തിരുവനന്തപുരം: പി ജയരാജന്‍റെ മോർച്ചറി പ്രയോഗത്തിൽ വിരുദ്ധാഭിപ്രായവുമായി എം വി ഗോവിന്ദനും ഇ പി ജയരാജനും. പ്രകോപനം പാർട്ടി നയമല്ലെന്ന് വ്യക്തമാക്കി ഗോവിന്ദൻ ജയരാജനെ തള്ളിയപ്പോൾ, പ്രയോഗം പ്രാസഭംഗിയെന്ന് വിശദീകരിച്ച് പിന്തുണയ്ക്കുകയാണ് ഇ പി ജയരാജന്‍. എ എൻ ഷംസീറിനെ വർഗീയമായി വിമർശിച്ചും കൈവെട്ട് ഭീഷണി ഉയർത്തിയും സംഘപരിവാർ കടന്നാക്രമിച്ചപ്പോൾ എതിരിട്ടത് പി. ജയരാജനാണ്. സംഘപരിവാറിന്‍റെ വിദ്വേഷ പ്രചാരണത്തിന് പരസ്യമറുപടി പറയാതെ അവഗണിച്ചുവിടുകയായിരുന്നു സിപിഎം. അവിടെയാണ് പി. ജയരാജൻ വെല്ലുവിളിച്ചെത്തിയത്. മോർച്ചറി പ്രസംഗം ബിജിഎമ്മോടെ അണികളുടെ സ്റ്റാറ്റസായി. ഇടവേളക്ക് ശേഷം സിപിഎം സൈബറിടത്തിൽ പി.ജയരാജൻ നിറഞ്ഞു. പറഞ്ഞതിൽ പിജെ ഉറച്ചു നിന്നും. പരസ്യ പിന്തുണ പക്ഷേ നേതാക്കളിൽ നിന്നുണ്ടായില്ല. എന്നാൽ ഇപി ജയരാജൻ ഭാഷാഭംഗിയിൽ പിടിച്ച് പി. ജയരാജനൊപ്പം നിന്നു. പാർട്ടി സെക്രട്ടറി പ്രാസഭംഗി നോക്കിയില്ല. പ്രകോപന പ്രസംഗത്തെ തള്ളി.
സെക്രട്ടറിയുടെ അഭിപ്രായം അദ്ദേഹത്തിന്‍റെതേന്ന് പറഞ്ഞ് ഇപി, പി ജയരാജനുളള പിന്തുണ പിന്നീടും ആവർത്തിച്ചു. കൊലവിളിക്കൊപ്പമില്ലെന്ന് പാർട്ടി സെക്രട്ടറി പറയുന്നു. അതിലെ ഭാഷാചാതുര്യം മുന്നണി കൺവീനർ കാണുന്നു. അകൽച്ചയുടെ കാലത്തെന്ന് കരുതിയ നേതാക്കൾ ഒരു പ്രസംഗത്തിൽ ഒന്നിക്കുന്നു. അകറ്റിനിർത്തിയ നേതാവിന് അണികൾക്കിടയിൽ ഇടം കിട്ടുന്നു. മോർച്ചറി പ്രയോഗത്തിന്‍റെ ബാക്കിയിതാണ് ഇതുവരെ സിപിഎമ്മിൽ.