ജൗൻപൂർ: ഏകാന്തത അവസാനിപ്പിക്കാനായി മുപ്പത്തിയഞ്ചുകാരിയെ കല്യാണം കഴിച്ച എഴുപത്തിയഞ്ചുകാരൻ വിവാഹപ്പിറ്റേന്ന് മരിച്ചു. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമത്തിലാണ് സംഭവം. സംഗുറാമാണ് വിവാഹം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ മരിച്ചത്.
ഒരു വർഷം മുൻപാണ് സംഗുറാമിന്റെ ആദ്യ ഭാര്യ മരിച്ചത്. അതിനുശേഷം ഒറ്റയ്ക്കായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒറ്റയ്ക്കുള്ള ജീവിതം മടുത്തതോടെയാണ് സംഗുറാം മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വീണ്ടും വിവാഹം കഴിക്കേണ്ടെന്ന് ബന്ധുക്കൾ അദ്ദേഹത്തോട് പറഞ്ഞിരുന്നു.
സെപ്റ്റംബർ 29നാണ് ജലാൽപൂർ സ്വദേശിയായ മൻഭവതിയെ സംഗുറാം വിവാഹം ചെയ്തത്. വിവാഹം റജിസ്റ്റർ ചെയ്തതിന് പിന്നാലെ സമീപത്തെ ക്ഷേത്രത്തിൽ വച്ച് പരമ്പരാഗത രീതിയിൽ ചടങ്ങുകൾ നടത്തിയിരുന്നു. വിവാഹ ദിവസം രാത്രി ഇരുവരും ഒരുപാട് നേരം സംസാരിച്ചിരുന്നുവെന്ന് ഭാര്യ പറഞ്ഞു.
വിവാഹം കഴിഞ്ഞ് അടുത്ത ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. പെട്ടെന്ന് തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ വച്ചാണ് സംഗുറാം മരിച്ചത്. പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.



