ന്യൂഡൽഹി: ഇന്ത്യ അമേരിക്ക വ്യാപാര കരാർ അന്തിമമായെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതിനുപിന്നാലെ തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് കരാർ പ്രഖ്യാപനം നടത്തിയത്. അതിലെ വ്യവസ്ഥപ്രകാരം ഇന്ത്യയ്ക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ആക്കി കുറച്ചെന്ന് ട്രംപ് പറഞ്ഞു. തീരുവകുറച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന് നന്ദി പറഞ്ഞെങ്കിലും വ്യാപാരക്കരാറായെന്ന് സ്ഥിരീകരിച്ചിട്ടില്ല.
തീരുവ കുറച്ചതിന് പകരമായി റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈൻ യുദ്ധം തീർക്കുന്നതിന് സഹായകമാകുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ, യുഎസിൻ്റെ ഊർജ, സാങ്കേതിക, കാർഷിക, മേഖലയിൽനിന്ന് 50,000 കോടി ഡോളറിൻ്റെ ഉൽപന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നതിനുപകരമായി യുഎസിൽനിന്നും വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ ഇന്ത്യ വാങ്ങിയേക്കുമെന്നും പറഞ്ഞിട്ടുണ്ട്. അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള തീരുവ പൂർണമായും ഇളവുചെയ്യാനും തീരുവയിതര നിയന്ത്രണങ്ങൾ എടുത്തുകളയാനും ഇന്ത്യ സന്നദ്ധമായിട്ടുണ്ടെന്നും പറഞ്ഞു.
പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ അഭ്യർഥനപ്രകാരമാണ് ഈ വ്യാപാരക്രമീകരണമെന്നും ട്രംപ് അവകാശപ്പെട്ടു. മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമതിയാണെന്നും അദ്ദേഹം മഹാനായ സുഹൃത്തും കരുത്തനായ നേതാവുമാണെന്നും ട്രംപ് പറഞ്ഞു. മോദിയുമായി ട്രംപ് സംസാരിച്ചെന്നും കാത്തിരിക്കുവെന്നും ഇന്ത്യയിലെ യു.എസ്. സ്ഥാനപതി സെർഗിയോ ഗോർ എക്സിൽ കുറിച്ചതിനു പിന്നാലെയാണ് ട്രംപിൻ്റെ പ്രഖ്യാപനം.



