തിരുവനന്തപുരം: പുതുപ്പള്ളിയില്‍ രാഷ്ട്രീയ മത്സരത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരുടെയും ഔദാര്യം ആവശ്യമില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഞങ്ങളെക്കൊണ്ട് ഇതെല്ലാം പറയിക്കാന്‍ വേണ്ടിയാണ് പ്രസ്താവന നടത്തിയതെന്നും സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുദ്രാവാക്യം വിളിച്ചത് വിവാദമാക്കേണ്ട കാര്യമില്ല. സോളാര്‍ കേസില്‍ ഒരു കുറ്റവും ഉമ്മന്‍ ചാണ്ടി ചെയ്തിട്ടില്ല. ഗൂഢാലോചന നടത്തി ഉന്നയിച്ച ആരോപണങ്ങളാണ്. ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്നതിനു വേണ്ടിയാണു സിബിഐ അന്വേഷണത്തിന് വിട്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.
രാഷ്ട്രീയ വേട്ടയാടലിന് വിധേയനായ ആളാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനും അവഹേളിക്കാനും ഗൂഢാലോചന നടത്തിയവര്‍ ആരാണ്?. ഒരു പുരുഷായുസ് മുഴുവന്‍ അദ്ദേഹത്തെ വേട്ടയാടിയിട്ടുണ്ടെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
ആരോപണ വിധേയയായ സ്ത്രീയില്‍ നിന്ന് പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണത്തിന് വിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ജീവിത സായാഹ്നത്തില്‍ ഉമ്മന്‍ ചാണ്ടിയെ പുകമറയില്‍ നിര്‍ത്താനാണ് ശ്രമിച്ചത്. കാലം നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കും. നമുക്ക് കാത്തിരുന്ന് കാണാം. എത്ര കുളിച്ചാലും അത് ദേഹത്തില്‍ നിന്നും പോകില്ല. ഇതൊന്നും പറയണമെന്ന് വിചാരിച്ചില്ല. ഇ പി പറയിപ്പിച്ചതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രിയില്ലെന്ന് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സിപിഐഎം ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയിട്ടില്ലെന്ന് ഇപി ഇന്ന് വിശദീകരിച്ചിരുന്നു. വിഷയം നോക്കി നിലപാട് സ്വീകരിക്കുകയാണ് ചെയ്തതെന്നാണ് സോളാര്‍ കേസ് പരാമര്‍ശിച്ച് ഇ പി പ്രതികരിച്ചത്. ഏറ്റവും വേട്ടയാടപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്നെ കൊല്ലാന്‍ ശ്രമിച്ച അത്ര വലിയ വേട്ടയാടലൊന്നും ഇവിടെ നടന്നിട്ടില്ലെന്നും ഇ പി പറഞ്ഞിരുന്നു.