സ്വപ്ന സഞ്ചാരങ്ങൾ (കഥ)
എം.ജി.ബിജുകുമാർ, പന്തളം
എന്നാലും എന്തൊരു തോൽവിയായിപ്പോയി…! അതും പത്തു വിക്കറ്റിന്…! എത്ര ആയിട്ടും അതിന്റെ ഹാങ്ങോവർ വിട്ടുമാറുന്നില്ല. കളി കഴിഞ്ഞിട്ട് ഒരു മണിക്കൂറിലേറെയായി. എങ്കിലും തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കവും വരുന്നില്ല.
ട്വൊൻ്റി ട്വൊൻ്റിയിൽ പാകിസ്ഥാനോട് ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോർഡ് തകർന്നതിൻ്റെ മാനസ്സിക പ്രയാസം വിട്ടുമാറാൻ മടിക്കുന്നതു പോലെ തോന്നി. അപ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത് കേട്ടത്. സ്ക്രീനിൽ ചങ്ങാതിയുടെ പേര് തെളിയുന്നു.
ഇവനെന്തിനാണ് ഈ അർദ്ധരാത്രി കഴിഞ്ഞപ്പോൾ വിളിക്കുന്നത് എന്ന ചിന്തയിൽ കോൾ അറ്റൻഡ് ചെയ്തു.
“എന്താടാ ഈ രാത്രിയില് ….? “
എന്തെങ്കിലും അത്യാവശ്യമായ കാര്യമാവുമെന്നു കരുതി ഞാൻ ചോദിച്ചു.
“അതേ ,ഒരു കാര്യം പറയാനാ വിളിച്ചത്.”
“ങാ..! പറയൂ ” അത്ര സുഖമില്ലാത്ത രീതിയിലായിരുന്നു എൻ്റെ പ്രതികരണം.
“നമുക്ക് ഇന്നത്തെ ക്രിക്കറ്റ് കളി മൊത്തത്തിൽ ഒന്നു വിശകലനം ചെയ്യാം.”
അവൻ കൂളായി പറഞ്ഞു.
അവൻ്റെ ആ പറച്ചിൽ കേട്ടപ്പോൾ ഒരു തെറിവാക്ക് പറയുവാനാണ് തോന്നിയത്. പക്ഷേ അത് വിഴുങ്ങിക്കൊണ്ട് “പോയിക്കിടന്നുറങ്ങെടേയ്, പാതിരാത്രിയല്ലേ വിശകലനം നടത്തുന്നത്. നീയാര്? കോച്ചോ അതോ സെലക്ടർ ബോർഡ് അംഗമോ ???
അവനാകെ ചമ്മിയെന്ന് മനസിലായപ്പോൾ “ശരി, നാളെ കാണാം, ശുഭരാത്രി ” എന്നു പറഞ്ഞ് അവൻ്റെ മറുപടിയ്ക്ക് കാക്കാതെ ഫോൺ കട്ട് ചെയ്തു.
തുടർന്നും ക്രിക്കറ്റ് കളിയെപ്പറ്റിയായിരുന്നു ചിന്ത.വിഷാദം നിറച്ച ചിന്തകൾ നീളവേ കറണ്ട് പോയി.ക്രമേണ ഫാൻ നിശ്ചലമായി.
തിരിഞ്ഞും മറിഞ്ഞും കിടന്ന് നിദ്രയെ വരവേൽക്കുവാൻ നടത്തിയ ശ്രമങ്ങൾ ഒക്കെ തുടർന്നുകൊണ്ടേയിരുന്നു.
എന്നിട്ടും ഉറക്കമെത്താതിരുന്നപ്പോൾ എഴുന്നേറ്റ് കസേരയിൽ പോയിരുന്നു. മേശയിൽ തല ചായ്ച്ച് നിദ്രയെ മാടി വിളിച്ചു. അല്പ സമയത്തിനു ശേഷം വീണ്ടും എഴുന്നേറ്റ് കിടക്കയിൽ വന്നു കിടന്നു.
