വാഷിങ്ടൺ: സ്വതന്ത്രവും തുറന്നതുമായ ഇൻഡോ പസഫിക് മേഖലയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യയുമായുള്ള സഹകരണം വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് അമേരിക്കയുടെ വാർഷിക പ്രതിരോധ നയ ബിൽ. ചൈനയുടെ വെല്ലുവിളി നേരിടാൻ ക്വാഡ് കൂട്ടായ്മയിലൂടെ ഉൾപ്പെടെ ഇന്ത്യയുമായി കൂടുതൽ സഹകരണം വേണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പുറത്തിറക്കിയ ബില്ലിൽ പറയുന്നത്.
2026 സാമ്പത്തിക വർഷത്തേക്കുള്ള പ്രതിരോധ നയ ബില്ലിൽ ഇന്തോ-പസഫിക് മേഖലയിലെ പ്രതിരോധ സഖ്യങ്ങളെയും പങ്കാളിത്തങ്ങളെയും കുറിച്ചുള്ള ആശയം വിശദീകരിക്കുന്നു. ഇൻഡോ പസഫിക് മേഖലയിലും അതിനപ്പുറവും അമേരിക്കയുടെ പ്രതിരോധ സഖ്യങ്ങളും പങ്കാളിത്തവും ശക്തിപ്പെടുത്താൻ പ്രതിരോധ സെക്രട്ടറി ഊർജിത ശ്രമം നടത്തണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു. ഇന്ത്യയുമായുള്ള സമുദ്ര സഹകരണമാണ് ഇതിൽ പ്രധാനമായി ലക്ഷ്യം വെക്കുന്നത്.



