പി പി ചെറിയാൻ
അമേരിക്കൻ മലയാളി എഴുത്തുകാരനും സംഘാടകനുമായ ജോസഫ് നമ്പിമഠത്തിന്‍റെ കവിതാസമാഹാരം ‘നടക്കാനിറങ്ങിയ കവിത’ പ്രശസ്ത എഴുത്തുകാരൻ കെ.പി. രാമനുണ്ണി പ്രകാശനം ചെയ്തു. ഒരേ സമയം അമേരിക്കൻ അനുഭവങ്ങളും കേരളീയ സ്മൃതിചിത്രങ്ങളും ആവാഹിക്കുന്ന ജോസഫ് നമ്പിമഠത്തിന്‍റെ കവിതകൾ ഇന്നത്തെ തലമുറയും പിന്തുടരേണ്ടതാണെന്ന് കെ.പി. രാമനുണ്ണി പറഞ്ഞു.
തൃശൂർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ബി. ഹരികുമാർ അധ്യക്ഷനായിരുന്നു. സുകുമാർ അഴീക്കോട് തത്വമസി സംസ്കാരിക അക്കാദമി ചെയർമാൻ ടി.ജി വിജയകുമാർ പുസ്തകം സ്വീകരിച്ചു.
കഴിഞ്ഞ 50 വർഷങ്ങളിലായി എഴുതിയ കവിതകളുടെ സമാഹാരമാണ് നടക്കാനിറങ്ങിയ കവിതയെന്നും ദേശാന്തര വാസിയെന്ന അപകർഷമില്ലാതെ മലയാളത്തിൽ ഇന്നുവരെ എഴുതാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ജോസഫ് നമ്പിമഠം മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചങ്ങനാശേരിയെന്ന ഗ്രാമത്തിൽ നിന്നും അമേരിക്കയിലെത്തി ജീവിതത്തിന്‍റെ ഓട്ടത്തിനിടയിൽ എന്തെങ്കിലും എഴുതാൻ സാധിച്ചത് ഭാഗ്യമാണ്. അത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തന്‍റെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖം ബുക്സ് മലപ്പുറമാണ് പ്രസാധകർ.
ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി എച്ച്മുക്കുട്ടി, വിജയരാജ മല്ലിക, സുഭാഷ് പോണോളി, ഡാലിയ ഉദയൻ, ഡിന, അൻവർ, സജിത വിവേക്, എന്നിവർ ആശംസകൾ നേർന്നു. മുഖം ബുക്സ് എഡിറ്റർ അനിൽ പെണ്ണുക്കര സ്വാഗതവും എഴുത്തുകാരി സുനിത സുകുമാരൻ നന്ദിയും അറിയിച്ചു. നമ്പി മഠത്തിന്‍റെ കവിതകൾ ഗായിക വിജയശ്രീ രഘു ആലപിച്ചു.