ് നമ്മുടേത് എന്ന് എനിക്ക് തോന്നുന്നു. കാവ്യ പുസ്തകങ്ങള്‍ ഇഷ്ടം പോലെ പുറത്തിറങ്ങുന്നുണ്ട്.. കവികള്‍ ഒരുപാട് നമുക്കുണ്ട്. പക്ഷേ നല്ല കവിതയില്ല എന്ന് വന്നിരിക്കുന്നു. അതുകൊണ്ട് കവിത കാണുമ്പോള്‍ അത് അനുഭവിക്കാന് കഴിയുമ്പോള്‍ ആഹ്ലാദം തോന്നുന്നത്. പൗരോഹിത്യത്തിന്റെ തികഞ്ഞ വിശുദ്ധിയില്‍ നിന്നു മാര്‍ അപ്രേമിന്റെ കവിത ”ഉറവുകളും പ്രാവാഹങ്ങളുമെന്ന് ”കണിമോള്‍ പറഞ്ഞു.

കവിത വെറുതെ ഇരുന്നാല്‍ കിട്ടുന്ന ഒന്നല്ല. താളമില്ലാത്തത് കവിതയാകുന്നില്ല. യഥാര്‍ത്ഥത്തില്‍ ഗദ്യത്തെയും പദ്യത്തെയും വേര്‍തിരിക്കുന്നത് താളമാണ്. ആ താളം ആദ്യാവസാനം കണ്ടെത്താന്‍ കഴിയുന്നതാണ് ഇതിലെ 20 കവിതകളും. സര്‍ഗ്ഗാമകമായ സിദ്ധിയും പ്രതിഭയുടെ മിന്നലാട്ടവും മാര്‍ അപ്രേം തിരുമേനിയില്‍ ഉണ്ട്. പ്രതിഭയെ ജീവനോടെ നിലനിര്‍ത്തുക എന്നത് ചലഞ്ച് ആണ്. ഈശ്വരന്‍ നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന സിദ്ധികള്‍ ഒക്കെ നിലനിര്‍ത്താനുള്ള വെല്ലുവിളി ഏറ്റെടുത്ത മാര്‍ അപ്രേമില്‍ കവിയുടെ പ്രതിഭ നിറഞ്ഞു നില്‍ക്കുന്നു. വ്യക്തിജീവിതത്തിന്റെ വ്യത്യസ്ത തലങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാണത്. ഭാരതീയ ദര്‍ശനത്തിന്റെ അന്തരാത്മാവ് കണ്ടെത്തിയ വ്യക്തിയാണ് മാര്‍ അപ്രേം. .സര്‍ഗാത്മകമായ ഒരു സിദ്ധിയുണ്ട് അദ്ദേഹത്തിന് എന്നും പുസ്തപ്രകാശനം നിര്‍വഹിച്ചു കത്തോലിക്കാ സഭാ പത്തനംതിട്ട രൂപതാ മെത്രാന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ് തിരുമേനി പറഞ്ഞു.

