Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLiterature'ലാപ്പ്ടോപ്പ് തലമുറയിൽ നിന്നും ബാക്ക് പാക്ക് തലമുറയിലേക്ക് ' മുരളി തുമ്മാരുകുടി എഴുതുന്നു

‘ലാപ്പ്ടോപ്പ് തലമുറയിൽ നിന്നും ബാക്ക് പാക്ക് തലമുറയിലേക്ക് ‘ മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ഞാൻ വിദേശത്ത് ജോലി ചെയ്തു തുടങ്ങിയ കാലത്ത് അമേരിക്കയിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക് തുടങ്ങിയിട്ടില്ല.

Y2K ഭീതി ഒക്കെ ആയി വരുന്നതേ ഉള്ളൂ.

കൊച്ചിയിൽ അന്ന് അന്താരാഷ്ട്ര വിമാനത്താവളം ഇല്ല. അതുകൊണ്ട് മുംബൈയിൽ നിന്നും സിംഗപ്പൂർ വഴിയാണ് ഞാൻ പോകുന്നത്

വിമാനത്തിൽ അധികം മലയാളികൾ ഉണ്ടാകാറില്ല, പക്ഷെ അല്പം കുടവയറുമായി ഒരു ചേട്ടനേയും മുടി ചെറുതായി വെട്ടിയ ഒരു ചേച്ചിയെയും കണ്ടാൽ അപ്പോൾ ഞാൻ ഉറപ്പിക്കും ഇവർ അമേരിക്കക്കുള്ളവർ തന്നെ. ഊഹം തെറ്റാറില്ല. (ഇന്നെന്നെ കാണുമ്പോൾ അന്ന് കണ്ട അമ്മാവന്മാരുടെ അതേ ഛായ) !

തൊള്ളായിരത്തി എഴുപതുകൾ മുതൽ അമേരിക്കയിൽ ആരോഗ്യരംഗത്ത് ജോലിക്കായി എത്തിച്ചേർന്നവർ ആയിരുന്നു കേരളത്തിൽ നിന്നും അമേരിക്കയിൽ എത്തിയവരിൽ ഭൂരിഭാഗവും. ഇന്ത്യയിലെ ഏറ്റവും നല്ല സർവ്വകലാശാലകളിൽ നിന്നും ഐ ഐ ടി കളിൽ നിന്നും ഒക്കെ പഠിച്ചതിന് ശേഷം ഉപരിപഠനത്തിന് പോയവരും അതിന് ശേഷം അവിടെ ജോലിക്ക് ചേർന്നവരും ഉണ്ട്, പക്ഷെ വളരെ കുറച്ച്.

പക്ഷെ അന്ന് തന്നെ പഞ്ചാബിൽ നിന്നും ഗുജറാത്തിൽ നിന്നും പ്രത്യേകിച്ച് വിദ്യാഭ്യാസം ഒന്നുമില്ലാതെ അമേരിക്കയിലേക്കും കാനഡയിലേക്കും പോകുന്നവർ അനവധി ഉണ്ടായിരുന്നു. അവർക്കൊക്കെ വേണ്ടി ഇമ്മിഗ്രെഷൻ ഫോം പൂരിപ്പിച്ചു കൊടുക്കുന്നത് എൻ്റെ സ്ഥിരം ജോലിയുമായിരുന്നു.

തൊള്ളായിരത്തി തൊണ്ണൂറുകളുടെ രണ്ടാം പാദത്തിൽ കാര്യങ്ങൾ ഏറെ വേഗതയിൽ മാറി. ടി സി എസ് പോലുള്ള സ്ഥാപനങ്ങൾ അവരുടെ ഇന്ത്യൻ കമ്പനിയിൽ നിന്നും അമേരിക്കയിലേക്ക് ആളുകളെ കൊണ്ടുപോയി തുടങ്ങി. അതിനോടൊപ്പം Y2K പേടിയും എത്തിയതോടെ അതൊരു ഒഴുക്കായി. തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഒക്കെ ആകുമ്പോഴേക്കും വിമാനത്തിൽ പകുതി ഒരു ലാപ്പ്ടോപ്പ് ബാഗും ആയി കയറുന്ന ചെറുപ്പക്കാർ ആയി.

