ന്യൂഡൽഹി: 2022 മുതൽ ഇതുവരെ 202 ഇന്ത്യൻ പൗരന്മാർ റഷ്യൻ സായുധ സേനയിൽ ചേർന്നതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. ഇവരിൽ 26 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായും ഏഴ് പേരെ കാണാതായതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ, കോൺഗ്രസ് എംപി രൺദീപ് സിംങ് സുർജേവാല എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംങാണ് ഈ വിവരങ്ങൾ രാജ്യസഭയിൽ പങ്കുവെച്ചത്. ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളെത്തുടർന്ന് 119 പേരെ മടക്കി കൊണ്ട് വന്നതായും 50 പേർ ഇനിയും റഷ്യൻ സൈന്യത്തിൽ നിന്ന് മോചിതരാകാനുണ്ടെന്നും പാർലമെന്‍റിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കൊല്ലപ്പെട്ട 26 ഇന്ത്യക്കാരിൽ 10 പേരുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചിരുന്നു. രണ്ട് പേരുടെ സംസ്കാരം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ റഷ്യയിൽ തന്നെയാണ് നടത്തിയത്. മരിച്ചവരുടെയും കാണാതായവരുടെയും തിരിച്ചറിയൽ രേഖകൾ ഉറപ്പാക്കുന്നതിനായി 18 കുടുംബാംഗങ്ങളുടെ ഡി.എൻ.എ സാമ്പിളുകൾ റഷ്യൻ അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റഷ്യൻ സൈന്യത്തിൽ നിർബന്ധപൂർവമോ നിയമവിരുദ്ധമായോ ചേർക്കപ്പെട്ട ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ എത്രയും വേഗം നാട്ടിലെത്തിക്കാനും കേന്ദ്ര സർക്കാർ നിരന്തരമായി റഷ്യയുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങ് രാജ്യസഭയിൽ വ്യക്തമാക്കി.



