മനാമ : ബലൂണുകളും കളിപ്പാട്ടങ്ങളുമായി ചുറ്റിത്തിരിയുന്ന കുട്ടികൾ, ഐസ്ക്രീമും സ്നാക്കുകളും നുണഞ്ഞ്, കൂട്ടുകാർക്കൊപ്പം വർത്തമാനങ്ങളും വിശേഷങ്ങളും പറഞ്ഞ് കൗമാരക്കാർ. ഒരു വശത്ത് സെൽഫി എടുക്കുന്നവരുടെ തിരക്ക്. ഇതിനെല്ലാം പിന്നണിയായി ഉത്സവപ്പറമ്പിലെ ആരവങ്ങളും. ഇത് നാട്ടിലെ ഉത്സവപ്പറമ്പിലെ വിശേഷങ്ങളല്ല, ബഹ്റൈൻ ഇസാ ടൗൺ ‘ഡിസംബർ 16’ അവന്യുവിലെ ദേശീയ ദിനാഘോഷ ചന്തയിലെ വിശേഷങ്ങളാണ്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഏറ്റവും വലിയ ദീപാലങ്കാരങ്ങൾ വർഷം തോറും ഒരുക്കുന്നത് കൊണ്ട് തന്നെ ഇന്ത്യൻ സ്‌കൂളിന് സമീപത്തെ ഈ അവന്യു ഡിസംബർ 16 എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്. ഈ അവന്യുവിൽ ഇനി ദേശീയ ദിന ആഘോഷങ്ങൾ അവസാനിക്കുന്നത് വരെയും സന്ദർശകരുടെ തിരക്കായിരിക്കും.
നാട്ടിലെ ഉത്സവ ചന്തകൾ ഓർമിക്കുന്ന തരത്തിലുള്ള ചന്തയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈൻ സ്വദേശികളും ഇന്ത്യക്കാരുമടക്കം വലിയ ഒരു കച്ചവട സമൂഹമാണ് ഈ ചന്തയിൽ വിൽപ്പനയ്ക്കായി എത്തിയിട്ടുള്ളത്. ഇതിൽ കൂടുതലും മലയാളികളാണ്. കുട്ടികളെ ആകർഷിക്കുന്ന പലതരത്തിലുള്ള കളിപ്പാട്ടങ്ങൾ മുതൽ റെഡിമെയ്‌ഡ് വസ്ത്രങ്ങളും തണുപ്പിന് ഉപയോഗിക്കുന്ന കമ്പിളി വസ്ത്രങ്ങൾ വരെയുള്ളവയുടെ വിൽപ്പനയാണ് പ്രത്യേകം ഒരുക്കിയ സ്റ്റാളുകളിൽ നടക്കുന്നത്. അവന്യുവിൽ ദീപാലങ്കാരങ്ങൾ കാണാൻ എത്തുന്നവരെ ലക്ഷ്യമിട്ടാണ് ഈ താൽക്കാലിക മാർക്കറ്റ് ആരംഭിച്ചതാണെങ്കിലും ഇപ്പോൾ ഈ ഉത്സവ വിപണി ആസ്വദിക്കാനും ആളുകൾ എത്തുന്നുണ്ട്. വിവിധ തരത്തിലുള്ള ലഘുഭക്ഷണങ്ങൾ തത്സമയ പാചകത്തിലൂടെ വില്പന നടത്തുന്നതിലും ആവശ്യക്കാർ ഏറെയാണ്. തണുപ്പ് ആരംഭിച്ചതോടെ പാചക സ്റ്റാളുകളിൽ നിന്നുള്ള ചെറിയ ചൂടേറ്റ് നിൽക്കാനും ആളുകൾ തിക്കിതിരക്കുന്നുണ്ട്.