ഇന്ത്യക്ക് വിദേശത്ത് ഒരു പോസിറ്റീവ് ഇമേജ് ഉണ്ടാക്കാൻ ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന് അമ്പത് കൊല്ലം കൊണ്ട് സാധിച്ചതിലും കൂടുതൽ വെറും അഞ്ചു വർഷം കൊണ്ട് ലാപ്പ്ടോപ്പും ആയി അമേരിക്കയിൽ എത്തിയ പുതിയ തലമുറക്ക് സാധിച്ചു എന്ന് പറഞ്ഞത് അരുൺ ഷൂരിയാണ്.

സത്യമാണെന്ന് തോന്നിയിട്ടുണ്ട്.

അതൊരു തലമുറയായിരുന്നു !

ഇന്ത്യയിൽ നിന്നും അമേരിക്കയിൽ പോകുന്നതിന് അന്ന് കടമ്പകൾ അനവധി ഉണ്ട്.

വിദേശത്തേക്ക് പോകാൻ വിസ കിട്ടിയാൽ പാസ്സ്പോര്ട്ടും ആയി അപേക്ഷ കൊടുത്താൽ പരമാവധി തൊണ്ണൂറ് ഡോളറോ മറ്റോ നമുക്ക് കിട്ടും. അതുമായിട്ടാണ് ഒരു തലമുറ ഇന്ത്യക്കാർ അമേരിക്കയിൽ എത്തിയത്.

ഇന്ന് സിലിക്കോൺ വാലിയിൽ ഇന്ത്യൻ കടകളും ഭക്ഷണശാലകളും ഒക്കെ സർവ്വസാധാരണം. അന്നത് പേരിന് മാത്രം. കറിവേപ്പില വാങ്ങണം എങ്കിൽ അമ്പത് കിലോമീറ്റർ ഡ്രൈവ് ചെയ്യണം, എന്നാൽ തന്നെ നല്ലനേരം നോക്കണം.

ഇന്നിപ്പോൾ സിലിക്കോൺ വാലിയിൽ ഇന്ത്യക്കാരുടെ ആയിരുകളിയാണ്. സംസ്ഥാനവും മതവും പോയി ജാതിയുടെ പേരിൽ പോലും കൂട്ടായ്മകളും മുൻവിധികളും ഒക്കെ ആകാൻ പാകത്തിന് ഇന്ത്യക്കാർ അവിടെ ഉണ്ട്.

ഈ ലാപ്പ്ടോപ്പും ആയി നമ്മുടെ ഒരു തലമുറ എത്തിയപ്പോൾ അതല്ല സ്ഥിതി. ചുറ്റും ഇന്ത്യക്കാർ അധികം ഇല്ല. ഇന്ത്യക്കാർ ഐ ടി പുലികൾ ആണെന്ന ബ്രാൻഡ് ഇല്ല. ഇന്ത്യക്കാരന്റെ ഇംഗ്ളീഷ് ചെത്തി മിനുക്കിക്കൊടുക്കുന്ന സ്ഥാപനങ്ങൾ ഇല്ല. ഇന്ത്യക്കാരെപ്പറ്റിയുള്ള മുൻവിധികൾ ഏറെ, ഭാഷയുടെ പേരിലുള്ള കളിയാക്കലുകൾ, തൊഴിലിന്റെ മികവിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകൾ.

പക്ഷെ കഠിനാധ്വാനം കൊണ്ടും, പ്രതിഭകൊണ്ടും ആ തലമുറ അതിനെ നേരിട്ടു.

