നിരവധി ജോലി തട്ടിപ്പുകൾ കേട്ടിട്ടുണ്ടെങ്കിലും ബിഹാറിലെ പുതിയ തരത്തിലുള്ള തട്ടിപ്പിനിരയായത് നിരവധി പുരുഷന്മാരാണ്. സ്ത്രീകളെ ഗർഭം ധരിപ്പിച്ചാൽ ലക്ഷങ്ങൾ പ്രതിഫലം ലഭിക്കുമെന്ന് ഓൺലൈൻ പരസ്യം നൽകിയാണ് നിരവധി പുരുഷന്മാരിൽനിന്നാണ് ഇവർ പണം കൈക്കലാക്കിയത്. ഓൾ ഇന്ത്യ പ്രഗ്നന്റ് ജോബ് ഏജൻസി എന്ന പേരിലായിരുന്നു രാജ്യത്തെ വിവിധയിടങ്ങളിലുള്ളവരെ തട്ടിപ്പിനിരായക്കിയത്.
ബിഹാറിലെ എട്ടംഗ സംഘമാണ് തട്ടിപ്പിന് പിന്നിൽ. പ്രതികളെ ബിഹാർ പൊലീസ് കൈയോടെ പൂട്ടിയെങ്കിലും മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. ബിഹാറിലെ നവാഡ ജില്ല കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവർത്തിച്ചിരുന്നത്. ഭർത്താവിൽനിന്നും ജീവിതപങ്കാളിയിൽനിന്നും ഗർഭം ധരിക്കാൻ കഴിയാത്ത സ്ത്രീകളെ ഗർഭം ധരിപ്പിക്കുകയെന്നതാണ് ജോലിയെന്നും 13 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പ്. സ്ത്രീകളെ ഗർഭം ധരിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അഞ്ചു ലക്ഷം സമാശ്വാസസമ്മാനമായി നൽകുമെന്നായിരുന്നു തട്ടിപ്പിലെ മറ്റൊരു വാഗ്ദാനം.
ജോലി ലഭിക്കുന്നതിനായി 799 രൂപ അടച്ച് രജിസ്‌ട്രേഷൻ ചെയ്യണം. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ സ്ത്രീകളുടെ ചിത്രങ്ങൾ അയച്ചുനൽകും. ഇതിൽ നിന്ന് സ്ത്രീകളെ തെരഞ്ഞെടുക്കാൻ അവസരമൊരുക്കുന്നു. ഇഷ്ടപ്പെട്ട സ്ത്രീയെ തിരഞ്ഞെടുത്ത് മറുപടി അറിയിച്ചാൽ അടുത്തതായി സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക അടയ്ക്കണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഈ തുക 5000 മുതൽ 20000 വരെ വരും.
ഈ പണം നൽകി കഴിഞ്ഞാൽ പിന്നെ തട്ടിപ്പ് സംഘത്തിന്റെ ഒരറിവും ഉണ്ടാകില്ല. ഇത്തരത്തിൽ നിരവധി പുരുഷന്മാരെയാണ് തട്ടിപ്പ് സംഘം ഇരയാക്കിയത്. മുന്ന കുമാർ എന്നയാളാണ് ഈ തട്ടിപ്പുസംഘത്തിന്റെ പ്രധാനി. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.