വിരസമായ അസ്തമയങ്ങൾ സരസമായ പുലരിയെ പ്രതീക്ഷിച്ച് സന്ധ്യയെ വരവേറ്റ് നിദ്രപുൽകും പോലെ കൺപോളകൾ കൂമ്പിയണയാൻ വെമ്പി.
ശരത്കാല മേഘക്കൂട്ടങ്ങൾ അലയുന്ന നീലാകാശങ്ങൾക്ക് താഴെ വൃക്ഷങ്ങളിൽ രാപ്പാടികൾ കേണുറങ്ങി.
മൊബൈലിൽ മങ്ങിയ വെളിച്ചം കണ്ടു വെറുതെ എടുത്തു നോക്കിയപ്പോൾ മെസ്സഞ്ചറിൽ മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടു. അപ്പോൾ തന്നെ അതിലേക്ക് വിരലുകൾ സ്പർശിച്ചു. നേരിട്ട് പരിചയമില്ലാത്ത ഫേസ്ബുക്കിലെ ഒരു സുഹൃത്താണ്. ഇതിനുമുമ്പ് മെസ്സഞ്ചറിലോ അല്ലാതെയോ സംസാരിച്ചിട്ടു പോലുമില്ലാത്തതിനാൽ മെസ്സേജ് കൗതുകത്തോടെ നോക്കി.
” മിസ്റ്റർ നൃപൻകുമാർ ! ഉറങ്ങിയോ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു “
വാചകങ്ങൾ കണ്ടപ്പോൾ അർദ്ധരാത്രി കഴിഞ്ഞപ്പോൾ എന്താേ കാര്യം പറയാനാ എന്ന സംശയം മനസ്സിൽ തോന്നിയെങ്കിലും മറുപടി നൽകി..
” ഉറങ്ങിയില്ല..! എന്താ കാര്യം?
അവളുടെ മറുപടി ഉടനെ എത്തി.
” ഞാൻ നിങ്ങളെ സ്വപ്നം കണ്ടുണർന്നതാണ്…”
” ആഹാ അതു കൊള്ളാമല്ലോ…!”
” സത്യമാണ് വെറുതെ പറഞ്ഞതല്ല…”
” അതിന് നമ്മൾ തമ്മിൽ നേരിട്ടോ അല്ലാതെയോ കാണുകയോ പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല പിന്നെയെങ്ങനെ എന്നെ സ്വപ്നത്തിൽ കാണും?
എൻ്റെ സംശയം അവളോട് പറഞ്ഞു.
” അതൊന്നും എനിക്കറിയില്ല, ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ പരിചയമില്ലാത്തവരെ സ്വപ്നം കാണുന്നത്…”
അവൾക്കും അത് അത്ഭുതമായി എന്ന് എനിക്ക് തോന്നി.
നമ്മൾ കാണുന്ന സ്വപ്നങ്ങൾക്കപ്പുറം ചില യാഥാർത്ഥ്യങ്ങളുണ്ടാകുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് എന്ന് ഞാൻ ഓർത്തു.
” ഞാൻ എഴുതുന്നതൊക്കെ വായിച്ചത് മനസ്സിൽ കിടന്ന് കൊണ്ടാവുമോ സ്വപ്നത്തിൽ എന്നെ കണ്ടത്..?”
എന്റെ നിഗമനം ഞാനവളെ അറിയിച്ചു.
“ഓ പിന്നെ എഴുത്തുകാരെയൊന്നും ഒന്നും എനിക്കിഷ്ടമല്ല. എഴുതുന്നതൊക്കെ നേരംപോക്കിനായി വായിച്ചു പോരുന്നു എന്നേയുള്ളൂ.”
അവളുടെ മറുപടി എന്നിൽ സംശയം ഉണർത്തി.
” എന്താണ് എഴുത്തുകാരോടിത്ര അപ്രിയം?”
ഞാനത് തുറന്നു ചോദിച്ചു.
” എഴുത്തുകാരെല്ലാം സ്വപ്നങ്ങൾ വിൽക്കുന്ന വരാണ്.ജീവിതവും സ്വപ്നവും തമ്മിൽ ഒരുപാട് അന്തരമുണ്ട്. മാധവിക്കുട്ടിയെ മാത്രം ഇഷ്ടമാണ് “
മറുപടി കേട്ട എനിക്ക് കൗതുകം തോന്നി.
” ആഹാ അതു കൊള്ളാമല്ലോ പിന്നെ എന്തിനാണ് എന്നെ സ്വപ്നത്തിൽ കണ്ടത്?”
” അതാണ് എനിക്കും മനസ്സിലാകാത്തത്.!”
അവളുടെ മറുപടി.
” എങ്കിൽ പിന്നെ ഞാൻ വരച്ചിടുന്ന ചിത്രങ്ങളോട് താല്പര്യം തോന്നിയിട്ടുണ്ടാകും. അത് ചിന്തകളിൽ വന്നിട്ടുണ്ടാകും അതാവും സ്വപ്നത്തിൽ എത്തിയത്.” ഒടുവിൽ ഞാൻ ആ നിഗമനത്തിലെത്തി.
“ഏയ് അല്ല ! എനിക്ക് ചിത്രകാരന്മാരെയും ഇഷ്ടമല്ല.”
“ശ്ശെടാ ! അതെന്താ അവരും സ്വപ്നം വിൽക്കുന്നവരാണോ?” എന്റെ സംശയം.
” ഏയ് അതല്ല , അതിനു പിന്നിൽ വേറൊരു കാര്യമുണ്ട്.”
” എന്തായാലും പറയൂ കേൾക്കട്ടെ.. “
കാരണം കേൾക്കാനുള്ള കൗതുകത്തോടെ ഞാൻ മറുപടി നൽകി.
“ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ എല്ലാ വർഷവും കളമെഴുതാൻ വരുന്ന യുവാവിനോട് എനിക്ക് ആരാധന തോന്നിയിരുന്നു. വിടർന്ന മിഴികളിൽ വിസ്മയം ചാലിച്ച്, ആരാധന തുളുമ്പുന്ന നോട്ടവുമായി ആ യുവാവിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ നിൽക്കുമായിരുന്നു.”
“ഓ പ്രണയം വിടർന്ന നോട്ടം…! കൊള്ളാം !എന്നിട്ട്..?”
എനിക്ക് ബാക്കി കേൾക്കാൻ ആകാംക്ഷയായി.
“പക്ഷേ എന്നോട് അയാൾ യാതൊരു അനുഭാവവും പ്രകടിപ്പിച്ചില്ല. ഒരിക്കൽ കളമെഴുത്തു കഴിഞ്ഞ് ക്ഷേത്രത്തിനു പിന്നിൽ എത്തിയ ആ കലാകാരൻ്റെ അടുത്തേക്കെത്തി. കളമെഴുതുന്ന ചിത്രത്തിലേക്ക് ദേവിയുടെ ചൈതന്യം അതേപടി ആവാഹിക്കുന്ന അയാളോട് ഞാൻ എന്റെ പ്രണയം തുറന്നു പറഞ്ഞു.”
” അതിനുള്ള ധൈര്യം ഒക്കെ ഉണ്ടായിരുന്നോ ! എന്നിട്ടെന്തുണ്ടായി..?”
” കുടുംബങ്ങൾ തമ്മിലുള്ള അന്തരവും ജാതിവ്യത്യാസവും ഒക്കെ അയാളിലൂടെ കടന്നു പോയിരിയ്ക്കാം. അയാൾക്ക് താല്പര്യം ഇല്ലെന്ന് തുറന്നു പറഞ്ഞു.
അവളുടെ ചിന്തകൾ അതിലേക്ക് വീണ്ടും കടന്നു പോയത് ഈ സ്വപ്നം കാരണമായല്ലോ എന്ന് ഉള്ളിൽ തോന്നി. ആശാഭംഗങ്ങൾ കാർമേഘങ്ങളായി അവളുടെ മനസ്സിൽ നിറഞ്ഞിട്ടുണ്ടാവും. വിങ്ങുന്ന മൗനത്തിൻ്റെ നുറുങ്ങുകൾ മെസ്സേജായിട്ടാണെങ്കിലും സംഭാഷണത്തിനെ അല്പനേരം മുറിച്ചു. ഏതാനും നിമിഷങ്ങൾക്ക് ശേഷം വീണ്ടും അവളുടെ മെസ്സേജ് എത്തി.
” കളമെഴുതിയ നിറങ്ങളുടെ പൊടി പറ്റിപ്പിടിച്ച കരങ്ങൾ ചേർത്തുപിടിച്ച് എന്നെ ഉപേക്ഷിക്കരുതെന്ന് ഹൃദയവേദനയോടെ പറഞ്ഞുവെങ്കിലും അയാൾ നിഷ്കരുണം കൈ തട്ടി മാറ്റി കടന്നു പോയി. പിന്നീട് ഒരിക്കലും അയാൾ കളമെഴുതാൻ വന്നിട്ടില്ല.”
സാന്ത്വനത്തിൻ്റെ മഞ്ഞുപാളികൾ മനസ്സിൽ എത്തിയതുപാേലെ എനിക്ക് തോന്നി. എങ്കിലും സരസമായ ചോദ്യത്തിലൂടെ ഞാൻ അതിനെ മറികടന്നു.
“പാവം കലാകാരൻ്റെ കഞ്ഞികുടി മുട്ടിച്ചു എന്ന് പറയുന്നതാവും ശരി”
എനിക്ക് ചിരി വന്നു.
”അന്നു മുതൽ ചിത്രകാരൻമാരോട് എനിക്ക് വെറുപ്പാണ്.” അവളുടെ അനിഷ്ടത്തിന് കാരണം കൂടി കേട്ടപ്പോൾ ഞാനൊന്നു മന്ദഹസിച്ചു.
” Behind every dreams behind a psychological thing ” എന്നാണ് പറയാറ്. പക്ഷേ അതിന് ഇവിടെ ഒരു പ്രസക്തിയും ഉണ്ടെന്നു തോന്നുന്നില്ല.”
അപ്പോൾ തന്നെ മറുപടി മെസ്സേജ് എത്തി.
“When someone appears in your dream, it means that person is missing you” എന്നാണ് ഗൂഗിളിൽ കണ്ടത്. “
ആഹാ! ഗൂഗിളിലും നോക്കിയോ ? പക്ഷേ അതൊന്നും അതും ഈ സ്വപ്നവുമായി യോജിപ്പിക്കാൻ പറ്റില്ലല്ലോ. എന്തെങ്കിലുമാകട്ടെ എന്താണ് സ്വപ്നം എന്ന് പറഞ്ഞില്ലല്ലോ…?
സ്വപ്നമെന്താണെന്നറിയാനുള്ള ആകാംക്ഷയോടെ ഞാൻ മറുപടിയ്ക്കായി കാത്തിരുന്നു.
“ക്ഷേത്രവും ഉത്സവവുമൊക്കെയാണ് കണ്ടത്. ഞാൻ അവിടെ നിങ്ങളെ വായിനോക്കി നിൽക്കുകയായിരുന്നു.”
അവൾ സ്വപ്നത്തിൻ്റെ ചുരുൾ നിവർത്തിത്തുടങ്ങി.
” അതു വെറുതെയാ, മാസ്ക് വെച്ചു നിൽക്കുന്ന എന്റെ വായിൽ എങ്ങനെ നോക്കാനാ..? “
ഞാൻ ചിരിക്കുന്ന രണ്ട് സ്മൈലി അയച്ചു.
“ഏയ് … മാസ്ക്ക് ഒന്നുമില്ലായിരുന്ന കാലമാണ് കണ്ടത് .”
അവൾ അതും വ്യക്തമാക്കി.
“എന്നിട്ട് വെടിക്കെട്ട് തുടങ്ങിയപ്പോൾ ആന ഉറക്കെ ചിന്നം വിളിച്ചു. അതു കണ്ട് പേടിച്ച് നിങ്ങൾ ഓടി.” അവൾ സ്വപ്നത്തിൻ്റെ ബാക്കിയും പറയുകയാണ്.
