തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ണുമടച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചതിൽ സിപിഎം ജില്ലാ സെക്രട്ടറിക്കും ഔദ്യോഗിക വിഭാഗത്തിനുമെതിരെ പത്തനംതിട്ട സിപിഎമ്മിൽ പടയൊരുക്കം. തിരുത്തൽ നടപടിക്കിറങ്ങിയ പാർട്ടിയെ കെ.പി. ഉദയഭാനുവും സംഘവും ചേർന്ന് പ്രതിസന്ധിയിലാക്കിയെന്ന വിമർശനമാണ് ശക്തമാകുന്നത്. വിവാദങ്ങളിൽ സംസ്ഥാന നേതൃത്വവും കടുത്ത അതൃപ്തിയിലാണ്.
ബിജെപി വിട്ടു വന്ന 62 പേരെ ജില്ലാ സെക്രട്ടറിയും മന്ത്രിയും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ച ദിവസം മുതൽ തുടങ്ങിയതാണ് വിവാദങ്ങൾ. വന്നവരിൽ പ്രധാനിയായ ശരൺ ചന്ദ്രൻ കാപ്പാ കേസ് പ്രതിയെന്ന വിവരം തിരിച്ചടിയായി. പിന്നാലെ യദു കൃഷ്ണൻ എന്ന യുവാവ് കഞ്ചാവ് കേസിൽ ഉൾപ്പെടുന്നു. തീർന്നില്ല, എസ്എഫ്ഐക്കാരെ ഉൾപ്പെടെ വധിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്ന സുധീഷിനും മാലയിട്ടു സ്വീകരണം നൽകിയെന്ന വിവരം പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിക്ക് കാരണമായി.
കേസുകളെല്ലാം ഒഴിവാക്കി നൽകാമെന്ന ഡീലിലാണ് ജില്ലാ സെക്രട്ടറി ഇഡ്ഡലി എന്ന ശരൺ ചന്ദ്രനെയും കൂട്ടാളികളെയും പാർട്ടിയിലേക്ക് കൊണ്ടുവന്നതെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്. മലയാലപ്പുഴയിലെയും പത്തനംതിട്ടയിലെയും പാർട്ടി പ്രാദേശിക ഘടകങ്ങളെ പോലും അറിയിക്കാതെ സ്വീകരണ പരിപാടിയും നടത്തി. വിവാദങ്ങൾ ഓരോന്നും പാർട്ടിക്ക് നാണക്കേടായെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നു.
മാത്രമല്ല, ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്വീകരിക്കാൻ പോയ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നതും പാർട്ടിയെ വെട്ടിലാക്കി. പത്തനംതിട്ടയിലെ വിവാദങ്ങളിൽ സംസ്ഥാന നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ കാര്യങ്ങൾ പരിശോധിക്കണമെന്ന് ഒരു വിഭാഗം ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടുകഴിഞ്ഞു