അമേരിക്കയിൽ ഐ ടി രംഗത്ത് ഇന്ത്യക്കാർ ഒരു ബ്രാൻഡ് ഉണ്ടാക്കി. ഈ ബ്രാൻഡ് ലോകത്തെവിടേക്കും വ്യാപിച്ചു. അൽബേനിയ മുതൽ സാംബിയയിൽ വരെ ഐ ടി കമ്പനിയുടെങ്കിൽ അതിൽ കുറച്ച് ഇന്ത്യക്കാർ വേണം എന്ന നിലയായി. ഐ ടി രംഗത്തുള്ളവരെ ആകർഷിക്കാൻ പ്രത്യേക വിസകൾ ആയി, പദ്ധതികൾ ആയി.

തൊഴിലാളികളിൽ നിന്നും ആ തലമുറ തൊഴിൽ നൽകുന്നവർ ആയി. സിലിക്കോൺ വാലിയിലെ മുൻകിട കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാർ എത്തി. അനവധി കമ്പനികൾ ഇന്ത്യക്കാർ സ്ഥാപിച്ചു. ഇതിൽ മലയാളികളും ഉണ്ട്.

കാലം പിന്നെയും ഉരുണ്ടു. വിൻഡോസിന്റെ അനവധി വേർഷൻ കടന്നു പോയി. ഡോസ് എന്നുള്ളത് പുതിയ തലമുറ കേൾക്കാത്ത വാക്കായി.

ലാപ്പ്ടോപ്പ് തലമുറക്കും വയസ്സായിത്തുടങ്ങി.

ഇപ്പോൾ ഖത്തറിൽ നിന്നും കൊച്ചിയിലേക്ക് വിമാനം കയറാൻ ഇരിക്കുമ്പോൾ ബർമൂഡയും ഇട്ട് ഒരു മധ്യവയസ്കനെയും മുടി നിവർത്തിയ ഒരു സ്ത്രീയേയും അടുത്ത് കണ്ടാൽ അപ്പോൾ ഞാൻ ഉറപ്പിക്കും, ഇത് ലാപ്പ് ടോപ്പ് തലമുറ തന്നെ.

ഊഹം തെറ്റാറില്ല.

ഇങ്ങനെ കാലം കടന്നുപോകുമ്പോഴാണ് ബാക്ക് പാക്കും ആയി ഒരു പുതിയ തലമുറ നാട് കടക്കുന്നത്.

പണ്ടൊക്കെ ഒരു ഡിഗ്രി ഒക്കെ കഴിഞ്ഞു രണ്ടോ മൂന്നോ വർഷം ഇന്ത്യയിൽ ജോലി ചെയ്തതിന് ശേഷമാണ് ലാപ്പ് ടോപ്പ് ജനെറേഷൻ പുറത്തിറങ്ങിയതെങ്കിൽ ഇപ്പോൾ പ്ലസ് റ്റു കഴിഞ്ഞാൽ മുതൽ അവർ പുറത്തേക്കുണ്ട്.

മാറിയൊരു സാഹചര്യത്തിലേക്കാണ് അവർ കടന്നു വരുന്നതും.

കേരളത്തിൽ അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോൾ നാലുണ്ട്.

ലോകത്തെവിടേയും, പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യക്കാർ അനവധി ഉണ്ട്.

അവർ തൊഴിലിന്റെ മികവിന്റെ പേരിൽ അവിടെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ ഷോപ്പുകൾ അനവധിയുണ്ട്

പക്ഷെ പുതിയ തലമുറക്ക് ഇന്ത്യൻ ഷോപ്പും ഇന്ത്യൻ സിനിമയും ഒന്നും വേണ്ട

കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ബർഗറും പിസ്സയും ഉണ്ട്. അതിൽ വളരുന്ന തലമുറ പൊറോട്ട കിട്ടുന്ന ഹോട്ടലും നോക്കി പോകില്ല.

നെറ്റ്ഫ്ലിക്സിൽ സീരീസുകൾ കണ്ടു വളരുന്ന തലമുറക്ക് മലയാളം സിനിമ നൊസ്റ്റാൾജിയ ഒന്നുമല്ല.

തൊഴിൽ സംസ്കാരവും മാറുകയാണ്.