ഒരു കവിതയില്‍ ”സ്വാതന്ത്ര്യം എവിടെയെന്ന്..? ”തിരുമേനി ചോദിക്കുന്നുണ്ട്. സ്വാതന്ത്ര്യം നമ്മുടെ വീട്ടുമുറ്റം വരെ ഉണ്ട്. നമ്മുടെ ജോസഫ് മാഷിന്റെ കൈ വെട്ടിയ പ്രതികളിലൊരാള്‍ കോടതിക്കു മുന്‍പില്‍ നിന്നു് പുഞ്ചിരിച്ചപ്പോള്‍ നമ്മള്‍ അത് കണ്ടു മിണ്ടാതിരുന്നത്.. എനിക്ക് എന്റെ കൈയുണ്ടെങ്കില്‍ അല്ലേ എഴുതാന്‍ കഴിയൂ എന്ന സ്വാര്‍ത്ഥത കൊണ്ടാകാം ഞാന്‍ ഉള്‍പ്പെടെയുള്ള മനുഷ്യര്‍ മിണ്ടാതെ ഇരുന്നത്. അങ്ങനെയുള്ള ഒരു അസ്വാതന്ത്ര്യത്തിന്റെ സമൂഹത്തിലാണ് നാം എത്തിനില്‍ക്കുന്നത്. പക്ഷേ മുദ്രാവാക്യങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. എനിക്ക് തോന്നുന്നത് സ്വാതന്ത്ര്യം ഒരു സങ്കല്പമാണ്. അതെ, സ്വാതന്ത്ര്യവും ഒരു സങ്കല്പം മാത്രമായി ചുരുങ്ങിയിരിക്കുന്നു. അങ്ങനെയുള്ള ഒരു കാലത്താണ് ഈ തിയോളജിയുടെ ഭാരങ്ങള്‍ ഒന്നുമില്ലാതെ മാര്‍ അപ്രേം തിരുമേനി സ്വാതന്ത്ര്യത്തെക്കുറിച്ച് നിര്‍ഭയം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഒരു എഴുത്തുകാരന്‍ ഒരു പ്രക്ഷോഭകാരി ആകണം. വാക്കുകള്‍ക്കൊപ്പം അദ്ദേഹത്തിന്റ ക്രിസ്തുദര്‍ശനം ഭാരതീയ ഭാവവും കൂടി ചേര്‍ത്ത് വച്ചതാണ്. അതാണു താമരയില്‍ ഉറങ്ങുന്ന ക്രിസ്തുവിലൂടെ അദ്ദേഹം നമുക്കു മുന്നില്‍ കാണിച്ച് തന്നത്. അതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുവാനുള്ള ഒരു കാരണവും. കേരള ബുക്ക് മാര്‍ക്ക് ഡയറക്ടറും നോവലിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ ഏബ്രഹാം മാത്യു മുഖ്യ പ്രഭാഷണം നടത്തി പറഞ്ഞു.

കല കലക്ക് വേണ്ടിയാണ്. ഞാന്‍ എന്നെ തന്നെ തിരിച്ചറിയാതെ സമൂഹത്തില്‍ ഇരുട്ടുണ്ടെന്ന് പറയുന്നതിന് എന്ത് അര്‍ത്ഥമാണുള്ളത്…? തത്വചിന്താപരമായ ഒരു ലഹള അദ്ദേഹത്തിന്റെ വരികളില്‍ ഉണ്ട്. ലഹള സമാനമായ കാര്‍ക്കശത്തെ അദ്ദേഹം പക്ഷെ ഒന്ന് ഒതുക്കി പറഞ്ഞിട്ടുണ്ട് ഈ പുസ്തകത്തില്‍ എന്നെനിക്ക് തോന്നുന്നു. അതീ സഭയില്‍ നില്ക്കുന്നതുകൊണ്ടാകാം. നന്മ കൂടുന്നില്ല കുറയുകയാണ് ഈ സമൂഹത്തില്‍. എല്ലാവരും നന്മയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നു. പ്ലക്കാര്‍ഡ് ഉയര്‍ത്തുന്നു, യുദ്ധം ചെയ്യുന്നു, നന്മയ്ക്കുവേണ്ടി കുറച്ചുനേരം തിന്മ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പറയുന്നു. ഈയൊരു വൈരുദ്ധ്യം ഇനിയെങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ.. ? ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി ജീവിക്കണം എന്നതൊക്കെ കാല്പനികമായ ഒന്നല്ലേ. കല കലയ്ക്കു വേണ്ടിയാണോ സമൂഹത്തിനു വേണ്ടിയാണോ എന്ന ചിന്തയില്‍ നിന്ന് ഒരു ചോദ്യമുണ്ട്. ഞാന്‍ ഉറവുകളും പ്രവാഹങ്ങളും എന്ന പുസ്തകത്തെ കാണുന്നത് ആ വിധമാണ്. കല എനിക്കു വേണ്ടിയാണ്.എന്റെ പരിവര്‍ത്തനമാണ് സമൂഹത്തിന്റെ പരിവര്‍ത്തനത്തിന്റെ ആദ്യ പടി. അത്‌കൊണ്ട് ഞാന്‍ മെച്ചമാവുക.കല എന്റെ മാറ്റത്തിന് വേണ്ടി കൂടിയാണു്. ഒരു കവി എഴുതുന്നത് സമൂഹത്തെ മാറ്റാനല്ല .സ്വയം മാറ്റമാണ്.ഉറവുകളും പ്രവാഹങ്ങളും എന്ന പുസ്തകം അതാണെന്നും ഏബ്രഹാം മാത്യു കൂട്ടിചേര്‍ത്തു.

