യുനൈറ്റഡ് നാഷന്‍സ് : ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ അടിയന്തര പ്രമേയത്തെ പരാജയപ്പെടുത്തി അമേരിക്ക.
വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്‍ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടെയും പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തു. 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയം ഇതോടെ രക്ഷാസമിതിയില്‍ പാസായില്ല.
15 അംഗ രക്ഷാസമിതിയില്‍ 13 രാജ്യങ്ങള്‍ പ്രമേയത്തിനു അനുകൂലമായി വോട്ടു ചെയ്തു. ബ്രിട്ടന്‍ വിട്ടുനിന്നു. ഗസ്സയില്‍ ഇസ്രായേലിന്റെ മനുഷ്യക്കുരുതി രണ്ടുമാസം പിന്നിട്ടതോടെയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെടാന്‍ യു.എന്‍ ചാര്‍ട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ പ്രത്യേകാധികാരം പ്രയോഗിച്ച് അടിയന്തര രക്ഷാസമിതി വിളിച്ചുചേര്‍ത്തത്.
ഗാസയിലെ ജനങ്ങളുടെ നരകയാതന അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്നും ലോകവും ചരിത്രവും എല്ലാം കാണുന്നുണ്ടെന്നും ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണെന്നും ഗുട്ടെറസ് പറഞ്ഞിരുന്നു. നിലവില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് പറഞ്ഞാണ് അമേരിക്ക പ്രമേയത്തെ വീറ്റോ ചെയ്തത്.
ഇസ്രായേലിനും പാലസ്തീനും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാന്‍ കഴിയുന്ന സമാധാന അന്തരീക്ഷത്തെ യു.എസ് ശക്തമായി പിന്തുണക്കുന്നുണ്ടെങ്കിലും, ഉടനടി വെടിനിര്‍ത്തലിനുള്ള ആഹ്വാനത്തെ ഞങ്ങള്‍ പിന്തുണക്കുന്നില്ല. ഇത് അടുത്ത യുദ്ധത്തിനുള്ള വിത്ത് പാകുകയേ ഉള്ളൂ, കാരണം ശാശ്വതമായ സമാധാനം കാണാനും ദ്വിരാഷ്ട്ര പരിഹാരം കാണാനും ഹമാസിന് ആഗ്രഹമില്ല’ -യു.എന്നിലെ യു.എസ് ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് പറഞ്ഞു. അതേസമയം, സാധാരണക്കാരുടെ സംരക്ഷണവും ഹമാസിന്റെ കൈയിലുള്ള ബന്ദികളെ മോചിപ്പിക്കാനുമായി യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിനെ തങ്ങള്‍ പിന്തുണക്കുന്നതായും അമേരിക്ക അറിയിച്ചു.
യു.എന്‍ പ്രമേയം വീറ്റോ ചെയ്ത അമേരിക്കയുടെ നടപടിയില്‍ പാലസ്തീന്‍ ശക്തമായി അപലപിച്ചു. ഇസ്രായേല്‍ സൈനികനീക്കത്തില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 17,480 ആയി. ഇതില്‍ 4,000-ത്തിലധികം പേര്‍ സ്ത്രീകളും 7,000 കുട്ടികളുമാണ്. പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയിലാണ്. ഈ സംഖ്യകളെല്ലാം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
വായുവില്‍ നിന്നും കരയില്‍ നിന്നും കടലില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ ദിവസവും തീവ്രമാക്കുകയാണ്. ഇതുവരെ 339 വിദ്യാഭ്യാസ സൗകര്യങ്ങള്‍, 26 ആശുപത്രികള്‍, 56 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍, 88 പള്ളികള്‍, മൂന്ന് ചര്‍ച്ചുകള്‍ എന്നിവ അവര്‍ നശിപ്പിച്ചു. ഗാസയിലെ 60 ശതമാനത്തിലധികം ഭവനങ്ങളും -ഏകദേശം 3,00,000 വീടുകളും അപ്പാര്‍ട്ടുമെന്റുകളും- നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു. ജനസംഖ്യയുടെ 85 ശതമാനവും വീടുകളില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടു.