റായ്പൂർ: ആശ്രമത്തിന്റ മറവിൽ കഞ്ചാവ് വിൽപന നടത്തിയ സ്വയം പ്രഖ്യാപിത യോഗ ഗുരു അറസ്റ്റിൽ. ഗോവയിൽ നിന്ന് തിരിച്ചെത്തി ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ ആശ്രമം സ്ഥാപിക്കാൻ ശ്രമം നടത്തുകയായിരുന്ന 45 കാരനായ തരുൺ ക്രാന്തി അഗർവാൾ എന്ന എന്ന സോനുവാണ് അറസ്റ്റിലായത്.
ഇയാളുടെ ആശ്രമത്തിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി. ആശ്രമത്തിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഒരു ദശാബ്ദക്കാലം ഗോവയിൽ ചെലവഴിച്ചതിന് ശേഷമാണ് പ്രതി തിരിച്ചെത്തിയത്. വിദേശികൾ ഉൾപ്പെടെ പലർക്കും യോഗ പഠിപ്പിക്കുന്നതിന് ‘ദി ക്രാന്തി’ എന്ന സംഘടന നടത്തിയിരുന്നു. ഡോൺഗർഗഡ് ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായി പ്രജ്ഞ ഗിരി കുന്നുകൾക്ക് സമീപം അഞ്ച് ഏക്കർ ഭൂമി ഇയാൾ വാങ്ങിയിരുന്നു.
ഇവിടെ ആശ്രമം സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തവർക്കും വിനോദസഞ്ചാരികൾക്കും ഇയാൾ മയക്കുമരുന്ന് നൽകുന്നുവെന്ന വിവരം ഡോൺഗർഗഡ് പൊലീസിന് ലഭിച്ചു. തുടർന്നായിരുന്നു പരിശോധന.



