തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗം കേരളീയ സമൂഹത്തിന്റെ നഷ്ടമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കാനത്തിന്റെ പൊതുജീവിതം തൊഴിലാളി വര്‍ഗത്തിന്റെ അവകാശ സംരക്ഷണത്തിന് വേണ്ടി മാറ്റിവെച്ചതാണ്. അസാമാന്യ മനക്കരുത്തോടെ നിലപാടുകള്‍ തുറന്ന് പറയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിനെന്നും കെ സുധാകരൻ അനുസ്മരിച്ചു.
സൗമ്യശീലനായ കാനം രാജേന്ദ്രന്‍ നേതാവായിരുന്നു. ദിശാബോധത്തോടെ സിപിഐയെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തൊഴിലാളി പ്രശ്‌നങ്ങളില്‍ എക്കാലത്തും സജീവ ഇടപെടല്‍ നടത്തിയ അദ്ദേഹത്തിന്റെ പൊതുജീവിതം തൊഴിലാളി വര്‍ഗത്തിന്റെ അവകാശ സംരക്ഷണത്തിന് വേണ്ടി മാറ്റിവെച്ചതാണ്. അസാമാന്യ മനക്കരുത്തോടെ നിലപാടുകള്‍ എവിടെയും തുറന്ന് പറയുന്ന പ്രകൃതമായിരുന്നു കാനത്തിനെന്നും മികച്ച പാര്‍ലമെന്റേറിയനും ജനകീയനായ പൊതുപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹമെന്നും സുധാകരൻ അനുസ്മരിച്ചു. ആശയപരമായി വ്യത്യസ്ത പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിരുന്നു. കാനം രാജേന്ദ്രന്റെ നിര്യാണം കേരളീയ പൊതുസമൂഹത്തിന് കനത്ത നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.
ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ (73) അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം രാജേന്ദ്രൻ. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.