ഡിഗ്രിക്ക് ശേഷം വിദേശത്ത് എത്തിപ്പറ്റി തൊഴിൽ രംഗത്ത് അത്യധ്വാനം ചെയ്യുന്നവർ അല്ല പുതിയ തലമുറ

പഠിക്കാനായി വരുന്നു. വന്ന് അടുത്ത ആഴ്ച്ച മുതൽ എന്തെങ്കിലും പാർട്ട് ടൈം തൊഴിലുകൾ സംഘടിപ്പിച്ചെടുക്കുന്നു.

വൈകുന്നേരം ആയാൽ ഒരു ബിയർ കുടിക്കുന്നു

അവധി കിട്ടിയാൽ ഒരു കാറും വാടകക്കെടുത്ത് കൂട്ടുകാരുമായി ആഘോഷിക്കുന്നു

നാട്ടിലെ പണവുമായുള്ള വിനിമയ നിരക്കോ നാട്ടിലെ ഫ്‌ളാറ്റുകളുടെ വിലയോ ഒന്നും അവരെ മോഹിപ്പിക്കുന്നില്ല, ഉറക്കം കെടുത്തുന്നുമില്ല.

ഇപ്പോൾ ദുബായിൽ നിന്നും ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിമാനവും നോക്കിയിരിക്കുമ്പോൾ ബാക്ക്പാക്കും ആയി പതിനെട്ടിനും ഇരുപതിനും ഇടക്കുള്ള ഒരു മലയാളി അടുത്തിരിക്കുന്നുണ്ടെങ്കിൽ അവർ വിദേശത്തേക്ക് വിദ്യാഭ്യാസത്തിന് വരുന്ന പുതിയ തലമുറയാണ്.

ഞാൻ അവരെ ബാക്ക് പാക്ക് ജെനറേഷൻ എന്നാണ് വിളിക്കുന്നത്.

“കൂടിയാൽ ഒരു അഞ്ചു വർഷം” വിദേശത്ത് താമസിച്ചതിന് ശേഷം തിരിച്ചു നാട്ടിൽ എത്തണം എന്ന് ഉറപ്പിച്ചവർ ആയിരുന്നു ലാപ്പ് ടോപ്പ് ജെനെറേഷൻ.

ഇനി നാട്ടിലേക്കില്ല എന്ന് കൊച്ചി വിമാനത്താവളത്തിൽ വച്ച് തന്നെ തീരുമാനിച്ചു വിമാനം കയറുന്നവർ ആണ്

ഞാൻ അവരെ ബാക്ക് പാക്ക് ജെനറേഷൻ എന്നാണ് വിളിക്കുന്നത്

ലാപ്പ് ടോപ്പ് തലമുറയിൽ ഭൂരിഭാഗവും ആൺ കുട്ടികൾ ആയിരുന്നു. അവർ നാട്ടിൽ നിന്നും തന്നെ വിവാഹം കഴിച്ചു (പൊതുവിൽ)

പക്ഷെ പുതിയതായി നാടുകടക്കുന്ന ഞാൻ അവരെ ബാക്ക് പാക്ക് ജെനറേഷനിൽ ആൺ പെൺ വ്യത്യാസമില്ല

ഇവരിൽ പെൺകുട്ടികൾ എങ്കിലും കേരളത്തിൽ നിന്നും വിവാഹം കഴിക്കുമെന്നുള്ള പ്രതീക്ഷ എനിക്കില്ല, ആഗ്രഹവും

എനിക്ക് ഇവരെ കാണുമ്പോൾ ഇവർ യൂറോപ്പിൽ ജീവിക്കുന്ന രീതി കാണുമ്പോൾ ഏറെ സന്തോഷമാണ്

നാട്ടിൽ അമ്മമാർ അടിവസ്ത്രങ്ങൾ വരെ അലക്കി കൊടുത്തിരുന്ന കുട്ടികൾ സ്വന്തം കാര്യങ്ങൾ നോക്കുന്നു എന്ന് മാത്രമല്ല, ജീവിത ചിലവ് കണ്ടുപിടിക്കാൻ മറ്റുള്ളവരുടെ വീടുകൾ വൃത്തിയാക്കുന്ന തൊഴിൽ എടുക്കുന്നു.

