ബെംഗളുരു: ത്വക്ക് രോഗ വിദഗ്ധയുടെ ദുരൂഹ മരണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഭർത്താവായ ജനറൽ സർജൻ അറസ്റ്റിൽ. ബെംഗളുരു വിക്ടോറിയ ആശുപത്രിയിലെ ജനറൽ സർജനായ ജി.എസ്. മഹേന്ദ്ര റെഡ്ഡി (31) ആണ് അറസ്റ്റിലായത്. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷം വളരെ സമർഥമായാണ് ഇയാൾ കൊലപാതകം നടപ്പിലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
ത്വക്ക് രോഗ വിദഗ്ധയായ ഭാര്യ ഡോ.കൃതിക റെഡ്ഡിയെ (28) ചികിത്സയുടെ മറവിൽ അനസ്തേഷ്യ മരുന്ന് നൽകിയാണ് മഹേന്ദ്ര കൊലപ്പെടുത്തിയത്. കൃതികക്ക് ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും, വിവാഹത്തിനു മുമ്പ് ഭാര്യവീട്ടുകാർ ഇത് വെളിപ്പെടുത്താത്തതിൽ മഹേന്ദ്ര അസ്വസ്ഥനായിരുന്നെന്നും പൊലീസ് പറയുന്നു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്.
ഏപ്രിൽ 23നാണ് കൃതികയെ സ്വന്തം വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൂന്നുദിവസങ്ങൾക്ക് മുമ്പ് ഗ്യാസ്ട്രബിൾ സംബന്ധമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ച കൃതികക്ക് മഹേന്ദ്ര റെഡ്ഡി മരുന്നുകൾ നൽകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് മുൻപ് നൽകുന്ന അനസ്തേഷ്യ മരുന്ന് മഹേന്ദ്ര അമിത അളവിൽ നൽകി. വിശ്രമം ആവശ്യമാണെന്നു പറഞ്ഞ് കൃതികയെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്നു രാത്രി തന്നെ സ്വന്തം വീട്ടിൽ തിരിച്ചെത്തി മറ്റൊരു ഡോസ് കൂടി നൽകി. കുത്തിവെപ്പ് നൽകിയ സ്ഥലത്ത് വേദനയുണ്ടെന്ന് കൃതിക പറഞ്ഞെങ്കിലും മഹേന്ദ്ര ആശ്വസിപ്പിച്ചു. വീണ്ടും മരുന്നു നൽകി. പിറ്റേന്നു രാവിലെ കൃതികയെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ആദ്യഘട്ടത്തിൽ സ്വാഭാവിക മരണമാണെന്ന് കരുതിയെങ്കിലും കൃതികയുടെ സഹോദരിയും ഡോക്ടറുമായ നിഖിത എം. റെഡ്ഡി മരണകാരണം ആരാഞ്ഞതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പോസ്റ്റ്‌മോർട്ടം ആവശ്യമില്ലെന്ന് പറഞ്ഞ് മഹേന്ദ്ര ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് നിർബന്ധിച്ചു. എന്നാൽ, നിഖിതയുടെ ആവശ്യപ്രകാരം അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ, കൃതികയുടെ ശരീരം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുകയും ചെയ്തു. ഓപറേഷൻ തിയറ്ററുകളിൽ ഉപയോഗിക്കുന്ന അനസ്തേഷ്യ മരുന്ന് അമിത അളവിൽ ഉപയോഗിച്ചതാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നതായിരുന്നു ആറുമാസത്തിന് ശേഷം പുറത്തുവന്ന ഫോറൻസിക് പരിശോധന ഫലം.
ഇതിന് പിന്നാലെയാണ് ഡോ. മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൃതികയുടെ മരണശേഷം ഏറെ ദുഖിതനായി കാണപ്പെട്ടിരുന്ന ഇയാൾ ഇടക്കിടെ ഭാര്യയുടെ കുടുംബത്തെ സന്ദർശിക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതുകൊണ്ടുതന്നെ ഇയാളെ കുടുംബം സംശയിച്ചിരുന്നുമില്ല.
2024 മെയ് 26നാണ് കൃതികയും മഹേന്ദ്രയും വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങൾ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. വിവാഹത്തിനായി രണ്ട് കോടി രൂപയിലധികം ചെലവഴിച്ചതായി കൃതികയുടെ കുടുംബം പറയുന്നു. ഇതിന് പിന്നാലെ, ഒക്ടോബറിൽ ബെംഗളൂരുവിൽ ഒരു ആശുപത്രി സ്ഥാപിക്കാൻ മഹേന്ദ്ര കൃതികയുടെ കുടുംബത്തിൽ വൻതുക ആവശ്യപ്പെടുകയായിരുന്നു.
ആശുപത്രി സ്ഥാപിക്കുന്നതിന് മുമ്പ് അൽപനാൾ കൂടെ ജോലി തുടരാൻ കുടുംബം നിർദേശിച്ചു. ഇതിന് ശേഷം പണം നൽകാമെന്നും ഉറപ്പുനൽകി. എന്നാൽ മഹേന്ദ്ര ഇതിൽ അസ്വസ്ഥനായിരുന്നുവെന്ന് യുവതിയുടെ പിതാവ് മോഹൻ പറഞ്ഞു.
മകളുടെ മരണത്തിൽ മഹേന്ദ്രക്ക് പങ്കുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഇരട്ട സഹോദരൻ ഡോ. നാഗേന്ദ്ര റെഡ്ഡിക്കെതിരെയും എച്ച്.എ.എൽ പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതായും മോഹൻ പറഞ്ഞു.
പഠനകാലത്ത് മുംബൈ സ്വദേശിനിയായ യുവതിയുമായി മഹേന്ദ്രക്ക് ബന്ധമുണ്ടായിരുന്നുവെന്നും കൃതികയെ വിവാഹം ചെയ്യുന്ന സമയത്ത് ശല്യപ്പെടുത്താതിരിക്കാൻ ഇവർക്ക് വൻതുക വാഗ്ദാനം ചെയ്തിരുന്നതായും കുടുംബം ആരോപിച്ചു. കോടതിയിൽ ഹാജരാക്കിയ മഹേന്ദ്രയെ ഒമ്പതുദിവസത്തിന് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി.



