പത്തനംതിട്ട: കോന്നിയിൽ നടക്കുന്ന ആഘോഷ പരിപാടി കരിയാട്ടത്തിന്റെ കൊടിയേറ്റം ഇന്ന് കോന്നി ഇക്കോ ടൂറിസം സെന്ററിൽ നടക്കും. വൈകിട്ട് 4ന് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള 101 മേള കലാകാരന്മാരുടെ സ്‌പെഷ്യൽ പഞ്ചാരിമേളത്തോടെയാണ് കൊടിയേറ്റ്. ചലച്ചിത്രതാരം ഭാവന മുഖ്യാതിഥി ആയിരിക്കും. കരിയാട്ടം ടൂറിസം എക്‌സ്‌പോ 20 മുതൽ സെപ്തംബർ 1 വരെ കോന്നിയിൽ നടക്കും.കെ.എസ്.ആർ.ടി.സി മൈതാനമായിരിക്കും പ്രധാന വേദി.
കോന്നിയിലെ ടൂറിസം സാദ്ധ്യതകൾ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കരിയാട്ടം നടത്തുന്നത്. കോന്നിയിലെ എല്ലാ പഞ്ചായത്തിലും ഗ്രാമീണ ടൂറിസം പദ്ധതികൾ വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 20ന് വൈകിട്ട് 5ന് മന്ത്രി എം.ബി.രാജേഷ് കരിയാട്ടം ടൂറിസം എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. പ്രദർശന വിപണനമേള മന്ത്രി സജി ചെറിയാനും കലാസന്ധ്യകൾ മന്ത്രി വീണാ ജോർജ്ജും ഉദ്ഘാടനം ചെയ്യും.
21ന് രാവിലെ 10.30ന് കേരളാ നോളജ് എക്കോണമിമിഷനും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി തൊഴിൽമേള സംഘടിപ്പിക്കും. കൂടാതെ പ്രവാസി സംഗമം, ആരോഗ്യ പ്രവർത്തക സംഗമം, വനാശ്രിത സമൂഹസംഗമം, ജനപ്രതിനിധി സംഗമം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
ദിവസവും വൈകുന്നേരം 6.30ന് കലാപരിപാടികൾ ഉണ്ടായിരിക്കും. പ്രദർശന വിപണനമേള നടത്തുന്നതിനായി ശീതീകരിച്ചതും അല്ലാത്തതുമായ 200 സ്റ്റാളുകൾ, വൈവിദ്ധ്യം നിറഞ്ഞ വിഭവങ്ങളുമായി വിശാലമായ ഭക്ഷണശാല, കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ കഴിയുന്ന അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
കരിയാട്ടം എന്ന പുത്തൻ കലാരൂപത്തെ ആദ്യമായി ലോകത്തിന് സംഭാവന ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ഓണക്കാലത്തിനുണ്ട്. സെപ്തംബർ 3 ന് സമാപനം നടക്കും. മാമ്മൂട് ജംഗ്ഷനിൽ നിന്ന് കരിയാട്ടം ആരംഭിക്കും. ആനയെ മുഖ്യആകർഷകമാക്കിയാണ് കരിയാട്ടം എന്ന കലാരൂപം അവതരിപ്പിക്കപ്പെടുക. ആന വേഷധാരികളായ കലാകാരന്മാരായിരിക്കും കരിയാട്ടം അവതരിപ്പിക്കുക.
കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരും ഇതോടൊപ്പം അണിനിരക്കും. കരിയാട്ടം എല്ലാ വർഷവും കോന്നിയിലെ പ്രധാന ആഘോഷമാക്കി മാറ്റും. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സാംസ്‌കാരിക ഘോഷയാത്രയും നടക്കും. സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രൻ, കെ.ബി.ഗണഷ് കുമാർ എം.എൽ.എ, ചലച്ചിത്ര താരം ഭാമ എന്നിവർ മുഖ്യാതിഥികളായിരിക്കും.