ന്യൂയോർക്: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ, ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ പ്രധാന കാര്യമല്ലെന്നും ഇന്ത്യ അവരുടെ എണ്ണ വാങ്ങലിൽ വൈവിധ്യവത്കരണത്തിനൊരുങ്ങുകയാണെന്നും യു.എസ് വ്യാപാര പ്രതിനിധി ജെമിയേസൺ ഗ്രീർ പറഞ്ഞു.
ന്യൂഡൽഹി ഈ കാര്യങ്ങളിൽ അവരുടെ സ്വതന്ത്ര തീരുമാനം കൈക്കൊള്ളും. ഒരു രാജ്യം ആരുമായി ബന്ധം സ്ഥാപിക്കണമെന്ന കാര്യമൊന്നും വാഷിങ്ടൺ അടിച്ചേൽപിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ദ ഇക്കണോമിക് ക്ലബ് ഓഫ് ന്യൂയോർക്’ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് എല്ലാകാലത്തും റഷ്യയുമായി അടുത്ത ബന്ധമുണ്ട്. എന്നാൽ, അവർ അത്രയധികം എണ്ണ എല്ലാ സമയത്തും വാങ്ങിയിട്ടില്ല. കഴിഞ്ഞ രണ്ടുമൂന്നു കൊല്ലമായി എണ്ണ വാങ്ങലിൽ വർധനയുണ്ട്. അവരുടെ സ്വന്തം ആവശ്യത്തിന് മാത്രമല്ല, ശുദ്ധീകരിച്ച് വിൽക്കാനും ഇന്ത്യ വാങ്ങുന്നുണ്ട്-ഗ്രീർ അഭിപ്രായപ്പെട്ടു.