” അതു കൊള്ളാമല്ലാേ! വെരി ഇൻ്ററസ്റ്റിങ്ങ് ! അല്ലങ്കിലും എനിക്ക് ആനയെ സ്വല്പം ഭയമാണ്, ആനപ്പുറത്ത് കയറാൻ അവസരം കിട്ടിയിട്ടും ഞാനിതുവരെ കയറിയിട്ടില്ല. പേടിച്ചിട്ടാ “
എൻ്റെ മറുപടി വായിച്ചപ്പോൾ തന്നെ ഒരു ആനയുടെ സ്റ്റിക്കർ അവൾ എനിക്ക് അയച്ചു.
” മുഴുവൻ കേൾക്കുമ്പോഴും ഇങ്ങനെ തന്നെ പറയണം”
അവളുടെ മറുപടി കണ്ടു എനിക്ക് എന്തോ പന്തികേട് തോന്നി.
“ഇനി എന്താണ്, ? എന്തായാലും ബാക്കി കൂടി പറയൂ …”എനിക്ക് ആകാംക്ഷ കൂടിക്കൊണ്ടിരുന്നു.
“ആന വിരണ്ടു, ഓടിക്കോ എന്ന് പറഞ്ഞ് അബദ്ധത്തിൽ എന്റെ കയ്യിൽ പിടിച്ചു കൊണ്ടാണ് നിങ്ങൾ ഓടാൻ നോക്കിയത്.അപ്രതീക്ഷിതമായുള്ള പിടുത്തത്തിൽ അമ്പലക്കുളത്തിനടുത്തു നിന്ന ഞാൻ അതിലേക്ക് വീണു. “
“ശ്ശൊ ! അത്ഭുതമായിരിക്കുന്നു. ! ശരിക്കും ഒരു കഥ പോലെയുണ്ട്. “
” ഇത്രയും കഥ, ഇനിയും കാര്യത്തിലേക്ക് കടക്കാം “
“ങേ! അതെന്താ ?” എനിക്കാകെ വല്ലായ്മ തോന്നി.
” ഉണർന്നപ്പോൾ ബെഡിനു താഴെ കിടക്കുകയായിരുന്നു ഞാൻ. റൂമിലാകെ വെള്ളവും “
അത് കേട്ട ഞാനൊന്നു ഞെട്ടി.
“അതെങ്ങനെ സംഭവിച്ചു.?”
അത്ഭുതത്തോടെ ഞാൻ തിരിക്കി.
” സ്വപ്നത്തിലെ വീഴ്ചയുടെ ആഘാതത്തിൽ ബെഡിൽ നിന്നു വീണപ്പാേൾ അടുത്ത് ടേബിളിലിരുന്ന അക്വേറിയത്തിലാണ്. തട്ടിയത്. അങ്ങനെ അത് താഴെ വീണ് പൊട്ടി. അതിൻ്റെ വെള്ളമായിരുന്നു മുറിയിൽ .കയ്യിൽ കെട്ടിയിരുന്ന നല്ലൊരു വാച്ചും പൊട്ടി. ഇത് കേട്ട് ഞാനാകെ അന്തം വിട്ടു പോയി.
“ശ്ശൊ ! കഷ്ടമായിപ്പോയി. ഒരു സ്വപ്നം കാരണമുണ്ടായ പ്രശ്നങ്ങളേ…. “
“വെറുതേയങ്ങനെ പറഞ്ഞിട്ട് കാര്യമില്ല.പ്രശ്നത്തിന് പരിഹാരവും നിങ്ങൾ തന്നെ കാണണം.”
പിന്നെ വന്ന മറുപടി കേട്ട് വീണ്ടും ഞാൻ ഞെട്ടി.
“അതെന്ത് പരിഹാരം ??”
“പെട്ടെന്നുണ്ടായ വീഴ്ചയിൽ എനിക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ മത്സ്യങ്ങളുടെ ജീവൻ രക്ഷിക്കാനുമായില്ല. കൈ കുത്തിയാണ് വീണത്. ഇടതു കൈക്ക് വേദനയും ഉണ്ട് ഒടിവോ ചതവോ കാണും. ആശുപത്രിയിൽ പോകണം”
“അതിന് ….?”
“അതിൻ്റെയെല്ലാം ചെലവ് നിങ്ങൾ വഹിക്കേണ്ടിവരും, നഷ്ടപരിഹാരമായി. “
ഞാൻ ആകെ അന്തിച്ചു പോയി.