അതിൽ അവർക്ക് ഒരു മടിയും ഇല്ല. അപ്പോൾ അവരെ മടിയന്മാരാക്കായിത് നമ്മളാണ്

ഗൾഫിൽ ഞാൻ അനവധി നാളുകൾ ജീവിച്ചിട്ടുണ്ട്. അന്നൊക്കെ ദുബായിൽ താമസിച്ചിരുന്ന ഭൂരിപക്ഷം മലയാളികളും ഒമാനിൽ പോലും വിസിറ്റിന് വരാറില്ല. കിട്ടുന്ന പണം കൂട്ടി വച്ച് നാട്ടിൽ ചെറുതുണ്ട് ഭൂമികളിൽ നിക്ഷേപിക്കാൻ ഉള്ള ശ്രമമാണ്. കിട്ടുന്ന അവധി മുഴുവൻ നാട്ടിൽ ചിലവഴിക്കുകയാണ്. (ഇതൊക്കെ അവിടെയും മാറി കേട്ടോ, എൻ്റെ തലമുറയിൽ ഉള്ളവർ ജോർദാനിലും ജോർജ്ജിയയിലും ഒക്കെ പോകുന്നുണ്ട്)

പക്ഷെ ബാക്ക് പാക്ക് ജെനറേഷൻ യാത്രയിൽ ആണ്.

ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച്

മലയാളികളും മറുനാട്ടുകാരും ഒരുമിച്ച്

അവർ വരുന്ന നാടുമായി അതിവേഗതയിൽ ആണ് ഇഴുകിച്ചേരുന്നത്. കഴിഞ്ഞ വർഷം വന്നവർ തന്നെ ജർമ്മൻ പറഞ്ഞു തുടങ്ങിയത് കാണുമ്പോൾ ലാപ്പ്ടോപ്പ് ജെനെറേഷനും അല്പം മുന്നിൽ കുടവയറുമായി നടക്കുന്ന എനിക്ക് അല്പം നാണം തോന്നാറുണ്ട്.

ഈ തലമുറ പൊളിക്കും എന്നതിൽ സംശയമില്ല

ഇന്റർനാഷണൽ അറ്റോമിക്ക് എനർജി ഏജൻസിയുടെ ആസ്ഥാനത്ത് വിയന്നയിൽ ഒരിക്കൽ ഞാൻ പോയിരുന്നു

അന്ന് അവിടുത്തെ ഒരു സീനിയർ ശാസ്ത്രജ്ഞൻ എന്നോട് ചോദിച്ചു, മുരളി എവിടെ നിന്നാണ്

“ഞാൻ ഇന്ത്യയിൽ നിന്നാണ്” എന്ന് ഞാൻ

“ഇന്ത്യയിൽ എവിടെ”

“കേരളത്തിൽ”

“വൗ, കേരളം ഞാൻ അറിയും”

കേരളം എന്നാൽ ടൂറിസം, കമ്മ്യൂണിസം, കേരള മോഡൽ, ശശി തരൂർ, നേഴ്‌സുമാർ, ഇവയൊക്കെയാണ് യൂറോപ്പിൽ ഉള്ളവർക്ക് അറിയുന്നത്.

