ആറന്മുള: വിജയാനന്ദ വിദ്യാപീഠത്തിൽ അന്താരാഷ്‌ട്ര യോഗാ ദിനം ആചരിച്ചു. വിദ്യാർത്ഥികളും മറ്റ് ഭാരവാഹികളും ഉൾപ്പെടെ നാനൂറോളം ആളുകൾ പങ്കെടുത്ത് ചടങ്ങിനെ ധന്യമാക്കി. പ്രകൃതിരമണീയമായ അന്തരീക്ഷത്തിലുള്ള, പരമ്പരാഗത രീതിയിലുള്ള ഒരു മാതൃകാ വിദ്യാലയമായി വളർന്നു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് വിജയാനന്ദ വിദ്യാപീഠം.
സ്‌കൂൾ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗാനത്തിന് ശേഷം വിശിഷ്ട വ്യക്തികളെ വിദ്യാർത്ഥികൾ ആരതി ഉഴിഞ്ഞു തിലകമണിയിച്ചു സ്റ്റേജിലേക്ക് ആനയിച്ചു ആദരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ഗോപകുമാർ പിഎസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതു സമ്മേളനത്തിൽ സ്‌കൂളിൽ മാനേജരും, മാനേജിംഗ് ട്രസ്റ്റിയുമായ അജയകുമാർ വല്ലുഴത്തിൽ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതത്തിൽ യോഗ എങ്ങനെ പ്രയോജനകരമാകും എന്നും, എന്താണ് യോഗ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് എന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം വളരെ ലളിതമായി പറഞ്ഞുകൊടുത്തുകൊണ്ടു ഗുരു വിദ്യാരാജ് സ്വാമികൾ വിജയാനന്ദ വിദ്യാലയത്തിലെ യോഗാദിന പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ യോഗ ഡെമോൺസ്‌ട്രേഷൻ നടന്നു.
സ്‌കൂൾ രക്ഷാധികാരി കൂടിയായ കുമ്മനം രാജശേഖരൻ യോഗാദിന പ്രഭാഷണം നടത്തി. “Each soul is potentially divine” എന്ന സ്വാമി വിവേകാനന്ദൻ പറഞ്ഞ വാചകം ഉദ്ധരിച്ചു, ഒരോ മനുഷ്യരിലും അന്തർലീനമായിരിക്കുന്ന ശക്തിയും കഴിവും തിരിച്ചറിയണമെന്നും കുമ്മനം രാജശേഖരൻ ഓർമിപ്പിച്ചു.
പ്രവാസിയും വേൾഡ് മലയാളി കൗൺസിൽ ഭാരവാഹിയും കൂടിയായ ജോസ് കോലത്ത് , ചന്ദ്രശേഖരൻ, എകെ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
പതിനേഴാം വയസിൽ ചെയ്‌തു തുടങ്ങിയ യോഗ, നാളിതു വരെ തന്റെ ജീവിതത്തിൽ വരുത്തിയ സ്വാധീനത്തെ അടിസ്ഥാനമാക്കി ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണെന്നു ജോസ് കോലത്ത് പറഞ്ഞു.
വൈസ് പ്രിൻസിപ്പൽ ലത എസിന്റെ നന്ദി പ്രകാശനത്തോടെ പൊതു സമ്മേളനം അവസാനിച്ചു.