” ഇതെന്ത് ന്യായം ? നിങ്ങൾ സ്വപ്നം കണ്ടതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് ഇതൊന്നും അറിയാത്ത ഞാനെന്തിനു നഷ്ടപരിഹാരം നൽകണം..?
എൻ്റെ ഭാഗം ഞാൻ ന്യായികരിക്കാൻ ശ്രമിച്ചു.
” അതൊന്നും പറഞ്ഞാൽ പറ്റില്ല. സ്വപ്നത്തിലെ നായകൻ താങ്കൾ ആയിരുന്നല്ലോ! എന്നെ കുളത്തിൽ തള്ളിയിട്ടതും നിങ്ങളു തന്നെയാണ് “
അവൾ കൂസലില്ലാതെ പറഞ്ഞു.
“അത് സ്വപ്നമല്ലേ – യാഥാർത്ഥ്യമല്ലല്ലോ.. “
“അത് സ്വപ്നം ആണെങ്കിലും അതിനെ തുടർന്നുണ്ടായ എല്ലാം യാഥാർത്ഥ്യം അല്ലേ. അപ്പോൾ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. തന്നെയുമല്ല ഒരു പ്രശ്നം ഉണ്ടായാൽ നിയമത്തിൻ്റെ ഒക്കെ പ്രഥമപരിഗണന സ്ത്രീകൾക്കാണ് കിട്ടുന്നതെന്ന് അറിയാമല്ലോ..?”
“ഇതു വലിയ പൊല്ലാപ്പായല്ലോ ദൈവമേ !”
ഞാൻ ആകെ ധർമ്മസങ്കടത്തിലായി.
” അക്വേറിയം, അതിനുള്ളിലെ മത്സ്യങ്ങളുടെ വില, ആശുപത്രി ചെലവ് എല്ലാംകൂടി കണക്കാക്കി ഒരു തുക ഇങ്ങോട്ട് ഗൂഗിൾ ചെയ്തു തന്നാൽ മതി.”
തുടർന്ന് ഗൂഗിൾപേ നമ്പറും മെസേജ് ചെയ്തു.
“സ്വപ്നത്തിൽ നിന്നെ വിവാഹം ചെയ്തതായി കണ്ടിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ചെലവിനും കൊടുക്കേണ്ടി വരുമായിരുന്നല്ലോ?
സ്വപ്നത്തിൽ അപകടം സംഭവിച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന് ഏതു നിയമത്തിലാണ് ഉള്ളത്.? “
ഞാൻ ദേഷ്യത്തോടെ ചോദിച്ചു .
“എങ്കിൽ നിങ്ങൾ ഇവിടെ നേരിട്ട് വന്നു എന്നു പറയാം, അതിനെ തുടർന്നാണ് ഇതൊക്കെ എന്നു പറഞ്ഞാൽ പിന്നെ നിയമം ആകുമല്ലോ..?”
അവൾ കൂസലില്ലാതെ പറഞ്ഞു.
മനസ്സ് അറിയാത്ത കാര്യത്തിന് കാശു പോകുമല്ലോ എന്നോർക്കവേ ബാറ്ററി ചാർജ് തീർന്നു ഫോൺ ഓഫായി.
ആലസ്യത്തിൽനിന്ന് മിഴി തുറക്കുമ്പോൾ ഫാൻ കറങ്ങുന്നുണ്ടായിരുന്നു. അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് ഹരിനാമകീർത്തനം കാതുകളിൽ നിറയുന്നുണ്ടായിരുന്നു. ഉറക്കത്തിനും ഉണർവ്വിനും ഇടയിലുണ്ടായ ചിത്രങ്ങൾ മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല. അലക്ഷ്യമായി കിടന്നിരുന്ന ഷീറ്റ് ദേഹത്തേക്കെടുത്തിട്ടു പുതച്ചുമൂടി ഞാൻ വീണ്ടും കിടന്നു. സ്വപ്നത്തിന്റെ ബാക്കി കാണുമെന്ന പ്രതീക്ഷയോടെ.