അതിൽ ഒന്നാണെന്ന് ഞാൻ കരുതി

അതല്ല

“ലോകത്ത് ഏറ്റവും കൂടുതൽ ബാക്ഗ്രൗണ്ട് റേഡിയോ ആക്ടിവിറ്റി” ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കേരളം

റേഡിയോ ആക്ടിവിറ്റി എന്നൊക്കെ പറഞ്ഞാൽ നമുക്ക് പേടിയാണല്ലോ. അതുകൊണ്ട് ഞാൻ ചോദിച്ചു

“എന്തെങ്കിലും കുഴപ്പം”

“ഏയ് കുഴപ്പം ഒന്നുമില്ല. റേഡിയോ ആക്ടിവിറ്റികൊണ്ട് ചെറിയ മ്യൂട്ടേഷൻ ഒക്കെ സംഭവിക്കും. അങ്ങനെ മ്യൂട്ടേഷൻ ഒക്കെ സംഭവിച്ചതാണ് പുതിയൊരു ജീവി ഉണ്ടാകുന്നത്. അതായത് മനുഷ്യകുലത്തിന്റെ ഭാവി കേരളത്തിൽ ആണ് !”

സായിപ്പ് എന്നെ ആക്കിയതാണോ ശാസ്ത്രമാണോ എന്നൊന്നും എനിക്കറിയില്ല. ഇതൊക്കെ ലക്ഷക്കണക്കിന് വർഷത്തിൽ സംഭവിക്കാൻ പോകുന്ന കാര്യമാണല്ലോ, അതുകൊണ്ട് ഞാൻ അത് പഠിക്കാനും പോയില്ല.

പക്ഷെ ബാക്ക്പാക്കും ആയി പുറത്തിറങ്ങുന്ന മലയാളികളുടെ പുതിയ ജെനെറേഷനെ കാണുമ്പോൾ എനിക്കറിയാം

ഇവരാണ് കേരളത്തിന്റെ ഭാവി

ലോകത്തിൽ മലയാളികളുടെ ബ്രാൻഡും കേരളത്തിൽ മലയാളികളുടെ രീതിയും ഡിഫൈൻ ചെയ്യാൻ പോകുന്നത് ഇവരാണ്

ഇവരുടെ പെരുമാറ്റത്തിനും പ്രതീക്ഷക്കും അനുസരിച്ച് കേരളം മാറും. ഗ്രാമങ്ങളും നഗരങ്ങളും

വിദേശത്ത് പോകുന്നവർ പത്തോ ഇരുപതോ ശതമാനമേ ഉണ്ടാകൂ
പക്ഷെ അടുത്ത തലമുറയുടെ സംസ്കാരവും മൂല്യവും അവരാണ് നിശ്ചയിക്കാൻ പോകുന്നത്

അറേഞ്ച്ഡ് മാരീജ് ഇവരുടെ തലമുറയെ അതിജീവിക്കില്ല
സദാചാരപ്പോലീസ് ഇവരുടെ തലമുറയെ കാണുമ്പോൾ കണ്ടം വഴി ഓടും
ഇവരുടെ ജീവിതത്തിൽ ഇടപെടാൻ വരുന്ന അപ്പനമ്മമാരോട് അവർ “പോയി പണി നോക്കാൻ പറയും
പ്രായമാകുമ്പോൾ മക്കൾ നോക്കും എന്നും നോക്കിയിരിക്കാതെ അച്ഛനമ്മമാർ സ്വന്തം കാര്യം നോക്കാൻ പഠിക്കും
അതിനുള്ള സംവിധാനം ഉണ്ടാകും
പണമെല്ലാം കൂട്ടി വച്ച് സ്വന്തവും മക്കൾക്കും അനുഭവിക്കാൻ കൊടുക്കാതെ കെട്ടിപ്പിടിച്ചിരിക്കുന്ന അപ്പന്മാരുടെ തലമുറ തീരും
ഈ തലമുറയെ നാടുമായി ബന്ധിപ്പിച്ചു നിർത്താൻ നമ്മുടെ ഭരണകൂടം നെട്ടോട്ടമോടും
അവർ ആഗ്രഹിക്കുന്ന തരത്തിൽ ആധുനികമായ നിയമങ്ങൾ ഉണ്ടാകും

അതുകൊണ്ട് തന്നെയാണ് ഏറ്റവും സന്തോഷത്തോടെ, അഭിമാനത്തോടെ ഞാൻ അവരോട് നാട് കടന്നു വരാൻ പറയുന്നത്

കേറി വാടാ മക്കളെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments