Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLiteratureജോസഫ് നമ്പിമഠത്തിന്റെ കവിതകളുടെ സമ്പൂർണ സമാഹാരം "നമ്പിമഠം കവിതകൾ" സക്കറിയ, റോസ് മേരിക്ക് നൽകി പ്രകാശനം...

ജോസഫ് നമ്പിമഠത്തിന്റെ കവിതകളുടെ സമ്പൂർണ സമാഹാരം “നമ്പിമഠം കവിതകൾ” സക്കറിയ, റോസ് മേരിക്ക് നൽകി പ്രകാശനം ചെയ്തു

ടെക്സസ്/തിരുവനന്തപുരം : അമേരിക്കൻ മലയാളി എഴുത്തുകാരനായ ജോസഫ് നമ്പിമഠത്തിന്റെ നാളിതുവരെയുള്ള എല്ലാ കവിതകളും, പഠനങ്ങളും ഉൾക്കൊള്ളിച്ച് മുഖം ബുക്സ് മലപ്പുറം പ്രസിദ്ധീകരിച്ച ‘നമ്പിമഠം കവിതകൾ’ തിരുവനന്തപുരത്ത് കഥാകൃത്ത് സക്കറിയ അദ്ദേഹത്തിന്റെ വസതിയിൽ കവയിത്രി റോസ് മേരിക്ക് നൽകി പ്രകാശനം ചെയ്തു.

അരനൂറ്റാണ്ട് പിന്നിട്ട ജോസഫ് നമ്പിമഠത്തിന്റെ കാവ്യസപര്യ ഒരു സമ്പൂർണ കൃതിയായി മാറിയതിൽ സന്തോഷമുണ്ടെന്ന് സക്കറിയ പറഞ്ഞു. ദീർഘകാലമായി അദ്ദേഹവുമായി അടുത്ത ബന്ധമാണുള്ളത്. ലാനയിലെ കണ്ടുമുട്ടൽ മുതൽ ഓർത്തെടുക്കാവുന്ന നിരവധി നിമിഷങ്ങൾ എഴുത്തുകാർ എന്ന നിലയിൽ ഉണ്ടായിട്ടുണ്ട്. പ്രവാസി രചനകൾ കേരളീയ സാഹിത്യ മേഖലയിൽ സജീവമാകുന്ന കാലമാണ് ഇപ്പോഴുള്ളത്. നിരവധി അംഗീകാരങ്ങൾ പ്രവാസി എഴുത്തുകാരെ തേടിയെത്തുന്നത് പ്രവാസി എഴുത്തിനുള്ള അംഗീകാരമാണ്.

ഡി. വിനയചന്ദ്രനൊപ്പം ജോസഫ് നമ്പിമഠം തന്റെ വസതിയിൽ വന്ന കഥ, പുസ്തകം സ്വീകരിച്ചു കൊണ്ട് റോസ്മേരി അനുസ്മരിച്ചു. അൻപത് വർഷം കവിതകൾക്കൊപ്പം സഞ്ചരിക്കുന്നു എന്നത് തന്നെ എഴുത്തിനുള്ള അംഗീകാരമാണ്. ഇനിയും കൂടുതൽ എഴുതാൻ സാധിക്കട്ടെ എന്നും റോസ് മേരി കൂട്ടിച്ചേർത്തു.

രണ്ട് പ്രഗത്ഭരായ എഴുത്തുകാർ നമ്പിമഠം കവിതകൾ പ്രകാശനം ചെയ്തതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ജോസഫ് നമ്പിമഠം പറഞ്ഞു.

മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഖം ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. കേരളത്തിലെ എല്ലാ താലൂക്ക്, ജില്ലാ ലൈബ്രറികളിലും പ്രധാനപ്പെട്ട കോളജുകളിലും പുസ്തകങ്ങൾ എത്തിക്കുന്ന ‘അക്ഷരങ്ങളിലൂടെ സാന്ത്വനം’ എന്ന പ്രോജക്ടിലൂടെ നാൽപ്പതിനായിരത്തിലധികം പുസ്തങ്ങൾ വായനക്കാരിൽ എത്തിച്ച മുഖം ബുക്സിലൂടെയാണ് ഈ പുസ്തകവും വായനക്കാരിൽ എത്തുന്നത്.

കഥാകൃത്ത് ശ്രീജ പ്രവീൺ, മുഖം ബുക്സ് എഡിറ്റർ അനിൽ പെണ്ണുക്കര, ഡോ. പ്രവീൺ, ജോയൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡോ. അയ്യപ്പ പണിക്കർ, പ്രഫ. മധുസൂദനൻ നായർ ഡോ. അജയ് നാരായണൻ എന്നിവരുടെ പഠനങ്ങൾ, കെ പി രാമനുണ്ണിയുടെ ആശംസകൾ, ഇംഗ്ലീഷ് കവിതകൾ എന്നിവ ചേർത്താണ് സമ്പൂർണ കവിതാ സമാഹാരം തയാറാക്കിയതെന്ന് ജോസഫ് നമ്പിമഠം അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com