ചരിത്ര പ്രസിദ്ധമായ രണ്ട് കൺവെൻഷനുകളാണ് എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ പുണ്യനദിയായ പമ്പയുടെ വിരിമാറിൽ കോഴഞ്ചേരിയിൽ നടക്കുന്നത്. ഒന്ന് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തും മറ്റേതു തൊട്ടടുത്ത മണൽപ്പുറത്തു നടക്കുന്ന മാരാമൺ കൺവെൻഷനും. ജാതി മത വ്യത്യാസമില്ലാതെ സ്നേഹത്തോടും ഒത്തൊരുമയോടും നടത്തുന്ന ഈ രണ്ട് വലിയ കൂട്ടായ്മകളും കോഴഞ്ചേരിയിലേയും പരിസരപ്രദേശത്തെയും ജനങ്ങൾക്കു ഭക്തിനിർഭരവും അതോടൊപ്പം വന്നു ചേരുന്ന കടകമ്പോളങ്ങൾ കുട്ടികൾക്ക് ഉത്സവ പ്രതീതിയും സൃഷ്ടിക്കുന്നതാണ്.
ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ വെള്ളിയാഴ്ച നടന്ന സമ്മേളനത്തിൽ കോഴഞ്ചേരി സെന്റ്. തോമസ് മാർത്തോമ്മാ പള്ളി വികാരി റെവ. തോമസ് മാത്യു, അസിസ്റ്റന്റ് വികാരിമാരായ റെവ. ജോർജ് യോഹന്നാൻ, റെവ. കെ.വി. തോമസ് തുടങ്ങിയവരും, കൂടാതെ നാഷണൽ കൗൺസിൽ ഫോർ കമ്യൂണൽ ഹാർമണി (NCCH) ചെയർമാൻ ജോസ് കോലത്ത് കോഴഞ്ചേരിയും പങ്കെടുത്തു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റും, തിരുവിതാംകൂർ വികസന കൌൺസിൽ ചെയർമാനുമായ പി. ശശിധരൻ നായരും കമ്മിറ്റി അംഗങ്ങളും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി അതിഥികളെ പന്തലിലേക്ക് ആനയിച്ചു.
കൂടാതെ അന്നത്തെ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ശ്രീമത് സ്വാമി ചിദാനന്ദപുരി മഹാരാജ് അതിഥികളുമായി സന്തോഷം പങ്കു വെച്ചു . ഹിന്ദുമത പരിഷത്തിൽ പങ്കെടുക്കാനായത് ഒരു പ്രത്യേക അനുഭവമായിരുന്നുവെന്നു പറഞ്ഞ വികാരി റവ. തോമസ് മാത്യു ഹിന്ദുമത പരിഷത്തിന് ആശംസകൾ അറിയിക്കുകയും സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഹിന്ദുമത പരിഷത്തിന്റെ സമാപന ദിവസമായ ഫെബ്രുവരി 12 നു ഞായറാഴ്ചയാണ് ഫെബ്രുവരി 19 വരെ നീണ്ട് നിൽക്കുന്ന ഈ വര്ഷത്തേ മാരാമൺ കൺവെൻഷൻ ആരംഭിച്ചത്. രണ്ട് കൺവെൻഷനുകളും തമ്മിൽ ഒരാഴ്ചത്തെ അകലം കുറിക്കുന്നത് തിരക്ക് നിയന്ത്രിക്കുന്നതിനും ഇരു കൺവെൻഷനുകളിലും സൗകര്യമായി എല്ലാവർക്കും പങ്കെടുക്കുന്നതിനും വേണ്ടിയാണു എന്ന് മാരാമൺ കൺവെൻഷൻ ക്രമപരിപാലന കമ്മിറ്റി വോളണ്ടിയർ കൂടിയായ ജോസ് കോലത്ത് പറഞ്ഞു.