യുഎഇയിൽ സെപ്റ്റംബർ മാസത്തിൽ പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യത. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ കുറവാണ് ഇന്ധന വിലയിൽ കുറവുവരുത്തുക. മാസത്തിലെ അവസാന ദിവസമാണ് യുഎഇയിലെ അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിക്കുക.
നിലവിൽ ക്രൂഡ് ഓയിൽ ബാരലിന് 66.91 ഡോളറാണ് വില. ജൂലൈ മാസം അവസാനം 69.87 ഡോളറായിരുന്നു വില. യുഎഇയിൽ ഓഗസ്റ്റ് മാസത്തെ പെട്രോൾ വില ജൂലൈ മാസത്തെ അപേക്ഷിച്ച് നേരിയ തോതിൽ കുറച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് ഒരു ഫില്‍സിന്റെ കുറവാണ് വരുത്തിയിരുന്നത്. എന്നാൽ ഡീസല്‍ ലിറ്ററിന് പതിനഞ്ച് ഫില്‍സ് കൂട്ടുകയും ചെയ്തിരുന്നു.
യുഎഇ ഊര്‍ജ്ജമന്ത്രാലത്തിന് കീഴിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് ഓഗസ്റ്റ് മാസത്തെ പുതുക്കിയ വില പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോളിന് 2 ദിര്‍ഹം 69 ഫില്‍സാണ് ഓഗസ്റ്റ് മാസത്തെ പുതുക്കിയ വില. സ്പെഷ്യല്‍ 95 പെട്രോളിന് 2 ദിര്‍ഹം 58 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 57 ഫില്‍സായി വില കുറഞ്ഞിരുന്നു.



