ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ വിശ്വാസികളുടെ പ്രതിഷേധം; മെത്രാപ്പോലീത്ത മുങ്ങിയെന്ന് വിശ്വാസികള്‍
റാന്നിയിലെ അരമനയ്ക്ക് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഇന്ന് നടക്കാനിരുന്ന ഭദ്രാസന കൗൺസിൽ യോഗം മാറ്റി.
പത്തനംതിട്ട: നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിൽ പരസ്യപ്രതിഷേധുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ. റാന്നിയിലെ അരമനയ്ക്ക് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഇന്ന് നടക്കാനിരുന്ന ഭദ്രാസന കൗൺസിൽ യോഗം മാറ്റി. മറുപടി നൽകാനില്ലാത്തതിനാൽ മെത്രാപ്പോലീത്ത മുങ്ങിയെന്നാണ് വിശ്വാസികൾ പറയുന്നത്.
റാന്നി ഇട്ടിയപ്പാറയിലെ ഓർത്തഡോക്സ് സഭാ നിലയ്ക്കൽ ഭദ്രാസനത്തിന് മുന്നിലാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് വൈദികരടക്കം വിശ്വാസികൾ പറയുന്നു. ഭദ്രാസന കൗൺസിൽ യോഗം ഇന്ന് ചേരുമെന്ന് അറിയിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് യോഗം മാറ്റിവെച്ച് ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപൊലീത്ത മുങ്ങിയെന്നാണ് ആക്ഷേപം.
ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ക്രിമിനൽ കേസുകളിൽ അടക്കം ഉടൻ പ്രതിയാകും. അതിനെ പ്രതിരോധിക്കാൻ കൂടിയാണ് ബിജെപിയിൽ പ്രവേശനമെന്നാണ് ആരോപണം. ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ സഭാ അധ്യക്ഷന് പരാതി നൽകി. നടപടി വന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം.