തിരുവല്ല : നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗ്ഗീസ് മാമ്മൻ പറഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും പഴയ താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരി ഹരിക്കാൻ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആയിരക്കണക്കാന് നിർദ്ദനരായ രോഗികളുടെ ഏക ആശ്രയമായ തിരുവല്ല ഗവ ആശുപത്രി അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളില്ലാതെ ആയതോടെ രോഗികൾ വലയുകയാണ്. ആധുനിക സംവിധാനമുള്ള ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനരഹിതമാണ്. ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ചിട്ടില്ല. കിഡ്നി രോഗികളുടെ എണ്ണം വർധിച്ചു വരുന്ന കാലത്ത് ഡയാലിസിസ് സംവിധാനം നാളിതുവരെ തുടങ്ങിയിട്ടില്ല. രോഗികളോടും പാവപ്പെട്ടവരോടുമുള്ള ഇടത് സർക്കാരിന്റെ മനോഭാവം വളരെ ക്രൂരമാണ്. മോർച്ചറി സംവിധാനം ഇല്ലാത്ത മധ്യകേരളത്തിലെ ആശുപത്രിയായി താലൂക്ക് ആശുപത്രി മാറിയിരിക്കുന്നു.
തിരുവല്ല കെ.എസ്.ആർ.ടി.സി കോംപ്ലക്സ് ഒരു നോക്കുകുത്തിയായി നിലകൊള്ളുകയാണ്. കോംപ്ലക്സ് പണി കഴിഞ്ഞ് പത്ത് വർഷമായിട്ടും ഇതുവരെ 80 ശതമാനം സ്ഥലവും വാടകയ്ക്ക് നൽകുവാനാകാതെ ശൂന്യമായി കിടക്കുന്നു. വേണ്ടത്ര പഠനം നടത്താതെയും ആധുനിക സംവിധാനങ്ങളില്ലാതെയും പണിത കോംപ്ലക്സ് കെട്ടിടം സർക്കാരിന് വലിയ ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് മറുപടി പറയുവാൻ തിരുവല്ല എം എൽ എ ബാധ്യസ്ഥനാണ്. തിരുവല്ലയിലെ സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ ഫാക്ടറി അടച്ചു പൂട്ടലിന്റെ ഭീഷണിയിലാണ്. സമസ്ത മേഖലയെയും അവഗണിക്കുന്ന ഇടതുപക്ഷസർക്കാരിന് തിരുവല്ലയിലെ ജനങ്ങൾ തക്ക മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫ് സംസ്ഥാന വ്യാപകമായി ഇടത്പക്ഷ സർക്കാരിനെതിതെ നടത്തുന്ന പദയാത്രയുടെ തിരുവല്ല മണ്ഡല ഉദ്ഘാടനം തിരുമൂലപുരത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് മണ്ഡലം ചെയർമാൻ ബിജു ലങ്കാ ഗിരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മുൻ മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാർ , കേരളാ കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജോർജ് മാത്യു, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം ജന.സെക്രട്ടറി ഷിബു വർഗ്ഗീസ് പുതുക്കേരിൽ, ആർ.എസ്.പി നിയോജക മണ്ഡലം സെക്രട്ടറി മധുസുതനൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ സജി.എം മാത്യു ,രാജൻ തോമസ്,ഗിരീഷ് കറ്റോട് , സെബാസ്റ്റ്യൻ കടുവെട്ടൂർ,മുസ്ലിം ലീഗ് നിയോജക മണ്ഡലം കൺവീനർ പി എ അനീർ, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജേക്കബ് ജോർജ് മനയ്ക്കൽ ,മുനിസിപ്പൽ കൗൺസിലൻമാരായ ജാസ് പോത്തൻ ,മാത്യു സി ചാലക്കുഴി,ഷീലാ വർഗ്ഗീസ്, ഫിലിപ്പ് ജോർജ്, ലെജു എം സക്കറിയ കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബിജു അലക്സ് ,ടോണി കുര്യൻ, കെ.പി രഘു കുമാർ എന്നിവർ പ്രസംഗിച്ചു.