പത്തനംതിട്ട: ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ ഉൾപ്പെട്ട എത്യോപ്യൻ – കോപ്റ്റിക് ഓർത്തഡോക്സ് സഭകളുടെ 13 അംഗ പ്രതിനിധി സംഘം മലങ്കര സഭയിലെ പൗരാണിക ദേവാലയമായ ചന്ദനപ്പള്ളി വലിയ പള്ളി ഇന്ന് സന്ദർശിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക സന്ദേശം ലഭിച്ചു. ശനിയാഴ്ച വൈകിട്ട് 5 ന് എത്തുന്ന സംഘം ഇടവക ജനങ്ങളുമായി സംവധിക്കുകയും നാടും പള്ളിയുമായി ബന്ധപ്പെട്ട ചരിത്ര പഠനവും നടത്തും. കൂടാതെ രാത്രി നമസ്കാരത്തിലും സംബന്ധിക്കുന്ന സംഘം വൈദീക പ്രതിനിധികളുമായി മുഖാ മുഖവും നടത്തും.ഇദംപ്രദമായി ഇടവക
സന്ദർശനം നടത്തുന്ന എത്യോപ്യൻ – കോപ്റ്റിക് പ്രതിനിധി സംഘത്തിന് പരമ്പരാഗതമായ രീതിയിൽ
സ്വീകരണവും ആദരവുമാണ് ഒരുക്കുന്നത്. എത്യോപ്യൻ സഭയുടെ 12 അംഗങ്ങളും കോപ്റ്റിക് സഭയിൽ നിന്ന് ഒരു ഡീക്കനുമാണ്(ശെമ്മാശൻ) എത്തുന്നത്.
ചരിത്ര സന്ദർശനവുമായി ബന്ധപ്പെട്ട് വികാരി ഫാദർ ഷിജു ജോൺ, ഫാദർ ജോം മാത്യു ,ട്രസ്റ്റി കെ എസ് തങ്കച്ചൻ ,സെക്രട്ടറി പി ഡി ബേബിക്കുട്ടി വിവിധ ആധ്യാത്മിക -സഭ സ്ഥാനികളുടെ നേതൃത്വത്തിൽ മാനേജിംഗ് കമ്മിറ്റി ഏകോപനം നടത്തിവരുന്നു.
എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെഡോ ചർച്ച് ഓറിയൻ്റൽ ഓർത്തഡോക്സ് പള്ളികളിൽ ഏറ്റവും വലുതാണ്. എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെഡോ ചർച്ച് 330-ൽ രാജ്യത്തിൻ്റെ ക്രിസ്ത്യൻവൽക്കരണം മുതൽ ആരംഭിച്ചതുമാണ് . 36 ദശലക്ഷത്തിനും 51 ദശലക്ഷത്തിനും ഇടയിൽ സഭാഗങ്ങളായുണ്ട് . വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിൻ്റെ സ്ഥാപക അംഗവുമാണ്. എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെഡോ ചർച്ച് മറ്റ് ഓറിയൻ്റൽ ഓർത്തഡോക്സ് സഭകളായ എറിട്രിയൻ ഓർത്തഡോക്സ് തെവാഹെഡോ ചർച്ച്, അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച്, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച്, അർമേനിയൻ അപ്പോസ്തോലിക് ചർച്ച്, സിറിയക് ഓർത്തഡോക്സ് ചർച്ച് എന്നിവയുമായി കൂട്ടായ്മയിലാണ്.