പി.പി ചെറിയാൻ
വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയിലേക്ക് ആരെ പ്രവേശിപ്പിക്കണം, ആരുടെ വിസ റദ്ദാക്കണം എന്ന് തീരുമാനിക്കുന്ന നിർണ്ണായക പദവിയിലേക്ക് ഒരു അഭിഭാഷകയും ബ്യൂട്ടി സലൂൺ ഉടമയുമായ മോള നംദാറിനെ നിയമിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ കൺസുലർ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയായാണ് ഇവർ നിയമിതയായത്.
പാസ്‌പോർട്ട് വിതരണം, വിസ അനുവദിക്കൽ, റദ്ദാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇനിയുള്ള തീരുമാനങ്ങൾ മോള നംദാറിന്റെ കീഴിലായിരിക്കും.
ടെക്സസിൽ ‘Bam’ എന്ന പേരിൽ പ്രശസ്തമായ ബ്യൂട്ടി സലൂൺ ശൃംഖല നടത്തുന്നയാളാണ് മോള. ഒപ്പം സ്വന്തമായി ഒരു നിയമസ്ഥാപനവും ഇവർക്കുണ്ട്. ഇറാാനി കുടിയേറ്റക്കാരുടെ മകളായ ഇവർ ട്രംപിന്റെ ആദ്യ ഭരണകാലത്തും താൽക്കാലികമായി ഈ പദവി വഹിച്ചിട്ടുണ്ട്.
ട്രംപിന്റെ രണ്ടാം ഊഴത്തിലെ വിവാദ നയരേഖയായ ‘പ്രോജക്റ്റ് 2025’-ൽ പങ്കാളിയായ വ്യക്തി കൂടിയാണ് മോള നംദാർ.
ഒരു സലൂൺ ഉടമയെ ഇത്തരം ഗൗരവകരമായ പദവിയിൽ നിയമിച്ചതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, അവർ മികച്ച അഭിഭാഷകയും കഴിവുള്ള ഉദ്യോഗസ്ഥയുമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.
അമേരിക്കയുടെ വിദേശനയങ്ങളെ എതിർക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ അമേരിക്കൻ വിരുദ്ധത പ്രചരിപ്പിക്കുന്ന യൂറോപ്യൻ പൗരന്മാർക്കും വിസ നിഷേധിക്കുന്നതടക്കമുള്ള കർശന നടപടികൾക്ക് ഇവർ നേതൃത്വം നൽകുമെന്നാണ് റിപ്പോർട്ട്.