ഒരു സെക്കുലര്‍ ലോകത്തിനുകൂടി സ്വീകാര്യമായ നിലയില്‍ തന്റെ വിചാരങ്ങളെ കവിതയുടെ രൂപത്തില്‍ അടുക്കിവെച്ചിരിക്കുന്ന അതിമനോഹരമായ ഉദ്യമമാണ് ഉറവുകളും പ്രവാഹങ്ങളും എന്ന കവിത സമാഹാരമെന്ന് കോട്ടയം മാര്‍ ബസേലിയോസ് കോളേജ് മലയാള വിഭാഗം മേധാവി ഡോക്ടര്‍ തോമസ് പി കുരുവിള സ്വാഗതം ആശംസിച്ചു പറഞ്ഞു. ചടങ്ങില്‍ കുമാരി ടിജി തമ്പി, അലീന അലക്‌സ് എന്നിവര്‍ ചേര്‍ന്ന് ഈശ്വര സ്തുതി ആലപിച്ചു. ചലച്ചിത്ര പ്രവര്‍ത്തകന്‍ ബാബു ജോണ്‍, സെന്റ് സിറിള്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ അലക്‌സാണ്ടര്‍, ഫാ.തോമസ് പി മുകളില്‍, ഡോ. തോമസ് ജോര്‍ജ്ജ്, ഡോ.മണക്കാല ഗോപാലകൃഷ്ണന്‍, ഫാദര്‍ അലക്‌സ് തോമസ്എന്നിവര്‍ പ്രസംഗിച്ചു.
മുന്‍ എംഎല്‍എ ആര്‍ ഉണ്ണികൃഷ്ണപിള്ള, ഡിസിസി സെക്രട്ടറി എസ് ബിനു, റോബിന്‍ ബേബി, അഡ്വ.ബിജു വര്‍ഗ്ഗീസ്, എന്‍എസ്എസ് താലൂക്ക് പ്രസിഡന്റ് കലഞ്ഞൂര്‍ മധു, പ്രൊഫ. വര്‍ഗ്ഗീസ് പേരയില്‍, മുന്‍ അഡീഷനല്‍ പബ്ലിക് പ്രോസക്യൂട്ടര്‍ അഡ്വ ബാബുജി കോശി, പ്രീത് ചന്ദനപ്പള്ളി, നൂറനാട് മോഹന്‍, ഡോ. നിബുലാല്‍ വെട്ടൂര്‍, ഹരീഷ് റാം, റോയി സാമുവല്‍, പ്രൊഫ. ജി ജോണ്‍, വൈദീക പ്രമുഖര്‍, അധ്യാപകര്‍, വിവിധ സാമുദായിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ പ്രൗഡമായ സദസ്സ് ചടങ്ങിന് സാക്ഷ്യം വഹിച്ചു. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് ലഭിച്ച കണി മോള്‍ ടീച്ചര്‍ക്ക് ചടങ്ങില്‍ ആദരം അര്‍പ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments