തിരുവനന്തപുരം: കാലിക്കറ്റ് സെനറ്റ് വിഷയത്തിൽ എസ്എഫ്ഐ നീക്കം വിജയിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണ്. ആക്രമണം പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. തന്നെ ആക്രമിക്കാൻ ഗുണ്ടകളെ വാടകയ്ക്ക് എടുത്തു. അങ്ങനെ ഒരാൾ മറുപടി അർഹിക്കുന്നില്ല. രാഷ്ട്രപതിക്ക് പരാതി അയയ്ക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇതിനിടെ ഗവർണർക്ക് നേരെ വീണ്ടും കരിങ്കൊടികാട്ടി. ജനറൽ ആശുപത്രിക്ക് സമീപത്ത് വച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് സര്‍ക്കാര്‍ കത്തയച്ചിരുന്നു. ഗവര്‍ണറെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോകോള്‍ ലംഘനം നടത്തുന്നുവെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു. പ്രധാനമന്ത്രിക്കും ഇതേ കത്ത് അയച്ചിട്ടുണ്ട്. സർക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം മുറുകിയിരിക്കെ സര്‍ക്കാരിന്‍റെ ഭാഗത്തും നിന്നുള്ള നടപടി നിര്‍ണായകമാവുകയാണ്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇന്ന് ഗവർണർ.
ഗവര്‍ണറെ തിരികെ വിളിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് സര്‍ക്കാര്‍
സർക്കാരും ഗവർണറും തമ്മിലുള്ള തുറന്ന പോരിനാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം സാക്ഷിയായത്. സർവകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരികിക്കയറ്റാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ കാലിക്കറ്റ് സർവ്വകലാശാലയിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്കാണ് നയിച്ചത്. പിന്നാലെ കേരളം മുഴുവൻ പോസ്റ്റർ യുദ്ധത്തിനാണ് സാക്ഷിയായത്. എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനലുകളെന്ന് വിളിച്ച ഗവർണർ കോഴിക്കോട് മിഠായി തെരുവിലെത്തി ജനങ്ങളെ നേരിട്ട് കണ്ട് കുശാലാന്വേഷണം നടത്തുകയും സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചത്.