ദില്ലി : ക്രിമിനൽ നിയമ പരിഷ്കാരങ്ങൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകി. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ ബില്ലുകളിലാണ് രാഷ്ട്രപതി ഒപ്പുവച്ചത്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ മൂന്ന് ബില്ലുകളും പാസാക്കിയിരുന്നു.
ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവുനിയമം എന്നിവയിലാണ് ഇതോടെ മാറ്റം വന്നത്. കഴിഞ്ഞ സമ്മേളനത്തിൽ മൂന്നു ബില്ലുകളും അവതരിപ്പിച്ചിരുന്നെങ്കിലും അവ പിന്നീട് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച ബില്ലുകൾ ഈ ശൈത്യകാല സമ്മേളനത്തിൽ ലോക്സഭയും രാജ്യസഭയും പാസാക്കുകയായിരുന്നു.
സർക്കാരിനെതിരായ കുറ്റകൃത്യം എന്നതില്‍ നിന്നും ഇനി രാജ്യത്തിനെതിരായ കുറ്റമായി രാജ്യദ്രോഹം മാറുമെന്നായിരുന്നു ബിൽ ലോകസഭയിലെത്തിയ വേളയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതും നീതി ഉറപ്പാക്കുന്നതുമാകുമാണ് പുതിയ നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യമെന്നാണ് സർക്കാർ അവകാശവാദം.