ദില്ലി: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. സിപിഎമ്മിന്‍റെ ഹിന്ദു വിരുദ്ധ നിലപാട് ഒരിക്കല്‍ക്കൂടി പുറത്ത് വന്നു.ഹിന്ദു വിശ്വാസങ്ങള്‍ എല്ലാം അന്ധവിശ്വാസങ്ങളെന്നതാണ് സിപിഎം നിലപാട്. ഏത് പാഠപുസ്തകത്തിലാണ് ശാസ്ത്രത്തിന് പകരം മിത്തുകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഷംസീർ വ്യക്തമാക്കണമെന്ന് മരളീധരൻ ആവശ്യപ്പെട്ടു.
ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിക്കുന്ന എ.എൻ.ഷംസീർ സ്പീക്കർ പദവിയിൽ തുടരാൻ യോഗ്യനല്ലെന്ന എൻഎസ്എസ് ആവശ്യം തികച്ചും ന്യായമാണ്.വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നവിധം സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പുപറയുക തന്നെ വേണം. ഭൂരിപക്ഷ സമുദായത്തിൻ്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന സമീപനം ,ഉന്നതഭരണഘടനാ പദവിയിലിരിക്കുന്നയാൾക്ക് യോജിച്ചതല്ല.
മുൻപ് ശബരിമലയിലും സമാന നിലപാട് സിപിഎം സർക്കാരും നേതാക്കളും സ്വീകരിക്കുന്നത് കേരളം കണ്ടതാണ്. സ്പീക്കര്‍ പദവിയിലിരുന്ന് മറ്റ് അജണ്ടകൾ ഒളിച്ച് കടത്താമെന്ന വ്യാമോഹം ഷംസീറിനും സംരക്ഷക സഖാക്കൾക്കും വേണ്ട. നായർ സർവീസ് സൊസൈറ്റിയുടെ ആവശ്യത്തിന് ഐക്യദാർഢ്യം അറിയിക്കുന്നു. എൻഎസ്എസ് ആവശ്യത്തോട് മുഖ്യമന്ത്രിയുടെയും എൽഡിഎഫിൻ്റെയും നിലപാട് വ്യക്തമാക്കണം. ഒപ്പം, കേരളത്തിലെ പ്രതിപക്ഷം ഈ സ്പീക്കറോട് സഹകരിക്കുമോയെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു