റാന്നി : താലൂക്കിൽ ഏറ്റവും ആദ്യം വെള്ളം കയറുന്ന റോഡുകളിൽ ഒന്നായ ബണ്ടുപാലം പറമ്പിൽ പടി റോഡിന്റെ സംരക്ഷണ ഭിത്തിയിൽ സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളിൽ തടിക്കഷണം ഉപയോഗിച്ച് വാർത്തത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് റിങ്കു ചെറിയാൻ ആവശ്യപ്പെട്ടു. നിർമാണ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണി ആരംഭിച്ച് 10 മാസം കഴിഞ്ഞിട്ടും നിർമ്മാണം എങ്ങുമെത്തിയില്ല. പ്രദേശവാസികൾ ദുരിതത്തിലാണ്. പണിയിലെ അശാസ്ത്രീയതക്കും അഴിമതിക്കും എതിരെ നിരവധി ജനകീയ സമരങ്ങളും പരാതിയും ഉണ്ടായി. പണിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി സ്ഥലം എം.എൽ.എ ഓഫീസുമായി വാർഡ് മെമ്പർ ബന്ധപ്പെട്ടപ്പോൾ അവിടുള്ള ജീവനക്കാർ മോശമായി സംസാരിച്ചു. അവർ വാർഡ് മെമ്പറോട് ക്ഷമാപണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ, വാർഡ് മെമ്പർ അനിയൻ വളയനാട്, പ്രമോദ് മന്ദമരുതി, സാംജി ഇടമുറി, സൂസൻ പുത്തൻകാവിൽ, ജിജി വർഗീസ്, ഉദയൻ, മോളി മാത്യു, റിൻ വർഗീസ്, ജീനു, സിനോജ് എന്നിവർ പ്രസംഗിച്ചു.