മാലി: ദിവസങ്ങള്‍ക്കുള്ളില്‍ മാലിദ്വീപിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചൈനീസ് ഗവേഷണ കപ്പലുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ വെബ്‌സൈറ്റിലേക്ക് പ്രവേശനം തടഞ്ഞ് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം. ദ്വീപ് രാഷ്ട്രത്തിന്റെ പ്രസിഡന്റായി മുഹമ്മദ് മുയിസു തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇന്ത്യ- മാലദ്വീപ് നയതന്ത്രബന്ധം എക്കാലത്തെയും മോശമായ നിലയിലാണുള്ളത്.
ഫെബ്രുവരി എട്ടിന് മാലിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചൈനീസ് കപ്പലിന്റെ നീക്കങ്ങള്‍ ന്യൂഡല്‍ഹി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 3 നിലവില്‍ ഇന്തോനേഷ്യയുടെ തീരത്താണുള്ളത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് കപ്പല്‍ സമുദ്ര സര്‍വേ ഓപ്പറേഷന്‍ നടത്തുമെന്നാണ്് പ്രതീക്ഷിക്കുന്നത്.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈന സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചൈനീസ് കപ്പല്‍ എത്തുന്നത്. പ്രാദേശിക, ആഗോള തലങ്ങളില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള സഹകരണം ശക്തമാക്കാന്‍ മാലദ്വീപും ചൈനയും തമ്മില്‍ കരാറിലെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യയുമായുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടയിലാണ് മുഹമ്മദ് മുയിസു ചൈന സന്ദര്‍ശിച്ചത്.
മാലദ്വീപും ചൈനയും സമഗ്രവും തന്ത്രപരവുമായ സഹകരണ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള കര്‍മപദ്ധതിയില്‍ ഒപ്പുവച്ചു. ജനങ്ങളുടെ ഉപജീവനത്തിനുള്ള സഹായവും കരാറിലുണ്ട്.
ചൈനയുടെ സിയാങ് യാങ് ഹോങ് 3 കപ്പല്‍
ചാരക്കപ്പലാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടിനെ കുറിച്ച് പഠിക്കാനുള്ള ഗവേഷണ വാഹനമാണിതെന്നാണ് ചൈന പറയുന്നത്.
സിയാങ് യാങ് ഹോങ് 3 പ്രകൃതി ദുരന്തങ്ങളുടെ സാധ്യതയെക്കുറിച്ചുള്ള ഡാറ്റ നല്‍കുകയും അവ ലഘൂകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായതോടെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുമായുള്ള ഇന്ത്യയുടെ പോരാട്ടം ശക്തമാകും. ചൈനീസ് കപ്പലുകള്‍ ശ്രീലങ്ക, പാകിസ്ഥാന്‍, ജിബൂട്ടി എന്നിവിടങ്ങളില്‍ നേരത്തെ സ്ഥാനം പിടിച്ചിരിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആധിപത്യത്തിന് ഇന്ത്യയെ വലയം ചെയ്യുന്ന ചൈനയുടെ ‘സ്ട്രിംഗ് ഓഫ് പേള്‍സ്’ തന്ത്രത്തില്‍ മാലിദ്വീപ് തികച്ചും അനുയോജ്യമായ പ്രദേശമായാണ് അവര്‍ കണക്കു കൂട്ടുന്നത്.